---
title: "'മകളെ നഷ്ടമായി, മറ്റൊരു കുട്ടിയുടെ ഭാവി കൂടി ഇനി തകരാൻ പാടില്ല, താൻ ഗൾഫിൽ നിന്ന് വന്നിട്ട് മകളെ തിരികെ കൊണ്ടുവരാൻ ഇരുന്നതാണ്' - ആരതിയുടെ അച്ഛൻ"
english_title: "Family members react to the incident in which a woman committed suicide after being tortured by her husband in Attukal."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368962/family-members-react-to-the-incident-in-which-a-woman-committed-suicide-after-being-tortured-by-her-husband-in-attukal"
published_at: "2026-06-28T10:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a409e7c08f5a_arathi_suicide.jpg"
keywords: ["Aarthi's suicide in Attukal", "Husband's torture", "Attukal woman death", "Dowry torture/harassment", "Thiruvananthapuram news"]
---

# 'മകളെ നഷ്ടമായി, മറ്റൊരു കുട്ടിയുടെ ഭാവി കൂടി ഇനി തകരാൻ പാടില്ല, താൻ ഗൾഫിൽ നിന്ന് വന്നിട്ട് മകളെ തിരികെ കൊണ്ടുവരാൻ ഇരുന്നതാണ്' - ആരതിയുടെ അച്ഛൻ

> **Lead Summary:** **തിരുവനന്തപുരം: **ആറ്റുകാലിൽ ഭർത്താവിന്റെ പീഡനത്തെത്തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി കുടുംബാംഗങ്ങൾ. ഭർത്താവ് അതുലിന്റെ നിരന്തരമായ മർദ്ദനവും മാനസിക പീഡനവും മകൾ അനുഭവിച്ചിരുന്നുവെന്നും, വിവാഹം കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ തന്നെ കുടുംബപ്രശ്നങ്ങൾ തുടങ്ങിയിരുന്നുവെന്നും ആരതിയുടെ മാതാപിതാക്കൾ വെളിപ്പെടുത്തി.

## Article Content

**തിരുവനന്തപുരം: **ആറ്റുകാലിൽ ഭർത്താവിന്റെ പീഡനത്തെത്തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി കുടുംബാംഗങ്ങൾ. ഭർത്താവ് അതുലിന്റെ നിരന്തരമായ മർദ്ദനവും മാനസിക പീഡനവും മകൾ അനുഭവിച്ചിരുന്നുവെന്നും, വിവാഹം കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ തന്നെ കുടുംബപ്രശ്നങ്ങൾ തുടങ്ങിയിരുന്നുവെന്നും ആരതിയുടെ മാതാപിതാക്കൾ വെളിപ്പെടുത്തി.

സംഭവം നടന്ന ദിവസം മകളെ തിരികെ വീട്ടിൽ കൊണ്ടാക്കാൻ അതുലിനോട് ആവശ്യപ്പെട്ടതായി ആരതിയുടെ അച്ഛൻ ബൈജു പറഞ്ഞു. പല പ്രശ്നങ്ങളും ആരതി വീട്ടിൽ പറഞ്ഞിട്ടില്ല. താൻ ഗൾഫിൽ നിന്ന് വന്നിട്ട് മകളെ തിരികെ കൊണ്ടുവരാൻ ഇരുന്നതാണ്.

അതുലും മകളും പലതവണ കൗൺസിലിങ്ങിന് പോയിരുന്നുവെന്നും അതുലും മറ്റൊരു പെൺകുട്ടിയുമായുള്ള ചിത്രങ്ങളെചൊല്ലി ഇരുവർക്കും ഇടയിൽ വഴക്കുണ്ടായിരുന്നുവെന്നും അച്ഛൻ പറഞ്ഞു. ബന്ധം വേർപ്പെടുത്തണമെന്ന് ആരതി ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതുൽ ആരതിയെ മർദ്ദിക്കുന്നത് അതുലിന്റെ വീട്ടുകാർക്കും അറിയാമായിരുന്നെന്ന് ആരതിയുടെ അമ്മ ജിനു പറഞ്ഞു. വീട്ടുകാരെ മർദ്ദന വിവരം അറിയിച്ചതാണ്. പക്ഷേ ഇടപെട്ടില്ല. കല്യാണം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോൾ തന്നെ പ്രശ്നങ്ങൾ തുടങ്ങി.

പ്രശ്നങ്ങൾ കാരണം ആരതി ഇതിനു മുൻപ് വീട്ടിൽ വന്നു നിന്നിട്ടുണ്ട്. പക്ഷേ അതുലിനോടുള്ള സ്നേഹം കാരണം ആരതി തിരികെ പോയതാണെന്നും അമ്മ പറഞ്ഞു. സംഭവദിവസം മകളോട് വീട്ടിൽ വരാൻ ആവശ്യപ്പെട്ടതാണ്. പക്ഷേ ആരതി വീട്ടിലേക്ക് വരാൻ കൂട്ടാക്കിയില്ല.

അതുലിന് ഒരുപാട് കടങ്ങൾ ഉണ്ടായിരുന്നതായും ആരതിയുടെ ബാക്കിയുള്ള സ്വർണം അതുൽ ആവശ്യപ്പെട്ടിരുന്നുവെന്നും അമ്മ പറഞ്ഞു. അതേ ചൊല്ലിയും ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മകളെ നഷ്ടമായി, മറ്റൊരു കുട്ടിയുടെ ഭാവി കൂടി ഇനി തകരാൻ പാടില്ല. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ആരതിയുടെ അമ്മ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368962/family-members-react-to-the-incident-in-which-a-woman-committed-suicide-after-being-tortured-by-her-husband-in-attukal)