---
title: " പുകമറ നീക്കാൻ ശ്രമമോ? 'ഒരുകാരണവശാലും കൊടുക്കില്ല'; അത് റെജി ചെറിയാനോടല്ല, മുഖ്യമന്ത്രിയുടെ വാക്കുകൾ തന്നോടുള്ള സംസാരമെന്ന് കുഞ്ഞാലിക്കുട്ടി"
english_title: "Kunhalikutty says Chief Minister's words are addressed to him"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368768/kunhalikutty-says-chief-ministers-words-are-addressed-to-him-new"
published_at: "2026-06-27T13:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f7e09eebd3_kunjalikutty.jpg"
keywords: ["Minister P.K. Kunhalikutty", "Kuttanad MLA", "Chief Minister", "Reggie Cherryyan", "Boat Race", "VDSatheesan"]
---

#  പുകമറ നീക്കാൻ ശ്രമമോ? 'ഒരുകാരണവശാലും കൊടുക്കില്ല'; അത് റെജി ചെറിയാനോടല്ല, മുഖ്യമന്ത്രിയുടെ വാക്കുകൾ തന്നോടുള്ള സംസാരമെന്ന് കുഞ്ഞാലിക്കുട്ടി

> **Lead Summary:** **മലപ്പുറം: **കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി നടത്തിയ പരാമർശം വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത്.

## Article Content

**മലപ്പുറം: **കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി നടത്തിയ പരാമർശം വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത്.

മുഖ്യമന്ത്രി പറഞ്ഞത് എംഎൽഎയോടല്ലെന്നും, തന്നോട് നേരത്തെ സംസാരിച്ചുകൊണ്ടിരുന്ന കാര്യത്തിന്റെ തുടർച്ചയാണെന്നുമാണ് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്.

അതിന്റെ ഇടയിൽ ചോദ്യം വന്നപ്പോൾ മറുപടി കൊടുത്ത് ഇരുന്ന് എന്നോടുള്ള സംസാരം തുടർന്നതാണെന്നും റെജി ചെറിയാന്റെ ചോദ്യത്തിനല്ല മുഖ്യമന്ത്രി അങ്ങനെ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞത് കുട്ടനാട് എംഎൽഎയോട് അല്ലെന്ന് എനിക്ക് അറിയാം. അക്കാര്യത്തിൽ ലോകത്തെ പറ്റിക്കാം, പക്ഷേ എന്നെ പറ്റിക്കാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

അതേസമയം നിയമസഭയില്‍ മൈക്ക് ചതിച്ചതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ മനസ്സിലിരിപ്പ് പുറത്തുവന്നു. കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കിയതിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ പ്രതികരണമാണ് മൈക്കിലൂടെ പുറത്തായത്.

ജൂണ്‍ 29ന് നടക്കുന്ന മൂലം വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കണമെന്നായിരുന്നു യുഡിഎഫ് എംഎല്‍എയുടെ സബ്മിഷന്‍.

മൂലം വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനിക്കുമെന്നാണ് വിഡി സതീശന്‍ മറുപടി നല്‍കിയത്. എന്നാല്‍ മറുപടിക്ക് ശേഷം സീറ്റ് ഇരിക്കുമ്പോള്‍ 'ഒരു കാരണവശാലും അവധി കൊടുക്കില്ല' എന്ന മുഖ്യമന്ത്രിയുടെ സംഭാഷണം മൈക്കിലൂടെ പുറത്തുവന്നു.

ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇത്രേയുള്ളൂ വി ഡി സതീശന്റെ വിശ്വാസ്യതയെന്നും ചോദ്യത്തിന് എഴുതിത്തയ്യാറാക്കിയ മറുപടിക്ക് ശേഷം പുറത്തുവരുന്നത് മനസ്സിലിരിപ്പാണെന്നും കെ യു ജനീഷ് കുമാര്‍ എംഎല്‍എ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മറുപടിയ്ക്ക് തന്റെ തൊട്ടടുത്തിരുന്ന മന്ത്രിയോടാണ് വിഡി സതീശൻ ഇക്കാര്യം പറ‍ഞ്ഞത്. മുഖ്യമന്ത്രിയുടെ ഈ ഇരട്ടത്താപ്പിനെ പരിഹസിച്ചു കൊണ്ടാണ് കെയു ജനീഷ്കുമാർ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇത്രേയുള്ളൂ വി ഡി സതീശന്റെ വിശ്വാസ്യത.

ബഹു. അംഗത്തിന്റെ ചോദ്യത്തിന് എഴുതിത്തയ്യാറാക്കിയ മറുപടി. ശേഷം പുറത്തുവരുന്നത് മനസ്സിലിരിപ്പെന്നും ജനീഷ്കുമാർ എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368768/kunhalikutty-says-chief-ministers-words-are-addressed-to-him-new)