---
title: "'പുതിയ മദ്യനയം ഉടൻ തന്നെ പ്രഖ്യാപിക്കും, ഘട്ടം ഘട്ടമായി മദ്യ ഉപയോഗം കുറച്ച് കൊണ്ടുവരണം എന്നതാണ് സര്‍ക്കാരിന്റെ മദ്യനയമെന്ന് മന്ത്രി എം ലിജു"
english_title: " minister m liju on governments liquor policy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368611/minister-m-liju-on-governments-liquor-policy"
published_at: "2026-06-26T16:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37641c33606_MINISTE.jpg"
keywords: ["Latest News", "Excise Minister", "M. Liju", "Governments Liquor Policy", "Kerala Government"]
---

# 'പുതിയ മദ്യനയം ഉടൻ തന്നെ പ്രഖ്യാപിക്കും, ഘട്ടം ഘട്ടമായി മദ്യ ഉപയോഗം കുറച്ച് കൊണ്ടുവരണം എന്നതാണ് സര്‍ക്കാരിന്റെ മദ്യനയമെന്ന് മന്ത്രി എം ലിജു

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് ഘട്ടംഘട്ടമായി മദ്യോപയോഗം കുറയ്ക്കുകയാണ് സർക്കാരിന്റെ നയമെന്ന് എക്സൈസ് മന്ത്രി എം. ലിജു. പുതിയ മദ്യനയം ഉടൻ തന്നെ പ്രഖ്യാപിക്കും. ഈ വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയിലും പുറത്തും പറഞ്ഞ നിലപാട് കൃത്യമാണ്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് ഘട്ടംഘട്ടമായി മദ്യോപയോഗം കുറയ്ക്കുകയാണ് സർക്കാരിന്റെ നയമെന്ന് എക്സൈസ് മന്ത്രി എം. ലിജു. പുതിയ മദ്യനയം ഉടൻ തന്നെ പ്രഖ്യാപിക്കും. ഈ വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയിലും പുറത്തും പറഞ്ഞ നിലപാട് കൃത്യമാണ്.

മദ്യ വിൽപ്പനയുമായി ബന്ധപ്പെട്ട അന്തിമ വാക്ക് സർക്കാരിന്റെയും മുന്നണിയുടെയും നയമാണ്. വീര്യം കുറഞ്ഞ മദ്യം വിപണിയിലിറക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും മന്ത്രി പ്രതികരിച്ചു.

മദ്യത്തിന്റെ ബ്രാൻഡ് രജിസ്ട്രേഷൻ സംബന്ധിച്ച കാര്യങ്ങൾ എക്സൈസ് കമ്മീഷണർക്ക് മുന്നിലാണ് വരേണ്ടത്. ലഹരി വ്യാപനത്തിന് കാരണമാകുന്നതോ അല്ലെങ്കിൽ നയങ്ങൾക്ക് വിരുദ്ധമായതോ ആയ അത്തരം അപേക്ഷകൾ ഉണ്ടായാൽ അത് നിരസിക്കും. എക്സൈസ് മന്ത്രിയെന്ന നിലയിൽ തന്റെ നിലപാട് അതാണെന്നും എം. ലിജു വ്യക്തമാക്കി.

സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരെ കർശന നടപടികളുമായി എക്സൈസ് വകുപ്പ് മുന്നോട്ട് പോവുകയാണെന്ന് എന്ന് മന്ത്രി ലിജു പറഞ്ഞു. വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രത്യേക പരിശോധനയായ 'ഓപ്പറേഷൻ തണ്ടർ' വഴി ഇതുവരെ 14,722 കേസുകൾ രജിസ്റ്റർ ചെയ്തതായി മന്ത്രി അറിയിച്ചു.

ലഹരി വിപത്തിനെ വേരോടെ പിഴുതെറിയാൻ വിപുലമായ പദ്ധതികളാണ് എക്സൈസ് വകുപ്പ് ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ജവാൻ മദ്യത്തിന്റെ ഉത്പാദനം നിലച്ച കാര്യം എക്സൈസ് വകുപ്പിനെ മുൻകൂട്ടി അറിയിക്കാതിരുന്നത് കെ.എസ്.ബി.സി വരുത്തിയ ഗുരുതരമായ വീഴ്ചയാണ്.

എന്നാൽ നിലവിൽ പ്രതിസന്ധികൾ പരിഹരിച്ച് 1000 മില്ലിലിറ്റർ (1 ലിറ്റർ) ജവാൻ മദ്യത്തിന്റെ ഉത്പാദനം പുനരാരംഭിച്ചിട്ടുണ്ടെന്നും വിപണിയിൽ ഇതിന്റെ ലഭ്യത ഉടൻ ഉറപ്പാക്കുമെന്നും എക്സൈസ് മന്ത്രി അറിയിച്ചു.

ആധുനികവത്കരണത്തിലേക്ക് പൂർണ്ണമായും കടക്കാത്ത സേനയാണ് നിലവിൽ എക്സൈസ് എന്ന് മന്ത്രി ലിജു പറഞ്ഞു. ആവശ്യത്തിന് ആളെണ്ണമില്ലാത്തത് വകുപ്പിന്റെ വലിയൊരു പ്രതിസന്ധിയാണ്. എങ്കിലും ലഭ്യമായ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി മുന്നോട്ട് പോകും.

ലഹരിവസ്തുക്കൾ വേഗത്തിൽ തിരിച്ചറിയുന്നതിനായി 'സബ്സ്റ്റൻസ് ഐഡന്റിഫിക്കേഷൻ കിറ്റുകൾ' ഇപ്പോൾ എല്ലാ എക്സൈസ് ഓഫീസുകളിലും ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ലഹരിക്കെതിരെയുള്ള എക്സൈസ് വകുപ്പിന്റെ മുഖ്യ ക്യാമ്പയിനായ 'മയങ്ങില്ല കേരളം' പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് വിവരങ്ങൾ പങ്കുവെക്കാനുള്ള 'ജനജാഗ്രത പോർട്ടൽ' ജൂലൈ 1 മുതൽ പ്രവർത്തനമാരംഭിക്കും.

വിദ്യാർത്ഥികൾക്കിടയിൽ വിപുലമായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. ലഹരിക്ക് അടിമപ്പെട്ടവരെ മോചിപ്പിക്കുന്നതിനായി സംസ്ഥാനത്തെ ലഹരിവിമുക്തി കേന്ദ്രങ്ങളുടെ ശൃംഖല വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368611/minister-m-liju-on-governments-liquor-policy)