---
title: "ബക്കാഡി കമ്പനിക്ക് ഇളവ് നൽകിയത് അഴിമതി; ഫിനാൻസ് ബില്ലിൽ നിന്ന് നികുതിയിളവ് ഒഴിവാക്കണമെന്ന് സി.പി.ഐ എം"
english_title: "UDF Liquor Policy Controversy, Liquor Tax Concession Corruption, Bacardi Company, CPIM"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368402/udf-liquor-policy-controversy-liquor-tax-concession-corruption-bacardi-company-cpim"
published_at: "2026-06-25T17:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d17ea9d559_CPIM.jpg"
keywords: ["Latest News", "UDF Liquor Policy Controversy", "Liquor Tax Concession Corruption", "Bacardi Company", "CPIM"]
---

# ബക്കാഡി കമ്പനിക്ക് ഇളവ് നൽകിയത് അഴിമതി; ഫിനാൻസ് ബില്ലിൽ നിന്ന് നികുതിയിളവ് ഒഴിവാക്കണമെന്ന് സി.പി.ഐ എം

> **Lead Summary:** തിരുവനന്തപുരം: മദ്യനയം യു.ഡി.എഫ് തീരുമാനിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയും നിയമസഭയോടുള്ള അനാദരവുമാണെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ബക്കാഡി കമ്പനിക്ക് വേണ്ടി മദ്യ നികുതിയിൽ 600 കോടി രൂപയുടെ ഇളവ് നൽകിയ ബജറ്റ് നിർദ്ദേശം പിൻവലിക്കാത്ത സർക്കാർ നടപടി പ്രതിഷേധാർഹമാണ്.

## Article Content

തിരുവനന്തപുരം: മദ്യനയം യു.ഡി.എഫ് തീരുമാനിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയും നിയമസഭയോടുള്ള അനാദരവുമാണെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ബക്കാഡി കമ്പനിക്ക് വേണ്ടി മദ്യ നികുതിയിൽ 600 കോടി രൂപയുടെ ഇളവ് നൽകിയ ബജറ്റ് നിർദ്ദേശം പിൻവലിക്കാത്ത സർക്കാർ നടപടി പ്രതിഷേധാർഹമാണ്.

ഈ നിർദ്ദേശം ഫിനാൻസ് ബില്ലിൽ ഉൾപ്പെടുത്തിയാൽ, അത് കമ്പനിക്ക് കോടതിയിൽ നിന്ന് അനുകൂല വിധി നേടാൻ സഹായകരമാകും. ബക്കാഡി കമ്പനിയുമായി നടത്തിയ ഇടപാടിലൂടെ ലഭിച്ച തുകയുടെ വിവരങ്ങൾ പുറത്തുവരുമെന്ന ഭയത്താലാണ് സർക്കാർ ഈ നിർദ്ദേശം പിൻവലിക്കാൻ മടിക്കുന്നത്. ഫിനാൻസ് ബിൽ പാസാക്കിയ ശേഷമാണോ യു.ഡി.എഫ് മദ്യനയം രൂപീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നും സി.പി.ഐ(എം) ചോദിച്ചു.

മദ്യ നികുതി കുറച്ച നടപടിക്കെതിരെ പ്രതിപക്ഷത്തിന് പുറമെ യുഡിഎഫിലെ ഘടകകക്ഷികളിൽ നിന്നും കോൺഗ്രസിനുള്ളിൽ നിന്നും മത-സാമുദായിക സംഘടനകളിൽ നിന്നും ജനങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്. വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ യുഡിഎഫ് തീരുമാനിക്കുകയാണെങ്കിൽ അത് സംസ്ഥാന ഖജനാവിന് 600 കോടി രൂപയുടെ നഷ്ടമുണ്ടാക്കും. ബജറ്റിലെ ഈ നികുതി നിർദ്ദേശം ഫിനാൻസ് ബില്ലിൽ ഉൾപ്പെടുത്താനാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി ശ്രമിക്കുന്നത്. അതിനാൽ, ഫിനാൻസ് ബില്ലിൽ ഈ ഇളവ് ഒഴിവാക്കുമോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കൃത്യമായ മദ്യനയം ആവിഷ്കരിക്കുകയും പഴവർഗ്ഗങ്ങളിൽ നിന്നും വീര്യം കുറഞ്ഞ പാനീയങ്ങൾ ഉൽപ്പാദിപ്പിക്കാൻ കർഷകർക്ക് അനുമതി നൽകുകയുമാണ് ചെയ്തത്. പുതിയതായി അംഗീകരിച്ച 'ഹോർട്ടി വൈൻ' വഴി സർക്കാരിന് 80 കോടി രൂപയുടെ അധിക വരുമാനവും ലഭിച്ചു. എന്നാൽ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ തന്നെ മദ്യരാജാക്കന്മാർക്ക് 600 കോടി രൂപയുടെ ഇളവ് നൽകുന്നത് അഴിമതിയല്ലാതെ മറ്റെന്താണെന്ന് സിപിഐ എം ചോദിച്ചു. എൽഡിഎഫ് സർക്കാർ വീര്യം കുറഞ്ഞ സ്പിരിറ്റ് ഉപയോഗിച്ചുള്ള മദ്യത്തിന് നികുതി നിശ്ചയിക്കാതിരുന്നതുകൊണ്ടാണ് ബക്കാഡി കമ്പനിയുടെ അപേക്ഷ ജിഎസ്ടി കമീഷണര്‍ക്ക്‌ തിരസ്‌ക്കരിക്കാന്‍ കഴിഞ്ഞത്‌. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് നിയമസഭയിൽ വ്യക്തമായ മറുപടി നൽകാൻ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ കാപട്യം ജനങ്ങൾ തിരിച്ചറിയുമെന്നും സിപിഐ എം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368402/udf-liquor-policy-controversy-liquor-tax-concession-corruption-bacardi-company-cpim)