---
title: "ഹോട്ടൽ മേഖലയ്ക്ക് വൻ ആശ്വാസം; വാണിജ്യ സിലിണ്ടര്‍ വില കുറയും"
english_title: "Commercial cylinder prices to decrease"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368532/commercial-cylinder-prices-to-decrease"
published_at: "2026-06-26T12:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fa26b8b4e83_gas.jpg"
keywords: ["Latest news", "Gas", "Cylinder prices", "Decrease"]
---

# ഹോട്ടൽ മേഖലയ്ക്ക് വൻ ആശ്വാസം; വാണിജ്യ സിലിണ്ടര്‍ വില കുറയും

> **Lead Summary:** ന്യൂഡല്‍ഹി: **[** രാജ്യത്ത് വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ വില വൻതോതിൽ കുറയാൻ സാധ്യത. കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച സൂചനകൾ പുറത്തുവന്നത്. വാണിജ്യ സിലിണ്ടറുകൾക്ക് 500 രൂപ മുതൽ 700 രൂപ വരെ കുറഞ്ഞേക്കുമെന്നാണ് വിവരം. അടുത്ത മാസം ഒന്നാം തീയതി എണ്ണക്കമ്പനികൾ പുതിയ വില പ്രഖ്യാപിക്കും.

## Article Content

ന്യൂഡല്‍ഹി: **[** രാജ്യത്ത് വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ വില വൻതോതിൽ കുറയാൻ സാധ്യത. കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച സൂചനകൾ പുറത്തുവന്നത്. വാണിജ്യ സിലിണ്ടറുകൾക്ക് 500 രൂപ മുതൽ 700 രൂപ വരെ കുറഞ്ഞേക്കുമെന്നാണ് വിവരം. അടുത്ത മാസം ഒന്നാം തീയതി എണ്ണക്കമ്പനികൾ പുതിയ വില പ്രഖ്യാപിക്കും.

പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് ഉണ്ടായ പ്രതിസന്ധിയാണ് വാണിജ്യ സിലിണ്ടറുകളുടെ വില വർധനവിനും വിതരണത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും കാരണമായത്. എന്നാൽ നിലവിൽ എണ്ണ ഇറക്കുമതി സാധാരണ നിലയിലായെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ആവശ്യത്തിന് എൽ.പി.ജി ലഭ്യത ഉറപ്പായ പശ്ചാത്തലത്തിൽ, വാണിജ്യ സിലിണ്ടർ വിതരണത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കുന്നതായി കേന്ദ്രസർക്കാർ കഴിഞ്ഞദിവസം സംസ്ഥാനങ്ങളെ അറിയിച്ചിരുന്നു.

ആവശ്യത്തിന് സിലിണ്ടറുകൾ ലഭിക്കാതിരുന്നതും കടുത്ത വിലവർധനവും കാരണം കേരളത്തിലുൾപ്പെടെ ചെറുതും വലുതുമായ നിരവധി റെസ്റ്റോറന്റുകളും ഹോട്ടലുകളും കടുത്ത പ്രതിസന്ധിയിലായിരുന്നു. പല ഹോട്ടലുകളും ഇതിനോടകം അടച്ചുപൂട്ടേണ്ടിയും വന്നു. എന്നാൽ നിയന്ത്രണങ്ങൾ മാറുകയും വില വൻതോതിൽ കുറയുകയും ചെയ്യുന്നതോടെ അടച്ചുപൂട്ടിയ ഹോട്ടലുകൾക്ക് വീണ്ടും തുറന്നു പ്രവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള എൽ.പി.ജി ശേഖരം ഇതിനകം തന്നെ കപ്പലുകളിലും കണ്ടെയ്നറുകളിലുമായി രാജ്യത്തിന്റെ വിവിധ തീരങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്. വിതരണം പഴയപടിയാക്കാൻ സർക്കാർ അടിയന്തര നിർദേശം നൽകിയതോടെ വരും ദിവസങ്ങളിൽ രാജ്യത്തെ വാണിജ്യ എൽ.പി.ജി വിപണി പൂർണ്ണമായും സാധാരണ നിലയിലാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368532/commercial-cylinder-prices-to-decrease)