---
title: "മോനെ ഇത് സിനിമയല്ല....! വളർത്തുനായകളെ തുറന്നുവിട്ട് ടെറസ് വഴി രക്ഷപ്പെടാൻ ശ്രമം; കഞ്ചാവ് കേസ് പ്രതിയെ കുടുക്കി എക്സൈസ്"
english_title: "A suspect in a cannabis case who tried to escape by unleashing his pet dogs on the excise team has been arrested."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368493/a-suspect-in-a-cannabis-case-who-tried-to-escape-by-unleashing-his-pet-dogs-on-the-excise-team-has-been-arrested-new"
published_at: "2026-06-26T10:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e0ad9a1e80_arrest.jpg"
keywords: ["Excise", "Pet Dog", "Cannabis case", "Youndman Arrest"]
---

# മോനെ ഇത് സിനിമയല്ല....! വളർത്തുനായകളെ തുറന്നുവിട്ട് ടെറസ് വഴി രക്ഷപ്പെടാൻ ശ്രമം; കഞ്ചാവ് കേസ് പ്രതിയെ കുടുക്കി എക്സൈസ്

> **Lead Summary:** **കൊല്ലങ്കോട്: (പാലക്കാട് ) **എക്സൈസ് സംഘത്തിനുനേരെ വളർത്തുനായകളെ തുറന്നുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ച കഞ്ചാവ് കേസിലെ പ്രതിയെ സാഹസികമായി പിടികൂടി. കൊല്ലങ്കോട് താടനാറ ത്രാമണി സ്വദേശി ജിജിറ്റിനെയാണ് പാലക്കാട് പുത്തൂർ വെള്ളോലി ലെയ്‌നിലെ വാടക വീട്ടിൽനിന്ന് എക്സൈസ് സംഘം പിടികൂടിയത്.

## Article Content

**കൊല്ലങ്കോട്: (പാലക്കാട് ) **എക്സൈസ് സംഘത്തിനുനേരെ വളർത്തുനായകളെ തുറന്നുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ച കഞ്ചാവ് കേസിലെ പ്രതിയെ സാഹസികമായി പിടികൂടി. കൊല്ലങ്കോട് താടനാറ ത്രാമണി സ്വദേശി ജിജിറ്റിനെയാണ് പാലക്കാട് പുത്തൂർ വെള്ളോലി ലെയ്‌നിലെ വാടക വീട്ടിൽനിന്ന് എക്സൈസ് സംഘം പിടികൂടിയത്.

മേഘാലയയിൽനിന്ന് കൊല്ലങ്കോട് തപാൽ ഓഫീസിലെത്തിയ പാഴ്‌സലിൽ 7.34 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത കേസിലാണ് അറസ്റ്റ്. കൊല്ലങ്കോട്ടും പാലക്കാട്ടുമുള്ള ഇയാളുടെ വീടുകളിൽ ഒരേസമയത്തായിരുന്നു എക്സൈസിന്റെ പരിശോധന.

രണ്ടുവീടുകളിലുമായി ഇരുപതോളം നായകളെയാണ് ഇയാൾ വളർത്തിയിരുന്നത്. ഈ നായകളെയാണ് എക്സൈസ് സംഘത്തിനുനേരേ തുറന്നുവിട്ടത്. പരിശോധനാസംഘം പാലക്കാട്ടെ വീടിനുമുൻപിൽ നിൽക്കുമ്പോൾ ടെറസ് വഴി രക്ഷപ്പെടാനും സഹോദരനുമായി ചേർന്ന് ആൾമാറാട്ടം നടത്തി എക്സൈസ് സംഘത്തെ തെറ്റിദ്ധരിപ്പിക്കാനും ഇയാൾ ശ്രമിച്ചു.

കുറച്ചു ദിവസമായി പ്രദേശം നിരീക്ഷണത്തിലായിരുന്നു. വീട്ടിൽ വളർത്തുനായകളുണ്ടെന്ന് മനസ്സിലാക്കിയ സംഘം അവയെ അനുനയിപ്പിക്കാൻ ബിസ്കറ്റും മറ്റുമായാണ് എത്തിയത്. ഫെബ്രുവരി നാലിനാണ് ജിജിറ്റിന്റെ വിലാസത്തിൽ കൊല്ലങ്കോട് തപാൽ ഓഫീസിലെത്തിയ പാഴ്സലിൽ കഞ്ചാവ് കണ്ടെത്തിയത്.

തുടർന്ന്, ഇയാൾ ഒളിവിലായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കേസിൽ സഹോദരങ്ങളായ കൊല്ലങ്കോട് തെക്കേ പാവടി ‘ശ്രീനിവാസി’ൽ ആർ. സഞ്ജയ്‌ (22), ആർ. രാഹുൽ (26) എന്നിവരെ നേരത്തേ എക്സൈസ് അറസ്റ്റുചെയ്തിരുന്നു.

ജിജിറ്റ് ജില്ലയിൽ എത്തിയതായി വിവരംകിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മേഘാലയയിൽനിന്ന് കഞ്ചാവ് അയച്ചവരെക്കുറിച്ചും പ്രതികൾക്ക് സാമ്പത്തികസഹായം നൽകിയവരെക്കുറിച്ചും അന്വേഷിച്ചു വരികയാണെന്ന് എക്സൈസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368493/a-suspect-in-a-cannabis-case-who-tried-to-escape-by-unleashing-his-pet-dogs-on-the-excise-team-has-been-arrested-new)