---
title: "അയോദ്ധ്യ ഫണ്ട് വെട്ടിപ്പ്: 'സംഘപരിവാർ രാഷ്ട്രീയത്തിന്റെ തനിനിറം പുറത്ത്,' പ്രധാനമന്ത്രി മറുപടി പറയണമെന്ന് പിണറായി വിജയൻ"
english_title: "Pinarayi Vijayan's response to the Ayodhya scam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368993/Pinarayi-Vijayan's-response-to-the-Ayodhya-scam"
published_at: "2026-06-28T12:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40cbaeae98d_12.jpg"
keywords: ["Latest News", "Ayodhya Scam", "Pinarayi Vijayan's Response"]
---

# അയോദ്ധ്യ ഫണ്ട് വെട്ടിപ്പ്: 'സംഘപരിവാർ രാഷ്ട്രീയത്തിന്റെ തനിനിറം പുറത്ത്,' പ്രധാനമന്ത്രി മറുപടി പറയണമെന്ന് പിണറായി വിജയൻ

> **Lead Summary:** **തിരുവനന്തപുരം: [ **അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ഭക്തരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ശേഖരിച്ച സംഭാവനയിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നെന്ന വാർത്തകളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. പുറത്തുവരുന്ന വിവരങ്ങൾ അങ്ങേയറ്റം ഗൗരവകരമാണെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**തിരുവനന്തപുരം: [ **അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ഭക്തരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ശേഖരിച്ച സംഭാവനയിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നെന്ന വാർത്തകളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. പുറത്തുവരുന്ന വിവരങ്ങൾ അങ്ങേയറ്റം ഗൗരവകരമാണെന്ന് അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് നേതൃത്വം നൽകിയ പ്രധാനമന്ത്രി ഈ വിഷയത്തിൽ മൗനം വെടിഞ്ഞ് മറുപടി പറയാൻ ബാധ്യസ്ഥനാണെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അയോദ്ധ്യ ക്ഷേത്ര ഫണ്ട് വെട്ടിപ്പ് സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടകളുടെ തനിനിറം വെളിപ്പെടുത്തുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

*പ്രതിപക്ഷ നേതാവിന്റെ പ്രതികരണം:*

*'അയോദ്ധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ഭക്തരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച സംഭാവനകളിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പുറത്തുവരുന്ന വാർത്തകൾ അതീവ ഗൗരവമുള്ളതാണ്. *

*ജനങ്ങളുടെ ​വിശ്വാസത്തെയും വൈകാരികതയേയും രാഷ്ട്രീയ നേട്ടങ്ങൾക്കായി ചൂഷണം ചെയ്തവർ അതിന്റെ മറവിൽ സംഘടിത സാമ്പത്തിക തട്ടിപ്പ് കൂടി നടത്തിയതായാണ് മനസ്സിലാക്കേണ്ടത്. സംഘപരിവാർ സംഘടനകളുടെ ഉന്നതങ്ങളിൽ ബന്ധമുള്ളവരാണ് ട്രസ്റ്റിമാർ.*

*അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്കുൾപ്പെടെ കാർമ്മികത്വം വഹിച്ച പ്രധാനമന്ത്രി ഈ വിഷയത്തിൽ പ്രതികരിക്കാൻ ബാധ്യസ്ഥനാണ്. പാർലമെന്റിന്റെ മേശപ്പുറത്തുവെച്ച ഉത്തരവിലൂടെ കേന്ദ്ര സർക്കാർ രൂപീകരിച്ച ട്രസ്റ്റാണ് ഇപ്പോൾ സംശയത്തിന്റെ നിഴലിലായിരിക്കുന്നത്. *

*ജനങ്ങളുടെ ഭക്തിയെ ചൂഷണം ചെയ്ത് ശേഖരിച്ച പണം എങ്ങോട്ടാണ് പോയതെന്ന് വ്യക്തമാക്കാൻ ട്രസ്റ്റിനും അതിന് നേതൃത്വം നൽകുന്നവർക്കും ബാധ്യതയുണ്ട്.സംഘപരിവാർ രാഷ്ട്രീയത്തിന്റെ തനിനിറം വ്യക്തമാക്കുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അയോദ്ധ്യ ക്ഷേത്ര ഫണ്ട് വെട്ടിപ്പ്. *

*ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിഷ്പക്ഷമായ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം.'- പ്രതിപക്ഷ നേതാവ് പിണറായി വിജയൻ*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368993/Pinarayi-Vijayan's-response-to-the-Ayodhya-scam)