---
title: "'മകളുടെ രഹസ്യപ്രണയം അറിഞ്ഞിരുന്നില്ല, കേതനെ തള്ളിയിട്ട അതേ കോട്ടയിൽ നിന്ന് മകളെയും താഴേക്ക് തള്ളിയിടണം'; പൂനെ കൊലപാതകത്തിൽ സിയയുടെ പിതാവ് "
english_title: "Father Praveen Goyal against Zia Goyal, the main accused in the murder of her fiancé Ketan Agarwal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368464/father-praveen-goyal-against-zia-goyal-the-main-accused-in-the-murder-of-her-fianc-ketan-agarwal"
published_at: "2026-06-26T08:52:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cb4ed992a0_kethan.jpg"
keywords: ["Latest News", "Praveen Goyal", "Zia Goyal", "Ketan Agarwal Murder"]
---

# 'മകളുടെ രഹസ്യപ്രണയം അറിഞ്ഞിരുന്നില്ല, കേതനെ തള്ളിയിട്ട അതേ കോട്ടയിൽ നിന്ന് മകളെയും താഴേക്ക് തള്ളിയിടണം'; പൂനെ കൊലപാതകത്തിൽ സിയയുടെ പിതാവ് 

> **Lead Summary:** **പൂനെ: **പൂനെയിലെ ലോഹഗഡ് കോട്ടയിൽ വെച്ച് പ്രതിശ്രുത വരനായ കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതിയായ സിയ ഗോയലിനെതിരെ പിതാവ് പ്രവീൺ ഗോയൽ.

## Article Content

**പൂനെ: **പൂനെയിലെ ലോഹഗഡ് കോട്ടയിൽ വെച്ച് പ്രതിശ്രുത വരനായ കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതിയായ സിയ ഗോയലിനെതിരെ പിതാവ് പ്രവീൺ ഗോയൽ.

തന്റെ മകൾ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ അവൾക്ക് കഠിനമായ ശിക്ഷ തന്നെ നൽകണമെന്ന് ഇന്ത്യ ടുഡേ ടിവിക്ക് നൽകിയ വൈകാരികമായ അഭിമുഖത്തിൽ പ്രവീൺ ഗോയൽ വിശദമാക്കി. കേതനെ തള്ളിയിട്ടു കൊന്ന അതേ കോട്ടയിൽ കൊണ്ടുപോയി മകളെയും താഴേക്ക് തള്ളിയിടണമെന്നാണ് പ്രവീൺ ഗോയൽ പറഞ്ഞത്.

ഒരു പിതാവ് എന്ന നിലയിൽ മകൾക്ക് വധശിക്ഷ നൽകുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും കോടതി ഇതിൽ ഒട്ടും ഉപേക്ഷ വിചാരിക്കരുതെന്നും പ്രവീൺ ഗോയൽ വ്യക്തമാക്കി. കേതൻ തനിക്ക് സ്വന്തം മകനെപ്പോലെയായിരുന്നുവെന്നും അവന്റെ വേർപാട് ഇരു കുടുംബങ്ങളെയും തകർത്തുകളഞ്ഞുവെന്നും പ്രവീൺ ഗോയൽ പറഞ്ഞു.

വരാനിരിക്കുന്ന വിവാഹത്തിനായുള്ള ഒരുക്കങ്ങളിലായിരുന്നു തങ്ങൾ. മകളുടെ അറസ്റ്റ് വിവരം അറിഞ്ഞതുണ്ടാക്കിയ ആഘാതത്തിൽ പ്രവീൺ ഗോയലിനെ ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു. സിയ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു എന്നതിനെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്നും അവർ തമ്മിൽ പ്രശ്നങ്ങൾ ഉള്ളതായി ഒരിക്കലും തോന്നിയിരുന്നില്ലെന്നും മാതാപിതാക്കൾ പറഞ്ഞു.

പ്രീ വെഡ്ഡിങ് യാത്രയ്ക്കായി വലിയ തുക ചെലവഴിച്ച് ഷോപ്പിംഗ് നടത്തിയിരുന്നതായും അവർ കൂട്ടിച്ചേർത്തു. പെൺകുട്ടിയുടെ കുടുംബത്തിന് ഈ ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നു എന്ന ആരോപണം പ്രവീൺ ഗോയൽ നിഷേധിച്ചു.

സിയ വളരെ സാധാരണക്കാരിയായ ഒരു പെൺകുട്ടിയായിരുന്നുവെന്നും വിവാഹത്തിന്റെ കാര്യത്തിൽ അവൾ സന്തോഷവതിയായിരുന്നുവെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

ജൂൺ 18നാണ് പൂനെയിലെ റിയൽ എസ്റ്റേറ്റ് വ്യാപാരിയായ കേതൻ അഗർവാൾ കോട്ടയിൽ നിന്ന് വീണു മരിക്കുന്നത്. ആദ്യഘട്ടത്തിൽ ഇതൊരു ട്രെക്കിങ് അപകടമാണെന്നാണ് കരുതിയിരുന്നതെങ്കിലും, സിയയുടെ മൊഴികളിലെ വൈരുദ്ധ്യവും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച പോലീസ് ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.

സിയയും അവളുടെ കാമുകൻ ചേതൻ ചൗധരിയും ചേർന്ന് കേതനെ കോട്ടയിലെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി നടത്തിയ നിശ്ചയം റദ്ദാക്കിയാൽ കുടുംബത്തിന് നാണക്കേടുണ്ടാകുമെന്ന് ഭയന്നാണ് സിയ കാമുകനൊപ്പം ചേർന്ന് ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തത്. പ്രതികൾ രണ്ടുപേരും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368464/father-praveen-goyal-against-zia-goyal-the-main-accused-in-the-murder-of-her-fianc-ketan-agarwal)