---
title: "പൊലീസിന്റെ അനാസ്ഥ! പരാതി നൽകിയിട്ടും നടപടിയില്ല; മദ്യപസംഘത്തിന്റെ മർദ്ദനമേറ്റ വയോധികനായ കടയുടമ ജീവനൊടുക്കി"
english_title: "Elderly shop owner commits suicide after being assaulted by a drunken gang"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368788/elderly-shop-owner-commits-suicide-after-being-assaulted-by-a-drunken-gang"
published_at: "2026-06-27T14:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f8b5218154_dead.jpg"
keywords: ["Suicide", "Beating", "Drunken gang", "Death", "Elderly person"]
---

# പൊലീസിന്റെ അനാസ്ഥ! പരാതി നൽകിയിട്ടും നടപടിയില്ല; മദ്യപസംഘത്തിന്റെ മർദ്ദനമേറ്റ വയോധികനായ കടയുടമ ജീവനൊടുക്കി

> **Lead Summary:** **കൊല്ലം: **മദ്യപസംഘത്തിന്റെ മർദ്ദനത്തിനിരയായ വയോധികനായ കടയുടമ മനോവിഷമത്തെത്തുടർന്ന് ജീവനൊടുക്കി. കൊട്ടാരക്കര കരീപ്ര നെടുമൺകാവിലെ ബേക്കറി ഉടമ വാമദേവൻ ആണ് ആത്മഹത്യ ചെയ്തത്.

## Article Content

**കൊല്ലം: **മദ്യപസംഘത്തിന്റെ മർദ്ദനത്തിനിരയായ വയോധികനായ കടയുടമ മനോവിഷമത്തെത്തുടർന്ന് ജീവനൊടുക്കി. കൊട്ടാരക്കര കരീപ്ര നെടുമൺകാവിലെ ബേക്കറി ഉടമ വാമദേവൻ ആണ് ആത്മഹത്യ ചെയ്തത്.

മദ്യപിക്കാൻ ഗ്ലാസ് ചോദിച്ചിട്ടു നൽകാത്തതിന് പ്രകോപിതരായി അക്രമി സംഘം വാമദേവനെ ക്രൂരമായി മർദ്ദിച്ചിരുന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു. നീതി ലഭിക്കാത്തതിലുള്ള മനോവിഷമത്തെത്തുടർന്ന് വ്യാഴാഴ്ച ഉച്ചയോടെ വീടിന്റെ റൂഫിൽ വാമദേവനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഈ മാസം 21ന് വൈകിട്ട് 6 മണിയ്ക്കായിരുന്നു വാമദേവന് മദ്യപ സംഘത്തിന്റെ മർദ്ദനമേറ്റത്. ബേക്കറിയിലെത്തിയ അഞ്ചംഗ സംഘം വെള്ളം വാങ്ങിയ ശേഷം മദ്യപിക്കാൻ ഗ്ലാസ് ആവശ്യപ്പെട്ടു. നൽകാതിരുന്നതോടെ മർദ്ദിക്കുകയയിരുന്നു. കടയ്ക്കുള്ളിൽ നിന്നു പുറത്തേക്കു വലിച്ചിഴച്ചു ക്രൂരമായിട്ടാണ് മർദ്ദിച്ചത്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതോടെ ആശുപത്രി അധികൃതരാണ് എഴുകോൺ പൊലീസിൽ വിവരം അറിയിച്ചത്. പല തവണ സ്റ്റേഷനിൽ പോയിട്ടും അടുത്ത ദിവസം വരാൻ പറഞ്ഞു മടക്കി അയയ്ക്കുകയായിരുന്നുവെന്നും വേദന കൊണ്ടു വിഷമിക്കുകയാണെന്നും മരണമല്ലാതെ മറ്റു മാർഗമില്ലെന്നുമാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368788/elderly-shop-owner-commits-suicide-after-being-assaulted-by-a-drunken-gang)