---
title: "കോഴിക്കോട് , കണ്ണൂർ ഉൾപ്പടെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകള്‍ക്കും മഴ മുന്നറിയിപ്പ്"
english_title: "Heavy rain likely in the state today, orange alert in four districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368926/heavy-rain-likely-in-the-state-today-orange-alert-in-four-districts"
published_at: "2026-06-28T07:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a311a955b9a4_Heavy_rain.jpg"
keywords: ["Latest News", "Kerala Heavy Rain", "Rain Alert", "Orange Alert", "Kozhikode", "Kannur", "Wayanad", "Kasargod"]
---

# കോഴിക്കോട് , കണ്ണൂർ ഉൾപ്പടെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകള്‍ക്കും മഴ മുന്നറിയിപ്പ്

> **Lead Summary:** **തിരുവന്തപുരം: **സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകള്‍ക്കും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥ വകുപ്പ്.

## Article Content

**തിരുവന്തപുരം: **സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകള്‍ക്കും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥ വകുപ്പ്.

നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ബാക്കി എല്ലാ ജില്ലകള്‍ക്കും യെല്ലോ അലേര്‍ട്ടുമാണ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകള്‍ക്കാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്.

ജൂൺ 29ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഈ ദിവസം കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണ്. അതിശക്തമായ മഴയെ തുടര്‍ന്ന് വടക്കന്‍ കേരളത്തിലും മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 30ന് മഴ കനക്കുമെന്ന് മുന്നറിയിപ്പുണ്ട്. മലയോര മേഖലയിലുളളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും പകല്‍ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണമെന്നും കാലാവസ്ഥ വകുപ്പ് നിർദേശം നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368926/heavy-rain-likely-in-the-state-today-orange-alert-in-four-districts)