---
title: "പൂപ്പൽ പിടിച്ച പഴയ ബ്രെഡ് ചൂടാക്കി വീണ്ടും റസ്കാക്കും; മലപ്പുറത്ത് ബ്രെഡ് നിർമ്മാണ യൂണിറ്റ് അടച്ചുപൂട്ടി അധികൃതർ "
english_title: "Panchayat authorities shut down bread company in Chittarikunnu, Vazhakad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368689/panchayat-authorities-shut-down-bread-company-in-chittarikunnu-vazhakad"
published_at: "2026-06-27T09:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f4d7879115_bred.jpg"
keywords: ["Latest News", "Bread Company", "Vazhakad", "Panchayat Authorities"]
---

# പൂപ്പൽ പിടിച്ച പഴയ ബ്രെഡ് ചൂടാക്കി വീണ്ടും റസ്കാക്കും; മലപ്പുറത്ത് ബ്രെഡ് നിർമ്മാണ യൂണിറ്റ് അടച്ചുപൂട്ടി അധികൃതർ 

> **Lead Summary:** **മലപ്പുറം: ** വാഴക്കാട് ചിറ്റാരിക്കുന്നിലെ ബ്രെഡ് കമ്പനി പഞ്ചായത്ത് അധികൃതര്‍ അടച്ചുപൂട്ടി. ഡേറ്റ് കഴിഞ്ഞ സാധനങ്ങള്‍ വീണ്ടും ഉപയോഗിച്ച് റസ്‌ക് ഉള്‍പ്പെടെയുള്ള മറ്റ് ഭക്ഷ്യ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

## Article Content

**മലപ്പുറം: ** വാഴക്കാട് ചിറ്റാരിക്കുന്നിലെ ബ്രെഡ് കമ്പനി പഞ്ചായത്ത് അധികൃതര്‍ അടച്ചുപൂട്ടി. ഡേറ്റ് കഴിഞ്ഞ സാധനങ്ങള്‍ വീണ്ടും ഉപയോഗിച്ച് റസ്‌ക് ഉള്‍പ്പെടെയുള്ള മറ്റ് ഭക്ഷ്യ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

വാഴക്കാട് പഞ്ചായത്തിലെ മുണ്ടുമുഴി ചിറ്റാരിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന എസ്എസ് ഫുഡ് പ്രൊഡക്ഷന് കീഴിലെ നൈസ് ബ്രഡ് കമ്പനിയാണ് പൂട്ടിയത്. ലൈസന്‍സും ഹെല്‍ത്ത് കാര്‍ഡും ഇല്ലാതെയാണ് നൈസ് ബ്രെഡ് യൂണിറ്റ് പ്രവര്‍ത്തിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ, വൃത്തിഹീനമായ സാഹചര്യത്തിലാണ് സ്ഥാപനത്തില്‍ ബ്രെഡ് നിര്‍മ്മാണം നടന്നിരുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. കടകളില്‍ നിന്ന് തിരിച്ചുവരുന്ന കാലാവധി കഴിഞ്ഞ സാധനങ്ങള്‍ റീപ്രൊഡക്ഷന്‍ നടത്തുകയാണ് ഇവിടെ ചെയ്തിരുന്നത്.

പൂപ്പല്‍ പിടിച്ച സാധനങ്ങളെ ചൂടാക്കി പുതിയ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കി മാര്‍ക്കറ്റിലിറക്കുകയായിരുന്നു. ആരോഗ്യത്തിന് ഹാനികരമാകുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഈ സ്ഥാപനം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും അധികൃതര്‍ പറഞ്ഞു.

ആരോഗ്യ വകുപ്പിന്റെ 'ഓപ്പറേഷന്‍ ക്ലീന്‍ ഷോട്ട്' പരിശോധനയുടെ ഭാഗമായാണ് നടപടി. ഗുരുതരമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്പനി അടച്ചുപൂട്ടാനും പിഴ ചുമത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368689/panchayat-authorities-shut-down-bread-company-in-chittarikunnu-vazhakad)