---
title: "'അവിഹിത ബന്ധത്തിന് തെളിവുണ്ടോ? ഇല്ലെങ്കിൽ ഭാര്യയുടെ ഫോൺവിളി നോക്കേണ്ട'; കോൾ റെക്കോർഡ് ആവശ്യപ്പെട്ട ഭർത്താവിന് തിരിച്ചടി"
english_title: "Late night phone calls are not immoral! Delhi court tells husband not to touch wife's privacy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368475/late-night-phone-calls-are-not-immoral-delhi-court-tells-husband-not-to-touch-wifes-privacy"
published_at: "2026-06-26T09:30:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b6dd151a12_court.jpg"
keywords: ["Latest News", "Delhi Court", "Womens Privacy Rights"]
---

# 'അവിഹിത ബന്ധത്തിന് തെളിവുണ്ടോ? ഇല്ലെങ്കിൽ ഭാര്യയുടെ ഫോൺവിളി നോക്കേണ്ട'; കോൾ റെക്കോർഡ് ആവശ്യപ്പെട്ട ഭർത്താവിന് തിരിച്ചടി

> **Lead Summary:** **ന്യൂഡൽഹി: **ഒരു പുരുഷനുമായി രാത്രി വൈകി ഫോണിൽ സംസാരിച്ചു എന്ന കാരണത്താൽ സ്ത്രീയുടെ സ്വഭാവത്തെ ചോദ്യം ചെയ്യാനോ അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനോ ഭർത്താവിന് അവകാശമില്ലെന്ന് ഡൽഹി കോടതി.

## Article Content

**ന്യൂഡൽഹി: **ഒരു പുരുഷനുമായി രാത്രി വൈകി ഫോണിൽ സംസാരിച്ചു എന്ന കാരണത്താൽ സ്ത്രീയുടെ സ്വഭാവത്തെ ചോദ്യം ചെയ്യാനോ അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനോ ഭർത്താവിന് അവകാശമില്ലെന്ന് ഡൽഹി കോടതി.

പുരുഷന്മാരുമായി സ്ത്രീകൾ സംസാരിക്കുന്നത് നിഷിദ്ധമായി കാണുന്ന ഒരു പ്രാകൃത സമൂഹമായി ഇന്ത്യൻ സമൂഹത്തിന് ഇനി മുന്നോട്ട് പോകാനാകില്ലെന്നും കോടതി ശക്തമായ ഭാഷയിൽ ഓർമ്മിപ്പിച്ചു.

ഗാർഹിക പീഡനക്കേസുമായി ബന്ധപ്പെട്ട്, തന്റെ ഭാര്യയുടെ ഫോൺ കോൾ വിവരങ്ങൾ ടെലികോം കമ്പനിയിൽ നിന്ന് വാങ്ങി സംരക്ഷിച്ചു വെക്കണമെന്ന ഭർത്താവിന്റെ ഹർജി തള്ളിക്കൊണ്ടാണ് അഡീഷണൽ സെഷൻസ് ജഡ്ജി ഷോനാലി ഗുപ്തയുടെ ഈ നിർണായക പരാമർശം.

ഭാര്യ രാത്രി വൈകിയും പല പുരുഷന്മാരുമായും ഫോണിൽ സംസാരിക്കാറുണ്ടെന്നും, അതിന്റെ തെളിവുകൾ ടെലികോം കമ്പനികൾ പിന്നീട് മായ്ച്ചുകളയാൻ സാധ്യതയുണ്ടെന്നുമായിരുന്നു ഭർത്താവിന്റെ വാദം. എന്നാൽ മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വ്യക്തമായ സാഹചര്യങ്ങളില്ലാതെ, രാത്രി ഫോൺ വിളിച്ചു എന്നതുകൊണ്ട് മാത്രം ഒരു സ്ത്രീയുടെ സ്വഭാവത്തെ സംശയിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

സ്വകാര്യതയ്ക്കുള്ള അവകാശം പരിപൂർണ്ണമല്ലെങ്കിൽ പോലും, ഒരു വ്യക്തിയുടെ ഫോൺ വിവരങ്ങൾ പരിശോധിക്കാൻ കൃത്യമായ നിയമപരമായ കാരണങ്ങൾ വേണമെന്നും കോടതി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368475/late-night-phone-calls-are-not-immoral-delhi-court-tells-husband-not-to-touch-wifes-privacy)