---
title: "കാവലിന് പിറ്റ് ബുൾ നായ്ക്കൾ, ഇരുമ്പ് വടികൊണ്ടുള്ള മർദ്ദനം; ഉത്ത‍ർപ്രദേശിലെ പാത്ര നിർമ്മാണ ഫാക്ടറിയിലെ അടിമവേലയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്"
english_title: "Police rescue 12 workers who were brutally tortured from a pottery factory"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368456/police-rescue-12-workers-who-were-brutally-tortured-from-a-pottery-factory"
published_at: "2026-06-26T08:32:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3decf7514a0_utarpradesh.jpg"
keywords: ["Latest News", "Pottery Factory", "Police Rescue", "Brutally Tortured", "Uttar Pradesh"]
---

# കാവലിന് പിറ്റ് ബുൾ നായ്ക്കൾ, ഇരുമ്പ് വടികൊണ്ടുള്ള മർദ്ദനം; ഉത്ത‍ർപ്രദേശിലെ പാത്ര നിർമ്മാണ ഫാക്ടറിയിലെ അടിമവേലയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

> **Lead Summary:** **ആഗ്ര: ഉ**ത്തർപ്രദേശിലെ മുസാഫർനഗറിലുള്ള ഒരു ഡിസ്പോസിബിൾ പാത്ര നിർമ്മാണ ഫാക്ടറിയിൽ നിന്ന് ക്രൂരമായ പീഡനങ്ങൾക്കിരയായ 12 തൊഴിലാളികളെ പൊലീസ് രക്ഷപ്പെടുത്തി.

## Article Content

**ആഗ്ര: ഉ**ത്തർപ്രദേശിലെ മുസാഫർനഗറിലുള്ള ഒരു ഡിസ്പോസിബിൾ പാത്ര നിർമ്മാണ ഫാക്ടറിയിൽ നിന്ന് ക്രൂരമായ പീഡനങ്ങൾക്കിരയായ 12 തൊഴിലാളികളെ പൊലീസ് രക്ഷപ്പെടുത്തി.

മാസങ്ങളോളം തങ്ങളെ ഫാക്ടറിക്കുള്ളിൽ പൂട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ട തൊഴിലാളികൾ പൊലീസിനോടും ഡോക്ടർമാരോടും വെളിപ്പെടുത്തി.

തങ്ങൾ രക്ഷപ്പെടാതിരിക്കാൻ ഫാക്ടറിക്ക് ചുറ്റും ആക്രമകാരികളായ 'പിറ്റ് ബുൾ' ഇനത്തിൽപ്പെട്ട നായ്ക്കളെ കാവൽ നിർത്തിയിരുന്നതായും ഇരുമ്പ് വടികളും കുന്തം പോലുള്ള ആയുധങ്ങളും ഉപയോഗിച്ചാണ് തങ്ങളെ ഉടമകൾ പീഡിപ്പിച്ചിരുന്നതെന്നും ഇവർ പറഞ്ഞു.

മുസാഫർനഗറിലെ മാണ്ഡി ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിൽ തിതാവി പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് തൊഴിലാളികളെ കണ്ടെത്തിയത്.

നിലവിൽ ഇവർ സർക്കാർ ആശുപത്രിയിൽ കൗൺസിലിംഗിനും വിദഗ്ദ്ധ ചികിത്സയ്ക്കും വിധേയരായി വരികയാണ്. രാജസ്ഥാനിലെ ജോധ്പൂർ സ്വദേശിയായ ഒരു തൊഴിലാളി ഫാക്ടറിയുടെ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ട് പൊലീസിനെ വിവരമറിയിച്ചതോടെയാണ് ഈ ക്രൂരത പുറംലോകം അറിഞ്ഞത്.

നല്ല ശമ്പളവും ഭക്ഷണവും താമസവും വാഗ്ദാനം ചെയ്താണ് തങ്ങളെ മുസാഫർനഗറിലേക്ക് കൊണ്ടുവന്നതെന്ന് ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, യുപി സ്വദേശികളായ തൊഴിലാളികൾ പറഞ്ഞു. എന്നാൽ ഫാക്ടറിക്കുള്ളിൽ പ്രവേശിപ്പിച്ചയുടൻ ഇവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും തിരിച്ചറിയൽ രേഖകൾ നശിപ്പിക്കുകയും ചെയ്തു. മാസങ്ങളോളം കുടുംബവുമായി ബന്ധപ്പെടാൻ ഇവരെ അനുവദിച്ചില്ല.

> "ഞങ്ങളെ തടവുകാരെപ്പോലെയാണ് അവർ കണ്ടത്. തവിട് ചേർത്ത ഉണങ്ങിയ റൊട്ടിയാണ് ഭക്ഷണമായി തന്നിരുന്നത്. എന്തെങ്കിലും തെറ്റ് പറ്റിയാലോ ചോദ്യങ്ങൾ ചോദിച്ചാലോ ഇരുമ്പ് വടികൾ കൊണ്ട് ക്രൂരമായി അടിക്കും. വീട്ടിൽ പോകണമെന്ന് പറഞ്ഞാൽ പീഡനം കൂടും" - രക്ഷപ്പെട്ട രാമു എന്ന തൊഴിലാളി പറഞ്ഞു.

പല തൊഴിലാളികളുടെയും ശരീരത്തിൽ പഴയതും പുതിയതുമായ നിരവധി മുറിവുകളുണ്ടെന്നും ശാരീരികമായും മാനസികമായും ഇവർ കടുത്ത ആഘാതത്തിലാണെന്നും പരിശോധിച്ച ഡോക്ടർ ദീപാങ്കർ കുമാർ വ്യക്തമാക്കി.

ഫാക്ടറിക്കുള്ളിൽ വെച്ച് അർജുൻ ഒരു തൊഴിലാളിയെ ഉടമകൾ ക്രൂരമായി കൊലപ്പെടുത്തിയതായും തൊഴിലാളികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. 2025 നവംബറിലാണ് ഈ കൊലപാതകം നടന്നതെന്നാണ് ആരോപണം. ഇതേക്കുറിച്ച് പൊലീസ് പ്രത്യേക അന്വേഷണം ആരംഭിച്ചു. കാണാതായവരുടെ വിവരങ്ങളും പ്രദേശത്തെ മറ്റ് റെക്കോർഡുകളും പൊലീസ് പരിശോധിച്ചുവരികയാണ്.

സംഭവവുമായി ബന്ധപ്പെട്ട് ശിവ ത്യാഗി, പ്രദീപ് ബാലിയൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫാക്ടറി ഉടമയായ അങ്കിത് ബാലിയൻ നിലവിൽ ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി എസ്എസ്പി സഞ്ജയ് കുമാർ വർമ്മ അറിയിച്ചു.

മനുഷ്യക്കടത്ത്, അനധികൃതമായി തടങ്കലിൽ വെക്കൽ, അടിമവേല, രേഖകൾ നശിപ്പിക്കൽ, ശമ്പളം നൽകാതിരിക്കൽ, കൊലപാതകം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368456/police-rescue-12-workers-who-were-brutally-tortured-from-a-pottery-factory)