---
title: "ഹൈബി ഈഡൻ എംപിയെ കൊല്ലുമെന്നു ഭീഷണി, വീട്ടുവളപ്പിൽ അതിക്രമിച്ചു കടന്ന് സാധനങ്ങള്‍ അടിച്ചുതകര്‍ത്തു; പ്രതി പ്രീഡിഗ്രി സഹപാഠി"
english_title: "youth arrested for attacking mp hibi eden home issuing death threat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368447/youth-arrested-for-attacking-mp-hibi-eden-home-issuing-death-threat"
published_at: "2026-06-26T06:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3dcf6a6bcfb_arrest.jpg"
keywords: ["Latest News", "MP Hibi Eden", "House Attack", "Arrest", "Eranakulam"]
---

# ഹൈബി ഈഡൻ എംപിയെ കൊല്ലുമെന്നു ഭീഷണി, വീട്ടുവളപ്പിൽ അതിക്രമിച്ചു കടന്ന് സാധനങ്ങള്‍ അടിച്ചുതകര്‍ത്തു; പ്രതി പ്രീഡിഗ്രി സഹപാഠി

> **Lead Summary:** കൊച്ചി: ഹൈബി ഈഡൻ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കുകയും വീട്ടുവളപ്പിൽ അതിക്രമിച്ചു കടന്നു സാധനസാമഗ്രികൾ അടിച്ചുതകർക്കുകയും ചെയ്തയാൾ പിടിയിൽ. തൃപ്പൂണിത്തുറ സ്വദേശി അലക്സ് ചാക്കോയാണ് അറസ്റ്റിലായത്.

## Article Content

കൊച്ചി: ഹൈബി ഈഡൻ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കുകയും വീട്ടുവളപ്പിൽ അതിക്രമിച്ചു കടന്നു സാധനസാമഗ്രികൾ അടിച്ചുതകർക്കുകയും ചെയ്തയാൾ പിടിയിൽ. തൃപ്പൂണിത്തുറ സ്വദേശി അലക്സ് ചാക്കോയാണ് അറസ്റ്റിലായത്.

കലൂർ ജോർജ് ഈഡൻ റോഡിലെ അമ്പാട്ട് വീട്ടിൽ ഇന്നലെ പുലർച്ചെ രണ്ടേമുക്കാലോടെയായിരുന്നു അക്രമം. താൻ എംപിയുടെ വസതിയിൽ അതിക്രമം നടത്തിയെന്നും കാർ കത്തിക്കാൻ പോവുകയാണെന്നും പ്രതി അക്രമശേഷം പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചിരുന്നു.

എന്നാൽ, രാവിലെ എംപിയുടെ ഭാര്യ അന്ന ലിൻഡ കൺട്രോൾ റൂമിൽ വിളിച്ചു പരാതി അറിയിച്ച ശേഷമാണു പൊലീസ് സ്ഥലത്തെത്തിയതെന്ന് ആരോപണമുണ്ട്. സംഭവസ്ഥലം പാലാരിവട്ടം പൊലീസിന്റെ പരിധിയിലായതിനാൽ നോർത്ത് പൊലീസ് സീറോ എഫ്ഐആർ റജിസ്റ്റർ ചെയ്തു കേസ് പാലാരിവട്ടത്തേക്കു കൈമാറി. പാലാരിവട്ടം പൊലീസ് പിന്നീടു പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.

രാത്രി 12.45ന് പ്രതി എംപിയുടെയും ഭാര്യയുടെയും വാട്സാപ് നമ്പറുകളിലേക്കു ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നു. ഫോണിൽ വിളിച്ചും കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. പുലർച്ചെ 3 മണിയോടെ എന്തോ എറിഞ്ഞു പൊട്ടിക്കുന്ന ശബ്ദം കേട്ടു ഹൈബിയും ഭാര്യയും ഉണർന്നു നോക്കിയെങ്കിലും ആരെയും കണ്ടില്ല.

വീടിനു പുറത്തിറങ്ങി അപ്പോൾ പരിശോധന നടത്തിയിരുന്നില്ല. ടോർച്ച് തെളിച്ചു ജനലിലൂടെ പുറത്തേക്കു നോക്കിയപ്പോൾ ഒരു കാർ വേഗത്തിൽ റിവേഴ്സ് എടുത്തു പോകുന്നതു കണ്ടിരുന്നതായി ഹൈബി പറഞ്ഞു. രാവിലെ പുറത്തിറങ്ങി നോക്കിയപ്പോഴാണു വീടിന്റെ മുന്നിലെ മുപ്പതോളം സെറാമിക് ചെടിച്ചട്ടികൾ സിറ്റ്ഔട്ടിലും സമീപത്തുമായി അടിച്ചു തകർത്തതു കണ്ടത്.

പൊട്ടിക്കിടക്കുന്ന ചെടിച്ചട്ടികൾക്ക് ഇടയിൽനിന്നു മുന്നിലെ സിസിടിവി ക്യാമറയിൽ മുഖം പതിയുന്ന വിധത്തിൽ സെൽഫി വിഡിയോ എടുത്ത പ്രതി ഈ ദൃശ്യങ്ങളും അക്രമവിവരം പൊലീസിൽ കൺട്രോൾ റൂമിൽ അറിയിക്കുന്നതിന്റെ ഫോൺ റെക്കോർഡിങ്ങും എംപിക്കും ഭാര്യയ്ക്കും വാട്സാപ്പിൽ അയച്ചു നൽകുകയും ചെയ്തു.

എംപിയുടെ വീടു താൻ തല്ലിത്തകർത്തതായും എംപിയുടെ കാർ ഉടൻ കത്തിക്കുമെന്നും ഉള്ള ഭീഷണിയാണു കൺട്രോൾ റൂമിലേക്കു വിളിച്ച പ്രതി മുഴക്കിയത്.

എംപിയുടെ പ്രീഡിഗ്രി കാലത്തെ സഹപാഠിയാണ് അലക്സ്. വീടിന്റെ ജപ്തി നടപടികൾ എംപി ഇടപെട്ടു തടയണം എന്ന ആവശ്യം പ്രതി ഉന്നയിച്ചിരുന്നു. എന്നാൽ, ബാങ്ക് നടപടികളിൽ ഇടപെടാനുള്ള പരിമിതികൾ എംപി ചൂണ്ടിക്കാട്ടി. ഇതിൽ പ്രകോപിതനായാണ് അതിക്രമം നടത്തിയതെന്നു പൊലീസ് പറയുന്നു. തന്നെ പ്രതി അസമയത്തു വിളിച്ചു പലപ്പോഴും വർഗീയച്ചുവയുള്ള കാര്യങ്ങൾ പറഞ്ഞു ശല്യം ചെയ്യുന്നതു പതിവായിരുന്നുവെന്നും ഹൈബി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368447/youth-arrested-for-attacking-mp-hibi-eden-home-issuing-death-threat)