---
title: "'യുഡിഎഫിൽ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണ്, മദ്യനയം സുഗമമായി നടപ്പാക്കാൻ കഴിയില്ല'; വിഎം സുധീരനെ പരോക്ഷമായി വിമർശിച്ച് കെ. ബാബു"
english_title: "Former Excise Minister K Babu indirectly criticizes senior Congress leader VM Sudheeran"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368655/former-excise-minister-k-babu-indirectly-criticizes-senior-congress-leader-vm-sudheeran"
published_at: "2026-06-26T22:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3eaac2cdad3_k_babu.jpg"
keywords: ["Latest News", "Former Excise Minister K Babu", "V M Sudheeran", "Congress", "UDF Government"]
---

# 'യുഡിഎഫിൽ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണ്, മദ്യനയം സുഗമമായി നടപ്പാക്കാൻ കഴിയില്ല'; വിഎം സുധീരനെ പരോക്ഷമായി വിമർശിച്ച് കെ. ബാബു

> **Lead Summary:** **കൊച്ചി: **മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരനെതിരെ പരോക്ഷ വിമർശനവുമായി മുൻ എക്സൈസ് മന്ത്രി കെ ബാബു. യുഡിഎഫിൽ മദ്യനയം സുഗമമായി നടപ്പാക്കാൻ കഴിയില്ലെന്നും ഓരോരുത്തർക്കും ഓരോ നയമാണെന്നും കെ ബാബു പറഞ്ഞു. യുഡിഎഫിൽ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണെന്നും കെ ബാബു പറ‍‍‍ഞ്ഞു.

## Article Content

**കൊച്ചി: **മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരനെതിരെ പരോക്ഷ വിമർശനവുമായി മുൻ എക്സൈസ് മന്ത്രി കെ ബാബു. യുഡിഎഫിൽ മദ്യനയം സുഗമമായി നടപ്പാക്കാൻ കഴിയില്ലെന്നും ഓരോരുത്തർക്കും ഓരോ നയമാണെന്നും കെ ബാബു പറഞ്ഞു. യുഡിഎഫിൽ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണെന്നും കെ ബാബു പറ‍‍‍ഞ്ഞു.

അവരെല്ലാം സർക്കാരിനെ സഹായിക്കുകയാണെന്നാണ് ഞാൻ കരുതുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്തും ആ പിന്തുണ നല്ലവണ്ണം കിട്ടിയിട്ടുണ്ടെന്നും കെ. ബാബു പരിഹസിച്ചു.

വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന ബജറ്റില്‍ ഏര്‍പ്പെടുത്തിയ നികുതി സ്ലാബില്‍ അതൃപ്തി പരസ്യമാക്കി വി എം സുധീരന്‍ രംഗത്തെത്തിയിരുന്നു.

നിയമസഭയിൽ പ്രൊപ്പോസൽ വരുന്നതിന് മുമ്പ് തന്നെ പാർട്ടി തലത്തിലും യുഡിഎഫ് സ്ഥലത്തിലും ഇതിനെക്കുറിച്ച് ചർച്ച നടത്തുകയായിരുന്നു അഭികാമ്യമെന്നും ചർച്ച നടത്തി നയത്തിനു രൂപം കൊടുത്തിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ ഇല്ലാതാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മദ്യവ്യാപനം തടയുന്നതിന് മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. നിർഭാഗ്യവശാൽ സമൂഹത്തിൽ ഉയർന്നു വന്നിട്ടുള്ള സംശയങ്ങളും ആശങ്കകളും നിലനിൽക്കുന്ന സ്ഥിതിയാണ്. ഫിനാൻസ് ബിൽ അവതരിപ്പിക്കുമ്പോൾ ഈ പ്രൊപ്പോസൽ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാരിന്റെ വിശ്വാസതയ്ക്ക് മങ്ങലിക്കുന്ന തീരുമാനം ഉണ്ടാകാൻ പാടില്ല. തീരുമാനങ്ങൾ സുതാര്യത നിലനിർത്തി, നേരെ ചൊവ്വേ കാര്യങ്ങൾ തുറന്നുപറഞ്ഞ് വിവാദങ്ങൾ ഇല്ലാതെ മുന്നോട്ട് നീക്കേണ്ടിയിരുന്നു. മയക്കുമരുന്നിന്റെ കാര്യത്തിൽ ആഭ്യന്തര വകുപ്പ് നന്നായി പ്രവർത്തിക്കുന്നുവെന്നും സുധീരന്‍ പറഞ്ഞു.

വിഡി സതീശൻ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ എൽഡിഫിനെ വിമർശിച്ച കാര്യങ്ങൾ ഉൾക്കൊണ്ട് തന്നെ ഇപ്പോൾ നടപടികൾ സ്വീകരിക്കണം. നേരത്തെ പ്രതിപക്ഷം സ്വീകരിച്ച നിലപാടിൽ തന്നെ ഉറച്ചു നിൽക്കണം. കരിമണൽ ഖനന നയത്തിലും അവ്യക്തത നിലനിൽക്കുന്നു. ഖനനം ഉണ്ടാവില്ലെന്ന് സർക്കാർ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368655/former-excise-minister-k-babu-indirectly-criticizes-senior-congress-leader-vm-sudheeran)