---
title: "വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ ക്രൂര മർദ്ദനം, തർക്കങ്ങൾ കാരണം അതുലിന്റെ മറ്റ് ബന്ധങ്ങൾ, 27-കാരിയുടെ ആത്മഹത്യക്ക് പിന്നിൽ ഭർത്താവിന്റെ ക്രൂരതയോ?, ആരോപണവുമായി ബന്ധുക്കൾ "
english_title: "Relatives allege husband's cruelty behind 27-year-old's suicide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368819/relatives-allege-husbands-cruelty-behind-27-year-olds-suicide"
published_at: "2026-06-27T15:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3fa021481e0_dead.jpg"
keywords: ["Suicide", "Young Woman", "Attukal", "Brutal Beating", "Allegations by relatives", "Arathideath"]
---

# വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ ക്രൂര മർദ്ദനം, തർക്കങ്ങൾ കാരണം അതുലിന്റെ മറ്റ് ബന്ധങ്ങൾ, 27-കാരിയുടെ ആത്മഹത്യക്ക് പിന്നിൽ ഭർത്താവിന്റെ ക്രൂരതയോ?, ആരോപണവുമായി ബന്ധുക്കൾ 

> **Lead Summary:** **തിരുവനന്തപുരം: ** ആറ്റുകാലിൽ ഭർതൃപീഡനത്തെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി പൊലീസ്. വർക്കല സ്വദേശിനി ആരതിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അതുലിനെതിരെ ബന്ധുക്കൾ പരാതി നൽകി.

## Article Content

**തിരുവനന്തപുരം: ** ആറ്റുകാലിൽ ഭർതൃപീഡനത്തെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി പൊലീസ്. വർക്കല സ്വദേശിനി ആരതിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അതുലിനെതിരെ ബന്ധുക്കൾ പരാതി നൽകി.

ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ അതുൽ ആരതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ തുടങ്ങിയിരുന്നുവെന്നും, ഇതിന്റെ ദൃശ്യങ്ങൾ ആരതി തന്നെ അമ്മയ്ക്ക് അയച്ചുനൽകിയിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

വിവാഹസമയത്ത് നൽകിയ 50 പവൻ സ്വർണം അതുൽ പല ഘട്ടങ്ങളിലായി പണയം വെച്ചതും പണം ആവശ്യപ്പെട്ടുള്ള പീഡനവും കുടുംബപ്രശ്നങ്ങൾക്ക് കാരണമായി. കൂടാതെ, അതുലിന് മറ്റു ബന്ധങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞത് തർക്കങ്ങൾ രൂക്ഷമാക്കിയെന്നും ബന്ധുക്കൾ പറഞ്ഞു.

ഇന്നലെ രാത്രി ഇവർ തമ്മിൽ കടുത്ത വഴക്കുണ്ടാകുകയും അതുൽ ആരതിയെ മർദ്ദിക്കുകയും ചെയ്തു. മർദ്ദനത്തിന് ശേഷം അതുൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ സമയത്താണ് ആരതി ജീവനൊടുക്കിയത്. അമ്മയുമായി ഫോണിൽ സംസാരിച്ചതിന് ശേഷമാണ് ആരതി കടുംകൈ ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു.

അതുലിന്റെ മുൻ വിവാഹനിശ്ചയം മുടങ്ങിയതിനെ തുടർന്ന് മറ്റൊരു യുവതി നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. ഈ വിവരം ആരതിയുടെ കുടുംബത്തിന് അറിയാമായിരുന്നില്ല. ആറു മാസം മുൻപാണ് ഇവർ വാടകവീട്ടിലേക്ക് താമസം മാറിയത്.

സംഭവത്തിൽ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ആരതിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ആരതിയുടെ ആത്മഹത്യാകുറിപ്പും ഡയറിയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോർട്ട് പൊലീസാണ് അന്വേഷണം ആരംഭിച്ചത് .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368819/relatives-allege-husbands-cruelty-behind-27-year-olds-suicide)