---
title: "വാഹനാപകടം; കുന്നംകുളത്ത് സ്കൂട്ടർ യാത്രികനായ 24കാരന് ദാരുണാന്ത്യം, നിർത്താതെപോയ ലോറി പിന്തുടർന്ന് പിടികൂടി"
english_title: "Kunnamkulam, Accident, Man Died, Thrissur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368553/kunnamkulam-accident-man-died-thrissur-"
published_at: "2026-06-26T13:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e364e99829_Kunnamkulam,_Accident,_Man_Died,_Thrissur.jpg"
keywords: ["Latest News", "Kunnamkulam", "Accident", "Man Died", "Thrissur"]
---

# വാഹനാപകടം; കുന്നംകുളത്ത് സ്കൂട്ടർ യാത്രികനായ 24കാരന് ദാരുണാന്ത്യം, നിർത്താതെപോയ ലോറി പിന്തുടർന്ന് പിടികൂടി

> **Lead Summary:** തൃശ്ശൂർ: കുന്നംകുളത്തുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. വെള്ളറക്കാട് സ്വദേശി വാസുവിന്റെ മകൻ സുധീഷ് ആണ് മരിച്ചത്. അപകടത്തിന് ശേഷം നിർത്താതെ പോയ ലോറിയെ മറ്റൊരു ബൈക്ക് യാത്രികൻ സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു.

## Article Content

തൃശ്ശൂർ: കുന്നംകുളത്തുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. വെള്ളറക്കാട് സ്വദേശി വാസുവിന്റെ മകൻ സുധീഷ് ആണ് മരിച്ചത്. അപകടത്തിന് ശേഷം നിർത്താതെ പോയ ലോറിയെ മറ്റൊരു ബൈക്ക് യാത്രികൻ സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു.

ഇന്ന് പുലർച്ചെ 2.20 ഓടെ അക്കിക്കാവിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. സുധീഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് വാഹനങ്ങൾ കൊണ്ടുപോകുന്ന ഗുഡ്സ് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. അപകടം നടന്നയുടൻ സുധീഷിനെ റോഡിൽ ഉപേക്ഷിച്ച് ലോറി നിർത്താതെ പോയി.

അപകടം നടന്ന് മിനിറ്റുകൾക്കകം അതുവഴി വന്ന മറ്റൊരു ബൈക്ക് യാത്രികൻ സംഭവം ശ്രദ്ധയിൽപ്പെടുകയും, ലോറിയെ പിന്തുടരുകയുമായിരുന്നു. കിലോമീറ്ററുകളോളം പിന്തുടർന്നാണ് ഇയാൾ ഗുഡ്സ് ലോറി തടഞ്ഞുനിർത്തിയത്. അപകടം നടന്ന് ഏകദേശം അരമണിക്കൂറോളം കഴിഞ്ഞാണ് സുധീഷിനെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചത്. ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന യുവാവ് ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ രക്തം വാർന്ന് മരിക്കുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ കുന്നംകുളം പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. അപകടമുണ്ടാക്കിയ ലോറിയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മരിച്ച സുധീഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368553/kunnamkulam-accident-man-died-thrissur-)