---
title: "യൂറോപ്പിൽ കനത്ത ഉഷ്ണതരംഗം തുടരുന്നു; ഫ്രാൻസിൽ 55 പേർ മരണപ്പെട്ടു"
english_title: "Europe Heatwave, France Heatwave Deaths, Paris Temperature"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368624/europe-heatwave-france-heatwave-deaths-paris-temperature"
published_at: "2026-06-26T17:41:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e6cf44293a_Europe_Heatwave,_France_Heatwave_Deaths,_Paris_Temperature.jpg"
keywords: ["Latest News", "Europe Heatwave", "France Heatwave", "Weather Update"]
---

# യൂറോപ്പിൽ കനത്ത ഉഷ്ണതരംഗം തുടരുന്നു; ഫ്രാൻസിൽ 55 പേർ മരണപ്പെട്ടു

> **Lead Summary:** പാരീസ് : യൂറോപ്പിലാകെ അതിശക്തമായ ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങളിൽ കനത്ത ജാഗ്രത. ഫ്രാൻസിലും ജർമ്മനിയിലും ഉൾപ്പെടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ഇതുവരെ ഫ്രാൻസിൽ മാത്രം 55 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

## Article Content

പാരീസ് : യൂറോപ്പിലാകെ അതിശക്തമായ ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങളിൽ കനത്ത ജാഗ്രത. ഫ്രാൻസിലും ജർമ്മനിയിലും ഉൾപ്പെടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ഇതുവരെ ഫ്രാൻസിൽ മാത്രം 55 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

ഫ്രാൻസിലും ബ്രിട്ടനിലും ജൂൺ മാസത്തിലെ എക്കാലത്തെയും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. ഫ്രാൻസിലെ പാരീസിൽ താപനില 40.9 ഡിഗ്രി സെൽഷ്യസിലെത്തി. ഇറ്റലിയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നാണ് മുന്നറിയിപ്പ്. ജർമ്മനിയിലെ എ-2 മോട്ടോർവേയിൽ ചൂടുകാരണം റോഡ് തകർന്നു. ഇത് മുപ്പതോളം വാഹനങ്ങൾക്ക് നാശനഷ്ടമുണ്ടാക്കുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.

ഫ്രാൻസിൽ പൊതുസ്ഥലങ്ങളിൽ മദ്യപാനം നിരോധിച്ചു. പാരീസിലെ സോളിഡേയ്‌സ് മ്യൂസിക് ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള പ്രധാന പരിപാടികൾ റദ്ദാക്കാൻ അധികൃതർ നിർദ്ദേശിച്ചു. നെതർലൻഡ്‌സിൽ കോഡ് റെഡ് അലേർട്ട് പ്രഖ്യാപിക്കുകയും പല സ്കൂളുകളും അടച്ചിടുകയും ചെയ്തു. ഒമേഗ ബ്ലോക്ക് എന്ന പ്രതിഭാസമാണ് ഈ ഉഷ്ണതരംഗത്തിന് പിന്നിൽ. ചൂടുള്ള വായു അന്തരീക്ഷത്തിന്റെ ഒരു പ്രത്യേക ഭാഗത്ത് ദീർഘനേരം തങ്ങിനിൽക്കുന്നത് താപനില കുത്തനെ ഉയരാൻ കാരണമാകുന്നു.

ഫ്രാൻസിലെ ആശുപത്രികളിൽ അടിയന്തര ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വർധിച്ചു. ആരോഗ്യപ്രവർത്തകർ വലിയ സമ്മർദ്ദത്തിലാണെന്നും സാഹചര്യം വളരെ ഗുരുതരമാണെന്നും അധികൃതർ വ്യക്തമാക്കി. സ്കൂളുകളിലും കിന്റർഗാർട്ടനുകളിലും കൂളിംഗ് സംവിധാനങ്ങൾ ഒരുക്കുന്നതിനായി ഫ്രഞ്ച് പവർ യൂട്ടിലിറ്റി കമ്പനിയായ ഇഡിഎഫ് 80 ദശലക്ഷം യൂറോ ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ചു. കടുത്ത ചൂട് തുടരുന്നതിനാൽ ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും ബെൽഗ്രേഡ് ഉൾപ്പെടെയുള്ള നഗരങ്ങളിലെ അധികൃതർ നിർദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368624/europe-heatwave-france-heatwave-deaths-paris-temperature)