---
title: "‘കേതന് സംസാരത്തില്‍ വിക്കുണ്ടായിരുന്നു, സ്വന്തം വീട്ടില്‍ പറയുന്നതിനേക്കാള്‍ നല്ലത് കൊലപാതകം ആണെന്ന് കരുതി’; പ്രതി സിയയുടെ മൊഴി"
english_title: "Pune fiancé's murder, accused's statement, Chetan Chaudhary, Zia Goyal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368759/pune-fiancs-murder-accuseds-statement-chetan-chaudhary-zia-goyal"
published_at: "2026-06-27T12:40:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cb4ed992a0_kethan.jpg"
keywords: ["Latest News", "Pune Murder Case", "Zia Goyal", "Chetan Chaudhary"]
---

# ‘കേതന് സംസാരത്തില്‍ വിക്കുണ്ടായിരുന്നു, സ്വന്തം വീട്ടില്‍ പറയുന്നതിനേക്കാള്‍ നല്ലത് കൊലപാതകം ആണെന്ന് കരുതി’; പ്രതി സിയയുടെ മൊഴി

> **Lead Summary:** പൂനെ: പൂനെയില്‍ പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ചേതന്‍ ചൗധരിയെ സിയ ഗോയലിന്റെ കുടുംബത്തിന് നേരത്തെ അറിയാമായിരുന്നു എന്നതിന് പൊലീസിന് തെളിവ് കിട്ടി.

## Article Content

പൂനെ: പൂനെയില്‍ പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ചേതന്‍ ചൗധരിയെ സിയ ഗോയലിന്റെ കുടുംബത്തിന് നേരത്തെ അറിയാമായിരുന്നു എന്നതിന് പൊലീസിന് തെളിവ് കിട്ടി.

സിയയുടെ സഹോദരനെ പത്ത് മണിക്കൂര്‍ ചോദ്യം ചെയ്തു. കൊലപാതകത്തിന് പിന്നാലെ പ്രതികള്‍ മൊബൈല്‍ ഫോണിലെ ചാറ്റുകള്‍ നശിപ്പിച്ചു.ഇത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. 

മകള്‍ക്ക് ചേതന്‍ എന്നൊരാളുമായി പരിചയമുള്ളത് പോലും അറിയില്ലെന്നാണ് സിയയുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ സിയയുടെ സഹോദരന്റെ സുഹൃത്താണ് ചേതന്‍. ഇരുവരും ഒരുമിച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാറുണ്ട്. അങ്ങനെയാണ് ചേതനും സിയയും പരിചയപ്പെടുന്നത്. സിയയുടെ സഹോദരന്‍ സാഹിലിനെ പത്ത് മണിക്കൂറോളം വിശദമായി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

കസ്റ്റഡിയിലുള്ള പ്രതികള്‍ പരസ്പരം കുറ്റം ആരോപിക്കുകയാണ്. ചേതന്‍ പറഞ്ഞത് പ്രകാരമാണ് കൊലപാതകമെന്ന് സിയയും , ഒളിച്ചോടാന്‍ ഒരുക്കമല്ലെന്ന് പറഞ്ഞ് സിയ തന്നെയാണ് കൊലപാതകത്തിന് പദ്ധതിയിട്ടതെന്ന് കാമുകന്‍ ചേതനും പറയുന്നു.

വിവാഹത്തിന് താത്പര്യമില്ലെന്ന് താന്‍ പ്രതിശ്രുത വരന്‍ കേതനെ അറിയിച്ചിരുന്നതായി സിയ വാദിക്കുന്നുണ്ട്. വരന്‍ വിഗ് വയ്ക്കുന്നതും സംസാരിക്കുമ്പോഴുള്ള വിക്കും പ്രശ്‌നമായിരുന്നു. എന്നാല്‍, പിന്മാറാന്‍ കേതന്‍ സമ്മതിച്ചില്ല – സിയ പറയുന്നു.

എന്നാല്‍, ഈ വാദങ്ങള്‍ക്കെല്ലാം എതിരാണ് ഇന്‍സ്റ്റഗ്രാമില്‍ സിയ പങ്കുവച്ച കേതനോടൊപ്പമുള്ള ദൃശ്യങ്ങള്‍. പ്രതികള്‍ തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഡിജിറ്റല്‍ തെളിവുകള്‍ പ്രതികള്‍ നശിപ്പിച്ചിട്ടുണ്ട്. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ തെളിവുകള്‍ മാത്രമാണ് ശക്തമായി ഉള്ളത്. ഇത് കോടതിയില്‍ തിരിച്ചടിയാവാതിരിക്കാനായി പരമാവധി തെളിവുകള്‍ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368759/pune-fiancs-murder-accuseds-statement-chetan-chaudhary-zia-goyal)