---
title: "അപ്പൊ ബ്ലേഡ് കൊണ്ടുവന്നത്? സെക്രട്ടറിയറ്റ് മാർച്ചിലെ സംഘർഷത്തിൽ പൊലീസിന് നേരെ ​ബ്ലേഡ് പ്രയോഗം: എസ്.​എഫ്.ഐ പ്രവർത്തകൻ പിടിയിൽ"
english_title: "SFI activist arrested for using blade against police during Secretariat March clash"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368509/sfi-activist-arrested-for-using-blade-against-police-during-secretariat-march-clash"
published_at: "2026-06-26T11:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e14a418de5_arest.jpg"
keywords: ["SFI", "Arrest", "Blade", "Police", "Secretariat March clash"]
---

# അപ്പൊ ബ്ലേഡ് കൊണ്ടുവന്നത്? സെക്രട്ടറിയറ്റ് മാർച്ചിലെ സംഘർഷത്തിൽ പൊലീസിന് നേരെ ​ബ്ലേഡ് പ്രയോഗം: എസ്.​എഫ്.ഐ പ്രവർത്തകൻ പിടിയിൽ

> **Lead Summary:** **തിരുവനന്തപുരം: ** സെക്രട്ടറിയറ്റ് മാർച്ചിലെ സംഘർഷത്തിനിടെ പൊലീസിന് നേരെ ബ്ലേഡ് ഉപയോഗിച്ച സംഭവത്തിൽ എസ്.എഫ്.ഐ പ്രവർത്തകൻ പിടിയിൽ. കാട്ടാക്കട സ്വദേശി അൽ അമീനെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**തിരുവനന്തപുരം: ** സെക്രട്ടറിയറ്റ് മാർച്ചിലെ സംഘർഷത്തിനിടെ പൊലീസിന് നേരെ ബ്ലേഡ് ഉപയോഗിച്ച സംഭവത്തിൽ എസ്.എഫ്.ഐ പ്രവർത്തകൻ പിടിയിൽ. കാട്ടാക്കട സ്വദേശി അൽ അമീനെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം സെക്രട്ടറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ വൻസംഘർഷാവസ്ഥ നിലനിന്നിരുന്നു. ജലപീരങ്കി പ്രയോഗവും ലാത്തിചാർജും നടത്തുകയും പ്രതിഷേധക്കാരും ​പൊലീസും തമ്മിൽ കടുത്ത വാക്കേറ്റത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു.

സമരക്കാർ പിരിഞ്ഞുപോയ ശേഷം സെക്രട്ടറിയറ്റ് ഗേറ്റിനു മുന്നിൽ ബ്ലേഡുകൾ കണ്ടതാണ് പിന്നീട് വിവാദമായത്. പൊലീസും എസ്.എഫ്.ഐക്കാരും തമ്മിൽ ഇതേച്ചൊല്ലി ആരോപണ പ്രത്യാരോപണത്തിലേക്ക് വഴിമാറി.

പൊലീസ് ബ്ലേഡ് ഉപയോഗിച്ചതായാണ് എസ്.എഫ്.ഐക്കാർ പറയുന്നത്. പ്രവർത്തകരുടെ ശരീരത്തിൽ മുറിവേറ്റതുമായി ബന്ധപ്പെട്ട തെളിവുകൾ ഉൾപ്പെടെ എസ്എഫ്ഐ പുറത്തുവിട്ടു. എന്നാൽ, സമരക്കാർ ബ്ലേഡുമായി എത്തി എന്നാണ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലുള്ളത്. ബ്ലേഡ് ഉപയോഗിച്ചപ്പോൾ പൊലീസുകാരന്റെ കൈക്ക് പരിക്കേറ്റതായും ​ഇവർ പറയുന്നു.

സമരം നടക്കുമ്പോൾ സെക്രട്ടറിയറ്റിന് മുന്നിൽ സ്ഥാപിക്കുന്ന ബാരിക്കേഡ് കയറുകൊണ്ട് കെട്ടിയിടുകയാണ് പതിവ്. ഇങ്ങനെ കെട്ടിയ കയറ് അറുത്തുമാറ്റി അകത്ത് കടക്കാനാണ് എസ്.എഫ്.ഐക്കാർ ബ്ലേഡ് ഉപയോഗിച്ചത് എന്നും പൊലീസ് പറയുന്നു. അതിനിടയിലാണ് പൊലീസുകാരന്റെ കൈക്ക് ബ്ലേഡ് തട്ടി മുറിവേറ്റതെന്നും എഫ്.ഐ.ആറിൽ പറയുന്നു. ഈ കേസിലാണ് എസ്എഫ്ഐ പ്രവർത്തകൻ അൽ അമീൻ പിടിയിലായത്.

എസ്എഫ്ഐ പ്രവർത്തകൻ ബ്ലേഡ് ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് പറയുന്നുണ്ട്. പക്ഷേ, അത്തരം ദൃശ്യങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല. അതേസമയം, പൊലീസാണ് ബ്ലേഡ് ഉപയോഗിച്ച് മാരകമായി പരിക്കേൽപിച്ചത് എന്ന് കാണിച്ച് എസ്.എഫ്.ഐ നേതാക്കൾ ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368509/sfi-activist-arrested-for-using-blade-against-police-during-secretariat-march-clash)