---
title: "വെനസ്വേലയിലെ ഇരട്ട ഭൂകമ്പം: മരണസംഖ്യ 235 ആയി; നാലായിരത്തിലേറെ പേർക്ക് പരിക്ക്"
english_title: "Twin earthquakes in Venezuela: Death toll rises to 235; over 4,000 injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368480/twin-earthquakes-in-venezuela-death-toll-rises-to-235-over-4000-injured"
published_at: "2026-06-26T09:46:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3dfe4e47af6_tyuyu.jpg"
keywords: ["Latest news", "Earthquakes", "Venezuela", "Death"]
---

# വെനസ്വേലയിലെ ഇരട്ട ഭൂകമ്പം: മരണസംഖ്യ 235 ആയി; നാലായിരത്തിലേറെ പേർക്ക് പരിക്ക്

> **Lead Summary:** കാരക്കാസ്: വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 235 ആയി ഉയർന്നു. ദുരന്തത്തിൽ 4,300-ലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കാർലോസ് അൽവാരാഡോ വ്യാഴാഴ്ച രാത്രി സ്റ്റേറ്റ് ടെലിവിഷനിലൂടെ അറിയിച്ചു. പരിക്കേറ്റവരിൽ നിരവധി പേർക്ക് അടിയന്തര ശസ്ത്രക്രിയകൾ വേണ്ടിവന്നതായും ചിലരെ ആശുപത്രികളിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

## Article Content

കാരക്കാസ്: വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 235 ആയി ഉയർന്നു. ദുരന്തത്തിൽ 4,300-ലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കാർലോസ് അൽവാരാഡോ വ്യാഴാഴ്ച രാത്രി സ്റ്റേറ്റ് ടെലിവിഷനിലൂടെ അറിയിച്ചു. പരിക്കേറ്റവരിൽ നിരവധി പേർക്ക് അടിയന്തര ശസ്ത്രക്രിയകൾ വേണ്ടിവന്നതായും ചിലരെ ആശുപത്രികളിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ബുധനാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ തലസ്ഥാനമായ കാരക്കാസ്, തുറമുഖ നഗരമായ ലാ ഗ്വൈറ എന്നിവടങ്ങളിലും സമീപപ്രദേശങ്ങളിലും വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും പൂർണ്ണമായും തകർന്നടിഞ്ഞു. വ്യാഴാഴ്ച രാത്രിയും തുടരുന്ന രക്ഷാപ്രവർത്തനത്തിനിടയിലും നിരവധി ആളുകൾ ഇപ്പോഴും തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് സൂചന. പലർക്കും വീടുകൾ നഷ്ടപ്പെട്ടതോടെ ജനങ്ങൾ തെരുവുകളിലും താൽക്കാലിക ക്യാമ്പുകളിലുമാണ് കഴിയുന്നത്.

ദുരന്തത്തിൽപ്പെട്ട വെനസ്വേലയെ സഹായിക്കാൻ അമേരിക്ക തങ്ങളുടെ അത്യാധുനിക രക്ഷാപ്രവർത്തക സംഘത്തെ (Rescue Team) അയക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ മറ്റ് പല വിദേശരാജ്യങ്ങളിൽ നിന്നും അടിയന്തര സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.

കടുത്ത സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധികളിലൂടെ രാജ്യം കടന്നുപോകുന്നതിനിടയിലാണ് വെനസ്വേലയെ കണ്ണീരിലാഴ്ത്തി വൻ ദുരന്തമെത്തിയത്. അതേസമയം, വിനിമയ ബന്ധങ്ങൾ തകരാറിലായതോടെ വിദേശങ്ങളിൽ കഴിയുന്ന വെനിസ്വേലൻ പൗരന്മാർ നാട്ടിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവരുടെ വിവരങ്ങൾ അറിയാനാകാതെ കടുത്ത ആശങ്കയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368480/twin-earthquakes-in-venezuela-death-toll-rises-to-235-over-4000-injured)