---
title: "'തൈലം ഇട്ട് തടവാമെന്ന് അതുലിന്റെ അമ്മ'; മർദ്ദനമേറ്റ പരിക്കുകളുടെ ചിത്രങ്ങൾ സഹിതം അമ്മയ്ക്ക് അയച്ചു; ആരതിയുടെ വാട്‌സാപ്പ് ചാറ്റ് പുറത്ത് "
english_title: "Arathi's message to her mother with pictures of injuries from beating; WhatsApp chat leaked"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368984/arathis-message-to-her-mother-with-pictures-of-injuries-from-beating-whatsapp-chat-leaked"
published_at: "2026-06-28T12:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40c236c7601_arathi_chat.jpg"
keywords: ["Arathi Attukal suicide WhatsApp chat", "Attukal woman death", "domestic violence", "Arathi Amma WhatsApp chat"]
---

# 'തൈലം ഇട്ട് തടവാമെന്ന് അതുലിന്റെ അമ്മ'; മർദ്ദനമേറ്റ പരിക്കുകളുടെ ചിത്രങ്ങൾ സഹിതം അമ്മയ്ക്ക് അയച്ചു; ആരതിയുടെ വാട്‌സാപ്പ് ചാറ്റ് പുറത്ത് 

> **Lead Summary:** **തിരുവനന്തപുരം: ** തിരുവനന്തപുരം ആറ്റുകാലില്‍ യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ ആരതിയും അമ്മയും തമ്മിലുള്ള വാട്സപ്പ് ചാറ്റ് പുറത്ത് .

## Article Content

**തിരുവനന്തപുരം: ** തിരുവനന്തപുരം ആറ്റുകാലില്‍ യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ ആരതിയും അമ്മയും തമ്മിലുള്ള വാട്സപ്പ് ചാറ്റ് പുറത്ത് .

ചാറ്റില്‍ മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങള്‍ അമ്മയ്ക്ക് അയച്ചതായി കാണാം. മുഖത്തും കൈയിലും ദേഹത്തും മുറിവുകള്‍ പറ്റിയ ചിത്രങ്ങളാണിവ. മാര്‍ച്ച് 17-ന് സംസാരിച്ചതിന്റെ ചാറ്റുകളാണ് പുറത്ത് വന്നത്.

അച്ഛനും ചിത്രങ്ങള്‍ അയച്ചുകൊടുത്തിട്ടുണ്ടെന്നും അച്ഛന്‍ കാണട്ടെ എന്നും ആരതി ചാറ്റില്‍ പറയുന്നു. പരിക്കുകള്‍ ആശുപത്രിയില്‍ കാണിക്കണമെന്ന് അമ്മ ആരതിയോട് പറയുന്നു. അതുലിന്റെ അമ്മ തൈലം ഇട്ട് തടവി തരാമെന്ന് പറഞ്ഞതായും അതുല്‍ ആശുപത്രിയില്‍ കൊണ്ടുപോകില്ലെന്നും ആരതി പറയുന്നുണ്ട്.

ആവശ്യമില്ലാതെ ഒന്നും സംസാരിക്കരുതെന്നും ഒന്നിനും പോകരുതെന്നുമാണ് മറുപടി നല്‍കിയിരിക്കുന്നത്. ഒന്നരവര്‍ഷം മുന്‍പായിരുന്നു ആരതിയുടെയും അതുലിന്റെയും വിവാഹം. ഇരുവരും വര്‍ക്കലയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. വര്‍ക്കലയിലെ വാടകവീട്ടിലാണ് ആരതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവാഹം കഴിഞ്ഞ് മൂന്നാംമാസം മുതല്‍ ആരതി ഭര്‍തൃപീഡനം നേരിട്ടിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങള്‍ ആരതി അമ്മയ്ക്ക് അയച്ചുനല്‍കിയിരുന്നു. അന്‍പത് പവന്‍ സ്വര്‍ണം വിവാഹ സമയത്ത് കുടുംബം ആരതിക്ക് നല്‍കിയിരുന്നു.

അതുല്‍ പലഘട്ടത്തിലായി ഇത് പണയം വെയ്ക്കുകയും ഏറ്റവും ഒടുവില്‍ എട്ട് ലക്ഷം രൂപയ്ക്ക് സ്വര്‍ണം വില്‍ക്കുകയും കാര്‍ വാങ്ങുകയും ചെയ്തിരുന്നു. ഇതെല്ലാം ഇരുവരും തമ്മിലുള്ള വഴക്കിന് കാരണമായിരുന്നു. പിന്നീടും പണം ആവശ്യപ്പെട്ട് അതുല്‍ ആരതിയെ ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നുണ്ട്.

ദീർഘനാളായി പെൺകുട്ടി കടുത്ത പീഡനം നേരിട്ടിരുന്നതായാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. മർദ്ദനത്തിന്റെ വിവരങ്ങൾ പലരോടും പങ്കുവെച്ചിരുന്നെങ്കിലും തന്റെ വിഷമം കേൾക്കാൻ ആരും ഉണ്ടായിരുന്നില്ലെന്നും കുറിപ്പിൽ പറയുന്നു.

അമ്മയ്ക്ക് എല്ലാകാര്യങ്ങളും അറിയാമായിരുന്നു. തന്റെ സ്വർണ്ണം പല ആവശ്യങ്ങൾക്കായി ഭർത്താവ് അതുലിന് നൽകിയിരുന്നു. അതുലുമായി ഇനിയും മുന്നോട്ടുപോകാൻ കഴിയില്ല. മറ്റുവഴിയില്ലാത്തതിനാൽ ജീവനൊടുക്കുന്നുവെന്നാണ് ആരതിയുടെ കുറിപ്പ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368984/arathis-message-to-her-mother-with-pictures-of-injuries-from-beating-whatsapp-chat-leaked)