---
title: "രണ്ടാനച്ഛനെ പിടിക്കാൻ പൊലീസ്; കോഴിക്കോട് പത്താം ക്ലാസുകാരൻ സ്കൂൾ ബാഗിൽ ചാരായം കൊണ്ടുവന്ന സംഭവം; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതം"
english_title: "Kozhikode 10th grader brought liquor in school bag; Search intensified for the accused"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368412/Kozhikode-10th-grader-brought-liquor-in-school-bag-Search-intensified-for-the-accused"
published_at: "2026-06-25T18:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a6ef68048c_police.jpg"
keywords: ["Latest News", "Illicit Liquor", "Kozhikode School Student", "Police Case"]
---

# രണ്ടാനച്ഛനെ പിടിക്കാൻ പൊലീസ്; കോഴിക്കോട് പത്താം ക്ലാസുകാരൻ സ്കൂൾ ബാഗിൽ ചാരായം കൊണ്ടുവന്ന സംഭവം; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതം

> **Lead Summary:** **കോഴിക്കോട് : **താമരശ്ശേരിയിലെ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ രണ്ടാനച്ഛനായി തിരച്ചിൽ ഊർജിതമാക്കി പോലീസ്.

## Article Content

**കോഴിക്കോട് : **താമരശ്ശേരിയിലെ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ രണ്ടാനച്ഛനായി തിരച്ചിൽ ഊർജിതമാക്കി പോലീസ്.

അധ്യാപകർ നടത്തിയ ബാഗ് പരിശോധനയിലാണ് വാട്ടർ ബോട്ടിലിൽ സൂക്ഷിച്ച നിലയിൽ ചാരായം കണ്ടെടുത്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് അധ്യാപകർ വിദ്യാർത്ഥികളുടെ ബാഗുകൾ പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു.

സ്കൂളിലെത്തിയ അധ്യാപകർ നടത്തിയ ചോദ്യം ചെയ്യലിൽ, മറ്റൊരു സഹപാടിയാണ് തനിക്ക് ഈ വാറ്റുചാരായം എത്തിച്ചു നൽകിയതെന്ന് കുട്ടി വെളിപ്പെടുത്തി. പല ദിവസങ്ങളിലും ഇത്തരത്തിൽ സ്കൂളിൽ ചാരായം എത്തിക്കാറുണ്ടെന്നും ഇത് മറ്റ് സഹപാടികൾക്ക് നൽകാറുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്.

ഈ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ, വിദ്യാർത്ഥിയുടെ രണ്ടാനച്ഛൻ വ്യാജ മദ്യനിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നതായും കുട്ടിയെ ഇതിനായി സഹായിയായി കൂട്ടിയിരുന്നു എന്നും വ്യക്തമായിരുന്നു. ഇതിനെതുടർന്നാണ് ഒളിവിൽ പോയ രണ്ടാനച്ഛനായി പോലീസ് തിരച്ചിൽ ഊര്ജിതമാക്കിയത്.

വിദ്യാർത്ഥിയുടെ വീടിനോട് ചേർന്ന് പോലീസ് നടത്തിയ പരിശോധനയിൽ 28 ലിറ്റർ നാടൻ ചാരായം കണ്ടെടുത്തിട്ടുണ്ട്. കുട്ടിയുടെ രണ്ടാനച്ഛനായ രമേശിനെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

സംഭവത്തിൽ ഉൾപ്പെട്ട രണ്ട് വിദ്യാർത്ഥികളെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കിയ ശേഷം ബോയ്സ് കെയർ ഹോമിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368412/Kozhikode-10th-grader-brought-liquor-in-school-bag-Search-intensified-for-the-accused)