---
title: " എല്ലാം രണ്ടാനച്ഛന്റെ കളികൾ ....! വിദ്യാര്‍ത്ഥികൾ മദ്യം കുടിക്കുന്നത് ഉച്ചഭക്ഷണ സമയത്ത്, വാറ്റ് ചാരായം കുപ്പിലാക്കി കൊടുത്ത് രണ്ടാനച്ഛൻ, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ"
english_title: "Investigation underway after vat found in water bottle of 10th grade student at Thamarassery school"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368483/investigation-underway-after-vat-found-in-water-bottle-of-10th-grade-student-at-thamarassery-school"
published_at: "2026-06-26T09:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3dfe60ef895_POLICE.jpg"
keywords: ["Investigation", "Water bottle", "Thamarassery school", "Vat"]
---

#  എല്ലാം രണ്ടാനച്ഛന്റെ കളികൾ ....! വിദ്യാര്‍ത്ഥികൾ മദ്യം കുടിക്കുന്നത് ഉച്ചഭക്ഷണ സമയത്ത്, വാറ്റ് ചാരായം കുപ്പിലാക്കി കൊടുത്ത് രണ്ടാനച്ഛൻ, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് താമരശ്ശേരിയിലെ സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. വിദ്യാർത്ഥികളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

## Article Content

**കോഴിക്കോട്: **കോഴിക്കോട് താമരശ്ശേരിയിലെ സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. വിദ്യാർത്ഥികളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

വിദ്യാര്‍ത്ഥി സ്കൂളിലേക്ക് വാറ്റ് ചാരായം എത്തിക്കുന്നത് മൂന്നാം തവണയെന്നാണ് വെളിപ്പെടുത്തല്‍. സഹപാഠികള്‍ക്ക് നല്‍കാനാണ് സ്‌കൂളില്‍ മദ്യം എത്തിക്കുന്നത്. ഉച്ചഭക്ഷണ സമയത്താണ് വിദ്യാര്‍ത്ഥികള്‍ മദ്യം ഉപയോഗിക്കുന്നതെന്ന് പിടിഎ പ്രസിഡന്റ് പ്രതികരിച്ചു.

കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്‍കാന്‍ ശ്രമുണ്ടായെന്നും വെളിപ്പെടുത്തലുണ്ട്. മദ്യം കഴിക്കാത്ത വിദ്യാര്‍ത്ഥികളാണ് സംഭവം വെളിപ്പെടുത്തിയതെന്നും പിടിഎ പ്രസിഡന്റ് പറയുന്നു. സംഭവത്തില്‍ അബ്കാരി ആക്ട് പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. കേസില്‍ മുഖ്യപ്രതിയായ രണ്ടാനച്ഛനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും പൊലീസ് അറിയിച്ചു.

കുട്ടിയുടെ രണ്ടാനച്ഛനാണ് വാറ്റ് ചാരായം കുപ്പിലാക്കി കുട്ടിയുടെ ബാഗില്‍ കൊടുത്ത് വിടുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അര ലിറ്റര്‍ കുപ്പികളിലാക്കി കുട്ടിയെ ഏല്‍പ്പിക്കുമായിരുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. നിലവില്‍ രണ്ടാനച്ഛന്‍ ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് അന്വേഷം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വ്യാജ മദ്യം ഉണ്ടാക്കാന്‍ കുട്ടികളെ രണ്ടാനച്ഛന്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.

ഇന്നലെ അധ്യാപകരുടെ പരിശോധനയിലാണ് വാറ്റ് ചാരായം കണ്ടെത്തിയത്. രണ്ട് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് നടന്ന പരിശോധനയില്‍ വിദ്യാര്‍ത്ഥിയുടെ വീടിന് സമീപത്തെ തോട്ടത്തില്‍ നിന്നും 56 കുപ്പി (28 ലിറ്റര്‍) വാറ്റ് ചാരായം പിടികൂടുകയും ചെയ്തു.

വാറ്റുചാരായം നിര്‍മ്മിച്ചത് കുട്ടിയുടെ രണ്ടാനച്ചനാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. വിദ്യാർത്ഥി മദ്യം എത്തിക്കുന്നത് 500 എംഎൽ ബോട്ടുകളിലാണ്. പണം വാങ്ങിയാണ് വിദ്യാർത്ഥി മദ്യം മറ്റ് കുട്ടികള്‍ക്ക് നല്‍കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368483/investigation-underway-after-vat-found-in-water-bottle-of-10th-grade-student-at-thamarassery-school)