---
title: "നിർത്തിയിട്ടിരുന്ന കാറിന്റെ എയർബാഗ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചു; പ്ലാസ്റ്റിക് കവർ കഴുത്തിൽ ഇടിച്ച് 25-കാരന് ദാരുണാന്ത്യം"
english_title: "A 25-year-old man died tragically after a parked car's airbag unexpectedly exploded and a plastic bag hit his neck"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368609/a-25-year-old-man-died-tragically-after-a-parked-cars-airbag-unexpectedly-exploded-and-a-plastic-bag-hit-his-neck"
published_at: "2026-06-26T16:44:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e603d2686e_TRYTRYH.jpg"
keywords: ["Latest news", "Air bag", "Car", "Plastic bag"]
---

# നിർത്തിയിട്ടിരുന്ന കാറിന്റെ എയർബാഗ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചു; പ്ലാസ്റ്റിക് കവർ കഴുത്തിൽ ഇടിച്ച് 25-കാരന് ദാരുണാന്ത്യം

> **Lead Summary:** മുംബൈ: **[**റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ എയർബാഗ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ച് പ്ലാസ്റ്റിക് കവചം കഴുത്തിൽ ഇടിച്ച് 25-കാരൻ ചോര വാർന്ന് മരിച്ചു. മിരാ റോഡ് സ്വദേശിയായ മോഹിത് സോണിയാണ് മരിച്ചത്. സംഭവത്തിൽ കാഷിമിര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

## Article Content

മുംബൈ: **[**റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ എയർബാഗ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ച് പ്ലാസ്റ്റിക് കവചം കഴുത്തിൽ ഇടിച്ച് 25-കാരൻ ചോര വാർന്ന് മരിച്ചു. മിരാ റോഡ് സ്വദേശിയായ മോഹിത് സോണിയാണ് മരിച്ചത്. സംഭവത്തിൽ കാഷിമിര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ച റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ പരിശോധിക്കുന്നതിനിടെയാണ് സംഭവം. പുറത്തുനിന്ന് യാതൊരുവിധ ആഘാതവും ഏൽക്കാതെ തന്നെ സ്റ്റിയറിങ് വീലിലെ എയർബാഗ് സ്വയം പുറത്തേക്ക് വരികയായിരുന്നു.

എയർബാഗ് പെട്ടെന്ന് തുറന്ന ആഘാതത്തിൽ അതിന്റെ പ്ലാസ്റ്റിക് കവർ തെറിച്ച് മോഹിത് സോണിയുടെ കഴുത്തിന്റെ വലതുഭാഗത്ത് ശക്തമായി ഇടിച്ചു. കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റ് വലിയ തോതിൽ രക്തം നഷ്ടപ്പെട്ടതിനെ തുടർന്ന് സോണി കാറിനുള്ളിൽ ബോധരഹിതനായി വീഴുകയായിരുന്നു.

സോണി കാറിനുള്ളിൽ രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ട ഒരു വഴിയാത്രക്കാരനാണ് വിവരം പ്രദേശവാസികളെയും പൊലീസിനെയും അറിയിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടസമയത്ത് സമീപത്ത് ആരും ഇല്ലാതിരുന്നതിനാലാണ് കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ ചോര വാർന്ന് മരിക്കാൻ കാരണമായതെന്ന് അസിസ്റ്റന്റ് പൊലീസ് ഇൻസ്‌പെക്ടർ എസ്.എസ് കാഷിദ് പറഞ്ഞു.

പ്രാഥമിക പരിശോധനയിൽ വാഹനം മറ്റൊന്നുമായും കൂട്ടിയിടിച്ചതിന്റെ ലക്ഷണങ്ങളില്ലെന്ന് സീനിയർ പൊലീസ് ഇൻസ്‌പെക്ടർ രാജേന്ദ്ര കാംബ്ലെ വ്യക്തമാക്കി. ഫോറൻസിക് സംഘം സംഭവസ്ഥലം സന്ദർശിച്ച് കാറിനുള്ളിൽ നിന്ന് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമായതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368609/a-25-year-old-man-died-tragically-after-a-parked-cars-airbag-unexpectedly-exploded-and-a-plastic-bag-hit-his-neck)