---
title: "എട്ട് മണിക്കൂറോളം നീണ്ടു....ശബരിമല സ്വര്‍ണ്ണക്കൊള്ള; 2025ല്‍ സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്ത് എസ്‌ഐടി"
english_title: "sabarimala gold theft case sit questions prime accused unnikrishnan potti again"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368673/sabarimala-gold-theft-case-sit-questions-prime-accused-unnikrishnan-potti-again"
published_at: "2026-06-27T08:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986a9dea2cb5_sabarimala_gold_theft.jpg"
keywords: ["Latest News", "Sabarimala Gold Theft Case", "SIT", "Unnikrishnan Potty"]
---

# എട്ട് മണിക്കൂറോളം നീണ്ടു....ശബരിമല സ്വര്‍ണ്ണക്കൊള്ള; 2025ല്‍ സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്ത് എസ്‌ഐടി

> **Lead Summary:** തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു. 2025ല്‍ സ്വര്‍ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോയതിലാണ് ചോദ്യം ചെയ്തത്.

## Article Content

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു. 2025ല്‍ സ്വര്‍ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോയതിലാണ് ചോദ്യം ചെയ്തത്.

തിങ്കളാഴ്ച അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് എസ്‌ഐടി നീക്കം. എഡിജിപി വെങ്കിടേഷിന്റെ നേതൃത്വത്തില്‍ പൊലീസ് ആസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യല്‍ എട്ട് മണിക്കൂറോളം നീണ്ടു.

2025ല്‍ നടന്ന സ്വര്‍ണപ്പാളി കൈമാറ്റത്തില്‍ ഗൂഢാലോചനയുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് എസ്‌ഐടി നീക്കം. ഒമ്പത് പേര്‍ക്ക് കൈമാറ്റത്തില്‍ പങ്കുണ്ടെന്നും ചട്ടങ്ങള്‍ മറികടന്ന് 2025ല്‍ പാളികള്‍ ഉണ്ണികൃഷണന്‍ പോറ്റിക്ക് കൈമാറിയതില്‍ ദുരൂഹതയുണ്ടെന്നുമാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.

2019ലെ സ്വര്‍ണ്ണക്കൊള്ള മറയ്ക്കാന്‍ 2025 ല്‍ ദ്വാരപാലകപാളികള്‍ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയെന്നായിരുന്നു ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് പരിഗണിക്കവേ ഹൈക്കോടതി നിരീക്ഷിച്ചത്.

ഒടുവില്‍ വിപുലമായ അന്വേഷണത്തിനൊടുവില്‍ 2025 ലെ സ്വര്‍ണ്ണപ്പാളി കൈമാറ്റത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മുന്‍ ഭരണസമിതിക്ക് വീഴ്ചകള്‍ സംഭവിച്ചതായും എസ്‌ഐടി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.

2025 ആയപ്പോള്‍ സ്വര്‍ണത്തിന്റെ നിറം മങ്ങിയിട്ടും ദേവസ്വം ബോര്‍ഡ് അന്വേഷണത്തിന് തയ്യാറായില്ലെന്നും വാറന്റിയുണ്ടെന്ന പേരില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറിയെന്നും എസ്‌ഐടി നല്‍കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതോടെ, 2025ലെ സ്വര്‍ണ്ണപ്പാളി കൈമാറ്റത്തില്‍ കൂടി കേസ് രജിസ്റ്റര്‍ ചെയ്യാനാണ് എസ്‌ഐടിയുടെ തീരുമാനം.

അന്നത്തെ ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ പ്രസിഡന്റ് പിഎസ് പ്രശാന്ത്, അംഗങ്ങളായ അജി കുമാര്‍, സന്തോഷ് കുമാര്‍, തന്ത്രി കണ്ഠരര് രാജീവരര്, തിരുവാഭരണം കമ്മീഷണര്‍ രജിലാല്‍, സെക്രട്ടറി ബിന്ദു, ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്‍ധന്‍ എന്നിവര്‍ പ്രതികളാകും.

ഇതില്‍ സന്തോഷ് കുമാര്‍ നിലവിലെ ഭരണസമിതിയിലും അംഗമാണ്. മരിച്ചതിനാല്‍ പ്രതിപ്പട്ടികയില്‍ നിന്ന് മുരാരി ബാബുവിനെ ഒഴിവാക്കിയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തശേഷം പ്രതിപ്പട്ടിക വൈകാതെ കൊല്ലം വിജിലന്‍സ് കോടതിക്ക് നല്‍കാനും എസ്‌ഐടി തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368673/sabarimala-gold-theft-case-sit-questions-prime-accused-unnikrishnan-potti-again)