---
title: "ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി സിനിമ നിർമാതാവിനെ നിയമിച്ചു; തമിഴ്‌നാട്  മുഖ്യമന്ത്രി വിജയിക്കെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷം"
english_title: "Tamil Nadu Special Representative in Delhi, Venkat Narayanan appointment controversy, Jananayakan movie producer"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368814/tamil-nadu-special-representative-in-delhi-venkat-narayanan-appointment-controversy-jananayakan-movie-producer-"
published_at: "2026-06-27T15:18:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f9cfb0c6cf_Tamil_Nadu_Special_Representative_in_Delhi.jpg"
keywords: ["Latest News", "Tamil Nadu Politics", "CM Vijay", "Venkat Narayanan", "Delhi Special Representative"]
---

# ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി സിനിമ നിർമാതാവിനെ നിയമിച്ചു; തമിഴ്‌നാട്  മുഖ്യമന്ത്രി വിജയിക്കെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷം

> **Lead Summary:** ചെന്നൈ: തമിഴ്‌നാട് സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി കെ.വി.എൻ ഗ്രൂപ്പ് ചെയർമാനും ചലച്ചിത്ര നിർമാതാവുമായ കെ. വെങ്കട നാരായണനെ നിയമിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ അവസാന ചിത്രമായ ‘ജനനായകൻ’ നിർമിക്കുന്നത് വെങ്കട നാരായണനാണ്. രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത ബിസിനസ് രംഗത്തെ പ്രമുഖനായ ഒരാളെ ഈ സുപ്രധാന പദവിയിലേക്ക് തിരഞ്ഞെടുക്കുന്നത് ഇതാദ്യമായാണ്.

## Article Content

ചെന്നൈ: തമിഴ്‌നാട് സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി കെ.വി.എൻ ഗ്രൂപ്പ് ചെയർമാനും ചലച്ചിത്ര നിർമാതാവുമായ കെ. വെങ്കട നാരായണനെ നിയമിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ അവസാന ചിത്രമായ ‘ജനനായകൻ’ നിർമിക്കുന്നത് വെങ്കട നാരായണനാണ്. രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത ബിസിനസ് രംഗത്തെ പ്രമുഖനായ ഒരാളെ ഈ സുപ്രധാന പദവിയിലേക്ക് തിരഞ്ഞെടുക്കുന്നത് ഇതാദ്യമായാണ്.

സാധാരണഗതിയിൽ ഐ.എ.എസ് ഉദ്യോഗസ്ഥരെയാണ് റെസിഡന്റ് കമീഷണറായി ഡൽഹിയിൽ നിയമിക്കാറുള്ളത്. എന്നാൽ, രാഷ്ട്രീയ പ്രാധാന്യമുള്ള പ്രത്യേക പ്രതിനിധി എന്ന പദവിയിൽ മുൻകാലങ്ങളി

ൽ കെ. സെൽവേന്ദ്രൻ (ഡി.എം.കെ), എ. അശോകൻ, എൻ. തളവായ് സുന്ദരം (എ.ഐ.എ.ഡി.എം.കെ), എ.കെ.എസ് വിജയൻ (ഡി.എം.കെ) എന്നിവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ ഒരു സ്വകാര്യ കമ്പനിയുടെ ചെയർമാനാണ് ഈ നിർണായക സ്ഥാനത്തേക്ക് എത്തുന്നത്.

കേന്ദ്ര മന്ത്രാലയങ്ങളുമായുള്ള ഏകോപനം, സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, ധനകാര്യ പദ്ധതികൾ എന്നിവയുടെ മേൽനോട്ടം വഹിക്കുക എന്നതാണ് ഈ പദവിയുടെ പ്രധാന ചുമതല. റിയൽ എസ്റ്റേറ്റ്, വിനോദ മേഖലകളിൽ സജീവമായ കെ.വി.എൻ ഗ്രൂപ്പിന്റെ മേധാവിയാണ് വെങ്കട നാരായണ. പ്രസ്റ്റീജ് ഗ്രൂപ്പിന്റെ മുൻ സി.ഇ.ഒ ആയിരുന്ന ഇദ്ദേഹം 2020-ലാണ് കെ.വി.എൻ പ്രൊഡക്ഷൻസ് തുടങ്ങിയത്.

അതേസമയം, വെങ്കട നാരായണന്റെ നിയമനത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. മുഖ്യമന്ത്രിയുടെ സിനിമ നിർമിച്ചതാണോ ഈ പദവിക്ക് യോഗ്യതയെന്ന് പ്രതിപക്ഷത്ത് നിന്നും ചോദ്യമുയരുന്നുണ്ട്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പുള്ള വിജയിയുടെ അവസാന ചിത്രമായിരുന്നു ‘ജനനായകൻ’. നിലവിൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല.

നേരത്തേ മുഖ്യമന്ത്രി വിജയിക്കൊപ്പം ഗവർണറെ കണ്ട സംഘത്തിൽ വെങ്കട നാരായണ ഉൾപ്പെട്ടത് രാഷ്ട്രീയ വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ ഓഫിസറായി റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ നിയമിച്ചത് കടുത്ത എതിർപ്പിനെ തുടർന്ന് പിൻവലിക്കേണ്ടി വന്നിരുന്നു. ടി.ടി.വി ദിനകരൻ, കെ. സെൽവപ്പെരുന്തകൈ, എ. രാജ, സീമാൻ തുടങ്ങി വിവിധ രാഷ്ട്രീയ നേതാക്കളും ഈ നിയമനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368814/tamil-nadu-special-representative-in-delhi-venkat-narayanan-appointment-controversy-jananayakan-movie-producer-)