---
title: "കരുതിയിരിക്കണം ....! ഇടിമിന്നൽ ജാഗ്രത, സംസ്ഥാനത്ത് നാളെ മുതൽ കനത്ത മഴ; ഇന്ന് അഞ്ച് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ്"
english_title: "thunderstorm warning heavy rainfall in kerala "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368671/thunderstorm-warning-heavy-rainfall-in-kerala"
published_at: "2026-06-27T07:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2b645aa3f5b_RAIN.jpg"
keywords: ["Latest News", "Heavy Rain", "Thunderstorm warning", "Kerala Rain"]
---

# കരുതിയിരിക്കണം ....! ഇടിമിന്നൽ ജാഗ്രത, സംസ്ഥാനത്ത് നാളെ മുതൽ കനത്ത മഴ; ഇന്ന് അഞ്ച് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ്

> **Lead Summary:** തിരുവനന്തപുരം: കേരളത്തിൽ നാളെ മുതൽ മഴ വീണ്ടും ശക്തമാകുന്നു. സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് 5 ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

## Article Content

തിരുവനന്തപുരം: കേരളത്തിൽ നാളെ മുതൽ മഴ വീണ്ടും ശക്തമാകുന്നു. സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് 5 ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. നാളെ പത്തനംതിട്ട മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മറ്റന്നാൾ മുതൽ വടക്കൻ കേരളത്തിൽ മഴ കൂടുതൽ അതിശക്തമാകുമെന്നാണ് പ്രവചനം. കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

**കള്ളക്കടൽ ജാഗ്രത നിർദേശം**

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിലെ തീരങ്ങളിൽ നാളെ (28/06/2026) രാവിലെ 05.30 വരെ 1.2 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (28/06/2026) പുലർച്ചെ 02.30 വരെ 1.3 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിയ്ക്കുന്നതും. അതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിയ്ക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്

5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368671/thunderstorm-warning-heavy-rainfall-in-kerala)