---
title: "ഇറാന് നേരെ വീണ്ടും അമേരിക്ക ആക്രമണം; സുരക്ഷാ കരാറില്‍ ഒപ്പുവെച്ച് ഒരു ദിവസം തികയും മുന്‍പേ വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രയേല്‍"
english_title: "Tensions rise again in the Middle East, US attacks Iran again"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368923/tensions-rise-again-in-the-middle-east-us-attacks-iran-again"
published_at: "2026-06-28T07:00:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40794064682_iran.jpg"
keywords: ["Latest News", "US-Iran conflict", "Israel Lebanon Attack"]
---

# ഇറാന് നേരെ വീണ്ടും അമേരിക്ക ആക്രമണം; സുരക്ഷാ കരാറില്‍ ഒപ്പുവെച്ച് ഒരു ദിവസം തികയും മുന്‍പേ വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രയേല്‍

> **Lead Summary:** ** പ**ശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കടുക്കുന്നു. ഇറാന് നേരെ വീണ്ടും അമേരിക്ക ആക്രമണം നടത്തി. ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്ന പ്രദേശങ്ങളാണ് അമേരിക്ക ആക്രമിച്ചത്.

## Article Content

** പ**ശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കടുക്കുന്നു. ഇറാന് നേരെ വീണ്ടും അമേരിക്ക ആക്രമണം നടത്തി. ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്ന പ്രദേശങ്ങളാണ് അമേരിക്ക ആക്രമിച്ചത്.

തെക്കന്‍ ലെബനോണിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സുരക്ഷാ കരാറില്‍ ഒപ്പുവെച്ച് ഒരു ദിവസം തികയും മുന്‍പേയാണ് ലെബനോണിലേക്ക് ഇസ്രയേല്‍ ആക്രമണം നടത്തിയത്. 

തെക്കന്‍ ലെബനോണിലെ നബാത്തിയ മേഖലയിലാണ് സുരക്ഷ കരാറിലൊപ്പ് വെച്ച് ഒരു ദിവസം തികയും മുന്‍പെ വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണം നടത്തുന്നത്. നബാച്ചി അല്‍-ഫൗഖ പ്രദേശത്തെ ഫറാ അമ്യൂസ്‌മെന്റ് പാര്‍ക്ക് ജംഗ്ഷന് സമീപമാണ് ഇസ്രയേലിന്റെ ആക്രമണം.

പിന്നീട് പ്രദേശത്ത് കൂടുതല്‍ ആക്രമണങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാറിനെ തുടര്‍ന്ന് തെക്കന്‍ ലെബനോണിലെ രണ്ട് പ്രദേശങ്ങളില്‍ നിന്നും സൈന്യം പിന്മാറുമെന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന. സുരക്ഷാ കരാറിനെ ചരിത്രപരമെന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്.

എന്നാല്‍ കരാര്‍ അപമാനകരവും പരമാധികാരത്തിന്റെ കീഴടങ്ങലുമാണെന്നായിരുന്നു കരാറിനെ തള്ളി ഹിസ്ബുള്ളയുടെ പ്രസ്താവന. ഇതിനു പിന്നാലെയാണ് വീണ്ടും വെടിനിര്‍ത്തല്‍ ലംഘനമുണ്ടായത്.

ഇതിനിടെ ഇറാന് നേരെ അമേരിക്ക വീണ്ടും ആക്രമണം നടത്തി. ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്നുള്ള പ്രദേശത്താണ് യുഎസ് ആക്രമണം നടത്തിയത്. ഹോര്‍മുസ് കടലിടുക്കില്‍ ഒരു ടാങ്കറിന് നേരെ മിസൈല്‍ ആക്രമണമുണ്ടായതായി ബ്രിട്ടന്റെ സമുദ്ര സുരക്ഷാ ഏജന്‍സിയാണ് അറിയിച്ചത്.

കഴിഞ്ഞ ദിവസം എണ്ണക്കപ്പലിനെ ഇറാന്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് അമേരിക്കയുടെ തുടര്‍ ആക്രമണം. ഇറാന്റെ സൈനിക നിരീക്ഷണ സൗകര്യങ്ങള്‍, ആശയവിനിമയ സംവിധാനങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, ഡ്രോണ്‍ ശേഖരം, മൈന്‍ലെയര്‍ ശേഷികള്‍ എന്നിവ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്ന് യു എസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.

പാനമ പതാകയുള്ള എണ്ണക്കപ്പലായ എം ടി കിക്കു ഇറാന്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് അമേരിക്കന്‍ പ്രത്യാക്രമണമെന്നും സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. അതേസമയം കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളെക്കുറിച്ച് ഇറാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368923/tensions-rise-again-in-the-middle-east-us-attacks-iran-again)