---
title: "ആറ്റുകാലിലെ ആരതിയുടെ  ആത്മഹത്യ; സംസ്ഥാന വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു; അതുൽ കസ്റ്റഡിയിൽ"
english_title: "Arathi suicide in Attukal; State Women's Commission registers suo motu case; Athul in custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368865/arathi-suicide-in-attukal-state-womens-commission-registers-suo-motu-case-athul-in-custody-"
published_at: "2026-06-27T17:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3fba9e91488_dead.jpg"
keywords: ["Arathi suicide", "Attukal", "Women's Commission", "Custody"]
---

# ആറ്റുകാലിലെ ആരതിയുടെ  ആത്മഹത്യ; സംസ്ഥാന വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു; അതുൽ കസ്റ്റഡിയിൽ

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരം ആറ്റുകാലിൽ ഭർത്യവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരം ആറ്റുകാലിൽ ഭർത്യവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു.

ആറ്റുകാൽ സ്വദേശിനി ആരതി (27) ആണ് ആത്മഹത്യ ചെയ്തത്. ഭർത്താവിന്റെ ക്രൂരമായ ശാരീരിക പീഡനമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വസ്തുനിഷ്ഠമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടതായി അധ്യക്ഷ അഡ്വ. പി സതീദേവി അറിയിച്ചു

ഞായറാഴ്ചയായിരുന്നു ആരതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് അതുൽ ശാരീരികമായി ഉപദ്രവിച്ചതിന്റെ ചിത്രങ്ങൾ ആരതി പല തവണ തന്റെ അമ്മയ്ക്ക് വാട്സാപ്പിൽ അയച്ചു നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഭർത്താവ് വീട്ടിലുണ്ടായിരുന്ന സമയത്താണ് ആരതി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ പറയുന്നത്.

ആരതിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് അതുലിനെ ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

അതേസമയം ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ അതുൽ ആരതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ തുടങ്ങിയിരുന്നുവെന്നും  ബന്ധുക്കൾ ആരോപിക്കുന്നു.

വിവാഹസമയത്ത് നൽകിയ 50 പവൻ സ്വർണം അതുൽ പല ഘട്ടങ്ങളിലായി പണയം വെച്ചതും പണം ആവശ്യപ്പെട്ടുള്ള പീഡനവും കുടുംബപ്രശ്നങ്ങൾക്ക് കാരണമായി. കൂടാതെ, അതുലിന് മറ്റു ബന്ധങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞത് തർക്കങ്ങൾ രൂക്ഷമാക്കിയെന്നും ബന്ധുക്കൾ പറഞ്ഞു.അതുലിന്റെ മുൻ വിവാഹനിശ്ചയം മുടങ്ങിയതിനെ തുടർന്ന് മറ്റൊരു യുവതി നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. ഈ വിവരം ആരതിയുടെ കുടുംബത്തിന് അറിയാമായിരുന്നില്ല. ആറു മാസം മുൻപാണ് ഇവർ വാടകവീട്ടിലേക്ക് താമസം മാറിയത്.

*ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ സഹായം തേടാൻ മടിക്കരുത്. ദിശ ഹെൽപ്പ്‌ലൈൻ നമ്പർ: 1056, സ്നേഹ ഹെൽപ്പ്‌ലൈൻ: 044-24640050.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368865/arathi-suicide-in-attukal-state-womens-commission-registers-suo-motu-case-athul-in-custody-)