---
title: "യൂറോപ്പിലെ ഉഷ്ണതരംഗം ഫോസിൽ ഇന്ധന മലിനീകരണത്തിന്റെ ഫലം; മുന്നറിയിപ്പുമായി യുഎൻ കാലാവസ്ഥാ മേധാവി"
english_title: "Europe Heatwave, UN Climate Warning"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368395/europe-heatwave-un-climate-warning"
published_at: "2026-06-25T17:09:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d142ce154e_Europe_Heatwave,_UN_Climate_Warning.jpg"
keywords: ["Latest News", "Europe Heatwave", "Climate Change", "Global Warming", "Fossil Fuels"]
---

# യൂറോപ്പിലെ ഉഷ്ണതരംഗം ഫോസിൽ ഇന്ധന മലിനീകരണത്തിന്റെ ഫലം; മുന്നറിയിപ്പുമായി യുഎൻ കാലാവസ്ഥാ മേധാവി

> **Lead Summary:** പാരീസ്: യൂറോപ്പിൽ അനുഭവപ്പെടുന്ന കടുത്ത ഉഷ്ണതരംഗം ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണത്തിന്റെ നേരിട്ടുള്ള ഫലമാണെന്ന് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വിഭാഗം മേധാവി സൈമൺ സ്റ്റീൽ മുന്നറിയിപ്പ് നൽകി.

## Article Content

പാരീസ്: യൂറോപ്പിൽ അനുഭവപ്പെടുന്ന കടുത്ത ഉഷ്ണതരംഗം ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണത്തിന്റെ നേരിട്ടുള്ള ഫലമാണെന്ന് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വിഭാഗം മേധാവി സൈമൺ സ്റ്റീൽ മുന്നറിയിപ്പ് നൽകി.

കൽക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവയുടെ അമിതമായ ഉപയോഗം നിർത്താതെ ഈ സാഹചര്യത്തിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യൂറോപ്പിലെ ഈ കടുത്ത ഉഷ്ണതരംഗത്തിന് പിന്നിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ വ്യക്തമായ തെളിവുകളുണ്ട്.

നമ്മുടെ ഭൂമിയെ ചുട്ടുപൊള്ളിക്കുന്ന ഫോസിൽ ഇന്ധന മലിനീകരണത്തിന് നമ്മൾ നൽകുന്ന ഏറ്റവും പുതിയ വിലയാണിതെന്നും സൈമൺ സ്റ്റീൽ പ്രസ്താവനയിൽ പറഞ്ഞു. ഫ്രാൻസ്, ബ്രിട്ടൻ, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ റെക്കോർഡ് താപനിലയാണ് ഈ ആഴ്ച രേഖപ്പെടുത്തിയത്.

പല രാജ്യങ്ങളും ഉയർന്ന തലത്തിലുള്ള ഹീറ്റ് അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഉഷ്ണതരംഗം ആരോഗ്യസംവിധാനങ്ങൾക്ക് വലിയ വെല്ലുവിളിയാണെന്നും, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ കൂടുതൽ പ്രതിരോധശേഷിയുള്ള ആരോഗ്യമേഖലകൾ അടിയന്തരമായി ആവശ്യമാണെന്നും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകി.

35 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനിലയാണ് പലയിടത്തും രേഖപ്പെടുത്തുന്നത്. ഭൂഗോളത്തിലെ താപനില കുറയ്ക്കാൻ മനുഷ്യൻ അടിയന്തരമായി ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്നും സ്റ്റീൽ ആവർത്തിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368395/europe-heatwave-un-climate-warning)