---
title: "വിശദമായ വാദം കേൾക്കാൻ കോടതി; കാഫിർ സ്‌ക്രീൻഷോട്ട് കേസ്, ജിതിൻ ഭാസ്‌കറിന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് നീട്ടി"
english_title: "kafir screenshot case jithin bhaskar bail hearing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368801/kafir-screenshot-case-jithin-bhaskar-bail-hearing"
published_at: "2026-06-27T14:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a36b24e9d6ed_jithin_basker.jpg"
keywords: ["Latest News", "Kafir Screenshot Case", "Jithin Bhaskar", "Bail Hearing", "Kozhikode"]
---

# വിശദമായ വാദം കേൾക്കാൻ കോടതി; കാഫിർ സ്‌ക്രീൻഷോട്ട് കേസ്, ജിതിൻ ഭാസ്‌കറിന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് നീട്ടി

> **Lead Summary:** കോഴിക്കോട്: വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് നീട്ടി. വിശദമായ വാദം കേൾക്കാനാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് വി.എസ് ബിന്ദുകുമാരി ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.

## Article Content

കോഴിക്കോട്: വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് നീട്ടി. വിശദമായ വാദം കേൾക്കാനാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് വി.എസ് ബിന്ദുകുമാരി ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.

എസ്.ഐ.ടിയോട് റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞതവണ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുമുണ്ട്. എന്നാൽ പോലീസ് നൽകിയ റിപ്പോർട്ടിൽ ആശങ്കയുണ്ടെന്ന് കേസിലെ പരാതിക്കാരനായ യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിന്റെ അഭിഭാഷകൻ അഡ്വ. എം.ടി അഫ്‌നാസ് ചൂണ്ടിക്കാട്ടി.

പ്രതിയായ ജിതിൻഭാസ്‌കറിനെ ഇനിയും കസ്റ്റഡിയിൽ ആവശ്യമില്ല എന്ന തരത്തിലുള്ള റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്. ഇത് പ്രതിക്ക് ജാമ്യം ലഭിക്കാൻ അവസരമൊരുക്കുമെന്ന് അഫ്‌നാസ് പ്രതികരിച്ചു.

കേസിൽ അറസ്റ്റിലായതിന് ശേഷം ഡിവൈഎഫ്ഐ നേതാവ് ജിതിൻഭാസ്‌കർ കഴിഞ്ഞ 16-ാം തീയതിമുതൽ റിമാൻഡിലാണ്. വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിക്കുകയും ചെയ്തിരുന്നു. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മറ്റി മെമ്പറും, സിപിഎം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മറ്റി അംഗവുമായിരുന്നു ജിതിൻ.

ബ്രോഡ്കാസ്റ്റ് സന്ദേശം വഴി 200 പേർക്ക് ജിതിൻ സന്ദേശം അയച്ചുവെന്നും തെളിവ് നശിപ്പിച്ചുവെന്നുമാണ് പോലീസ് കണ്ടെത്തിയത്. ജില്ലാ ഫോറൻസിക്ക് വിഭാഗത്തിന് ഇത് സംബന്ധിച്ച തെളിവ് ലഭിച്ചിട്ടുണ്ട്.

'വടകര സ്‌ക്വാഡ്' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ മറ്റൊരു ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചിരുന്നുവെന്ന് നേരത്തെ എസ്ഐടി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 'വടകര സ്‌ക്വാഡ്' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റ അഡ്മിനാണ് ജിതിൻ.

ഇതിന് പിന്നാലെ മറ്റ് ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്യപ്പെടുകയാണുണ്ടായത്. ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിം ആയും കെ.കെ. ശൈലജയെ കാഫിറായും ചിത്രീകരിച്ച് യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിം പങ്കുവെച്ച സന്ദേശം എന്ന തരത്തിലാണ് പോസ്റ്റ് പ്രചരിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368801/kafir-screenshot-case-jithin-bhaskar-bail-hearing)