---
title: "'മദ്യപിച്ച് ആടി ആടി ക്ലാസില്‍ വരും, ആംഗ്യ ഭാഷയില്‍ മദ്യത്തെ കുറിച്ച് സംസാരിക്കും, സ്‌കൂളിന്റെ ബാത്‌റൂമില്‍ വച്ചും മദ്യപിക്കാറുണ്ട്; പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയാതായി സഹപാഠി"
english_title: "Classmate says VAT was added to student's water bottle in Thamarassery, other students were forced to drink alcohol"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368548/classmate-says-vat-was-added-to-students-water-bottle-in-thamarassery-other-students-were-forced-to-drink-alcohol"
published_at: "2026-06-26T13:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3dfe60ef895_POLICE.jpg"
keywords: ["Latest News", "Thamarassery Vat Case", "School Students", "Kozhikode"]
---

# 'മദ്യപിച്ച് ആടി ആടി ക്ലാസില്‍ വരും, ആംഗ്യ ഭാഷയില്‍ മദ്യത്തെ കുറിച്ച് സംസാരിക്കും, സ്‌കൂളിന്റെ ബാത്‌റൂമില്‍ വച്ചും മദ്യപിക്കാറുണ്ട്; പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയാതായി സഹപാഠി

> **Lead Summary:** **കോഴിക്കോട്: **താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥിയുടെ വാട്ടര്‍ ബോട്ടിലില്‍ വാറ്റ് ചാരായം കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിച്ച് മദ്യം നല്‍കിയെന്ന് സഹപാഠിയുടെ മൊഴി.

## Article Content

**കോഴിക്കോട്: **താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥിയുടെ വാട്ടര്‍ ബോട്ടിലില്‍ വാറ്റ് ചാരായം കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിച്ച് മദ്യം നല്‍കിയെന്ന് സഹപാഠിയുടെ മൊഴി.

മദ്യപിച്ച ശേഷം വിദ്യാര്‍ത്ഥി മറ്റു കുട്ടികളെ ഉപദ്രവിക്കുമെന്നും ക്ലാസ്മുറിയില്‍ ബഹളമുണ്ടാക്കുമെന്നും സഹപാഠി പറഞ്ഞു. നിര്‍ബന്ധിച്ച് കുടിപ്പിച്ചപ്പോള്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ഛര്‍ദ്ദിച്ചെന്നും ചിലപ്പോള്‍ കുട്ടികള്‍ ആടി ആടി ക്ലാസില്‍ എത്താറുണ്ടെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. മദ്യം നല്‍കുന്നത് പണം വാങ്ങിയല്ലെന്നും കുട്ടി പറഞ്ഞു.

ഇന്റര്‍വെല്‍ സമയത്താണ് മദ്യപിക്കുന്നത്. മദ്യപിച്ചു കഴിഞ്ഞാല്‍ ക്ലാസില്‍ കിടന്നുറങ്ങും. മദ്യപിക്കുന്ന വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്നാണ് നടക്കുന്നത്. ആംഗ്യ ഭാഷയില്‍ മദ്യത്തെ കുറിച്ച് സംസാരിക്കും.

മദ്യപിക്കുന്ന വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തും. സ്‌കൂളിന്റെ ബാത്‌റൂമില്‍ വച്ചും മദ്യപിക്കാറുണ്ട്. മദ്യം കൊണ്ടുവരുന്നത് ഒരു കുട്ടി മാത്രമാണ്. മറ്റ് ക്ലാസ്സുകളിലെ കുട്ടികള്‍ക്കും മദ്യം നല്‍കിയിട്ടുണ്ട്'; സഹപാഠി പറഞ്ഞു.

താമരശ്ശേരിയില്‍ സ്‌കൂളില്‍ വാറ്റ് ചാരായവുമായെത്തിയെ കുട്ടിയെ രണ്ടാനച്ഛന്‍ കാരിയറായി ഉപയോഗിച്ചെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. രഹസ്യകേന്ദ്രങ്ങളില്‍ നിന്ന് മദ്യം കടത്താന്‍ ഉപയോഗിച്ചുവെന്നാണ് കുട്ടി പൊലീസിന് മൊഴി നല്‍കിയത്. കുട്ടിയെ രണ്ടാനച്ഛന്‍ ക്രൂരമായി ഉപദ്രവിച്ചിരുന്നു.

പരാതിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കുട്ടിയുടെ സംരക്ഷണം പൊലീസ് ഏറ്റെടുത്തിരുന്നതാണ്. എന്ത് പ്രശ്‌നമുണ്ടായാലും പൊലീസിനെ അറിയിക്കണമെന്ന് പറഞ്ഞ് പൊലീസ് കുട്ടിക്ക് നമ്പര്‍ ഉള്‍പ്പെടെ നല്‍കിയിരുന്നു.

അതേസമയം, സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി സ്കൂളിലെ പിടിഎ പ്രസിഡന്റ് രംഗത്തെത്തിയിരുന്നു. സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥി മദ്യവുമായെത്തുന്നത് മൂന്നാം തവണയാണെന്നും സഹപാഠികള്‍ക്ക് നല്‍കാനാണെന്നുമാണ് പിടിഎ പ്രസിഡന്റ് പറഞ്ഞത്.

ഇന്റര്‍വെല്‍ സമയങ്ങളിലാണ് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതെന്നും ചിലര്‍ നിരാകരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞതെന്നും അദേഹം പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368548/classmate-says-vat-was-added-to-students-water-bottle-in-thamarassery-other-students-were-forced-to-drink-alcohol)