---
title: "യാത്രക്കാർ കുറഞ്ഞു, ഇനി റോഡിൽ ഞങ്ങളില്ല ....: കാസർ​ഗോഡ് സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെക്കാൻ തുടങ്ങി "
english_title: "Kasaragod private buses have started suspending their services by issuing G forms."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368953/kasaragod-private-buses-have-started-suspending-their-services-by-issuing-g-forms"
published_at: "2026-06-28T09:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a3c58f3904_bus.jpg"
keywords: ["Private buses in Kasaragod", "BusServices", "G forms"]
---

# യാത്രക്കാർ കുറഞ്ഞു, ഇനി റോഡിൽ ഞങ്ങളില്ല ....: കാസർ​ഗോഡ് സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെക്കാൻ തുടങ്ങി 

> **Lead Summary:** **കാസർ​ഗോഡ് : **കാസർ​ഗോഡ് സ്വകാര്യ ബസുകൾ ജി ഫോം നൽകി സർവീസ് നിർത്തിവെക്കാൻ തുടങ്ങി. കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യ യാത്രയെ തുടർന്ന് വൻ നഷ്ടത്തിലായതോടെയാണ് സർവീസ് അവസാനിപ്പിക്കാനുള്ള തീരുമാനം. ആദ്യ ഘട്ടത്തിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തും.

## Article Content

**കാസർ​ഗോഡ് : **കാസർ​ഗോഡ് സ്വകാര്യ ബസുകൾ ജി ഫോം നൽകി സർവീസ് നിർത്തിവെക്കാൻ തുടങ്ങി. കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യ യാത്രയെ തുടർന്ന് വൻ നഷ്ടത്തിലായതോടെയാണ് സർവീസ് അവസാനിപ്പിക്കാനുള്ള തീരുമാനം. ആദ്യ ഘട്ടത്തിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തും.

ഡീസലടിക്കുന്നതിനും തൊഴിലാളികൾക്ക് കൂലി നൽകുന്നതിനും പോലും വരുമാനം ലഭിക്കുന്നില്ല എന്നാണ് ബസുടമകളുടെ പരാതി. മൂന്ന് മാസ ടാക്സ് കാലാവധി ജൂൺ മാസം അവസാനിക്കുന്ന ബസുകൾ ജി ഫോം നൽകി സർവീസ് അവസാനിപ്പിക്കും. ആദ്യ ഘട്ടത്തിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് കെ ഗിരീഷ് പറഞ്ഞു.

ബസ് സർവീസ് നഷ്ടത്തിലായതോടെ വർഷങ്ങളായി ബസ്സുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജീവിതവും പ്രതിസന്ധിയിലാവുകയാണ്. കാഞ്ഞങ്ങാട് – കളനാട്, കാസർ​ഗോഡ് – തലപ്പാടി, മുള്ളേരിയ- കാസർഗോഡ്, നീലേശ്വരം – പയ്യന്നൂർ, ബന്തടുക്ക – കാസർഗോഡ്, പാണത്തൂർ – കാഞ്ഞങ്ങാട്, പുത്തൂർ – കാസർഗോഡ് റൂട്ടുകളിൽ വലിയ നഷ്ടത്തിലാണ് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്. കാസർ​ഗോഡ് ജില്ലയിൽ നിലവിൽ 450 സ്വകാര്യ ബസുകളാണ് സർവ്വീസ് നടത്തുന്നത്. ഇതിൽ പകുതിയോളം ബസുകൾ ടാക്സ് കാലാവധി കഴിയുന്നതോടെ സർവീസ് അവസാനിപ്പിക്കും.

അതേസമയം വയനാട്ടിലെ സ്വകാര്യ ബസ് മേഖലയും കോഴിക്കോട് ജില്ലയിലെ സ്വകാര്യ ബസ് മേഖലയും  വലിയ പ്രതിസന്ധിയിൽ. നഷ്ടം സഹിക്കാനാവാതെ ജില്ലയിലെ സ്വകാര്യ ബസ് സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കാൻ ബസുടമകളുടെ സംഘടന തീരുമാനിച്ചു.

വയനാട്ടിൽ ജൂലൈ 1 മുതൽ ജിഫോം നൽകി സ്വകാര്യബസുകൾ സർവീസ് നിർത്തി വെക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര സ്വകാര്യ ബസ് മേഖലയിൽ കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് സ്വകാര്യ ബസ് ഉടമകൾ പറഞ്ഞു. 400 ബസുകളാണ് വയനാട് സ്വകാര്യ മേഖലയിൽ ഉള്ളത്.

അതേസമയം ഓർഡിനറി ബസുകളിലെ പ്രിയദർശിനി സൗജന്യ യാത്രയെത്തുടർന്ന് പ്രതിസന്ധിയിലായി സ്വകാര്യ ബസ് മേഖല. ഇതിനുപിന്നാലെ സർവീസ് നിർത്താനൊരുങ്ങുകയാണ് കോഴിക്കോട് ജില്ലയിലെ സ്വകാര്യ ബസുകൾ.

ജൂലൈ മുതൽ ബസ് സർവീസ് നിർത്താൻ സ്റ്റോപ്പേജ് നൽകും. കെഎസ്ആർടിസി സൗജന്യയാത്രക്ക് പിന്നാലെ സ്വകാര്യ ബസുകൾ കനത്ത നഷ്ടത്തിലാണ് സർവീസ് നടത്തുന്നതെന്ന് ബസ് ഓപ്പറേറേറ്റേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി കെ രാധാകൃഷ്ണൻ പറഞ്ഞു.

ഡീസൽ വില വർദ്ധിപ്പിച്ചതിന് ഒപ്പമാണ് സർക്കാർ കെഎസ്ആർടിസി സൗജന്യയാത്രയും ആരംഭിച്ചത്. ഇതോടെ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത് കനത്ത നഷ്ട്ടത്തിലാണ് എന്നതാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ചൂണ്ടിക്കാണിക്കുന്നത്.

ജില്ലയിൽ 1500 ൽ അധികം ബസുകളാണ് സർവീസ് അവസാനിപ്പിക്കുക. ജൂലൈ മുതൽ സ്റ്റോപ്പേജ് നൽകുമെന്ന് ബസ് ഓപ്പറേറേറ്റേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി കെ രാധാകൃഷ്ണൻ പറഞ്ഞു.

പുതിയ സ്റ്റാൻ്റിൽ നിന്ന് സർവീസ് നടത്തുന്ന വയനാട് ജില്ലയിലേക്കുള്ള സർവീസ് മുതൽ കോഴിക്കോട്, കുറ്റ്യാടി, കുന്നമംഗലം, താമരശ്ശേരി, മുക്കം, മാവൂർ, വടകര കൊയിലാണ്ടി റൂട്ടുകളിലാണ് വലിയ നഷ്ട്ടം. നിരവധി തൊഴിലാളികൾക്ക് ജോലി നഷ്ട്ടപ്പെടുന്നതോടെ പല കുടുംബങ്ങളും പെരുവഴിയിലുമാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368953/kasaragod-private-buses-have-started-suspending-their-services-by-issuing-g-forms)