---
title: "ക്രൂരത....! ഹോസ്റ്റല്‍ ശുചിമുറിയില്‍ കുഞ്ഞിന് ജന്‍മം നല്‍കി; പിന്നാലെ 19-കാരി നവജാത ശിശുവിനെ എറിഞ്ഞ് കൊന്നു"
english_title: "19 year old woman throws newborn baby to death in Hyderabad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368413/19-year-old-woman-throws-newborn-baby-to-death-in-hyderabad"
published_at: "2026-06-25T18:58:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a31257444a5c_BABY.jpg"
keywords: ["Latest News", "Crime", "New Born Baby", "Death", "Police Case"]
---

# ക്രൂരത....! ഹോസ്റ്റല്‍ ശുചിമുറിയില്‍ കുഞ്ഞിന് ജന്‍മം നല്‍കി; പിന്നാലെ 19-കാരി നവജാത ശിശുവിനെ എറിഞ്ഞ് കൊന്നു

> **Lead Summary:** ഹൈദരാബാദ്: ഹൈദരാബാദില്‍ 19കാരി നവജാത ശിശുവിനെ എറിഞ്ഞ് കൊന്നു. സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍ കോളേജിന്റെ ഹോസ്റ്റലിലാണ് സംഭവം. 19കാരിയായ വിദ്യാര്‍ത്ഥിനി ആണ് ഹോസ്റ്റല്‍ ശുചിമുറിയില്‍ കുഞ്ഞിന് ജന്‍മം നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.

## Article Content

ഹൈദരാബാദ്: ഹൈദരാബാദില്‍ 19കാരി നവജാത ശിശുവിനെ എറിഞ്ഞ് കൊന്നു. സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍ കോളേജിന്റെ ഹോസ്റ്റലിലാണ് സംഭവം. 19കാരിയായ വിദ്യാര്‍ത്ഥിനി ആണ് ഹോസ്റ്റല്‍ ശുചിമുറിയില്‍ കുഞ്ഞിന് ജന്‍മം നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.

ഇതിന് പിന്നാലെ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയുടെ ജനാലയിലൂടെ കുഞ്ഞിനെ പുറത്തേക്കെറിയുകയായിരുന്നു. ഗോല്‍ക്കൊണ്ടയിലെ തെലുങ്കാന മൈനോരിറ്റി റെസിഡന്‍ഷ്യന്‍ ജൂനിയര്‍ കോളേജിലെ ഇന്റര്‍മീഡിയേറ്റ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി.

ചൊവ്വാഴ്ച കോളേജിലെത്തിയ പ്രിന്‍സിപ്പല്‍, ഓഫീസിന്റെ ജനാല തുറന്നപ്പോഴാണ് അടുത്തുള്ള സര്‍ക്കാര്‍ ഡിസ്‌പെന്‍സറിയുടെ മേല്‍ക്കൂരയില്‍ നവജാതശിശുവിനെ ചലനമറ്റ നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ സിസിടിവി പരിശേധിച്ചതില്‍ നിന്നാണ് അന്വേഷണം 19 കാരിയിലേക്കെത്തുന്നത്.

ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റസമ്മതം നടത്തുകയായിരുന്നു. താന്‍ ഗര്‍ഭിണി ആയിരുന്നുവെന്നും പുലര്‍ച്ചെ 4.30ഓടെ ശുചിമുറിയില്‍ കുഞ്ഞിന് ജന്‍മം നല്‍കുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു.

പിന്നാലെ നവജാതശിശുവിനെ ബക്കറ്റിലിട്ട് റൂമില്‍ കൊണ്ടുവരികയും മുറിയുടെ ജനാലയിലൂടെ പുറത്തേക്കെറിയുകയായിരുന്നു എന്നുമാണ് പെണ്‍കുട്ടി പറഞ്ഞത്.

കുഞ്ഞിന് തലയില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതാകാം മരണകാരണമെന്ന് കരുതപ്പെടുന്നു. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 103(1), 238 പ്രകാരം കൊലപാതകത്തിനും തെളിവ് നശിപ്പിക്കലിനും പെണ്‍കുട്ടിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം പെണ്‍കുട്ടി തന്റെ 22കാരനായ കസിന്‍ രാജ്കുമാറുമായി പ്രണയത്തിലായിരുന്നുവെന്നും ഇയാളില്‍ നിന്നാണ് ഗര്‍ഭിണിയായതെന്നുമാണ് പൊലീസ് കണ്ടെത്തല്‍.

പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞതിന് പിന്നാലെ ഇയാള്‍ വിവാഹത്തിന് വിസമ്മതിക്കുകയായിരുന്നു. കൂടാതെ ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിനെ കൊല്ലാനുള്ള ശ്രമവും പലതവണയായി ഇയാള്‍ നടത്തിയെന്നും ഗോല്‍ക്കൊണ്ട എസ്എച്ച്ഒ പി സൈദുളു പറഞ്ഞു.

പ്രസവത്തിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായ പെണ്‍കുട്ടി നിലവില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥിനി ആശുപത്രി വിട്ടതിന് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368413/19-year-old-woman-throws-newborn-baby-to-death-in-hyderabad)