---
title: "പെട്രോൾ വിലയെച്ചൊല്ലി തർക്കം; പമ്പ് ജീവനക്കാരന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി, രക്ഷിക്കാൻ ശ്രമിച്ച പിതാവിനും  പൊള്ളലേറ്റു"
english_title: "Argument over petrol price; Youths set pump employee on fire, father who came to save him also suffered burns"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368385/argument-over-petrol-price-youths-set-pump-employee-on-fire-father-who-came-to-save-him-also-suffered-burns"
published_at: "2026-06-25T16:34:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d0bf2b4eb3_fire.jpg"
keywords: ["Latest news", "Petrol price", "Petrol  pump", "Burns"]
---

# പെട്രോൾ വിലയെച്ചൊല്ലി തർക്കം; പമ്പ് ജീവനക്കാരന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി, രക്ഷിക്കാൻ ശ്രമിച്ച പിതാവിനും  പൊള്ളലേറ്റു

> **Lead Summary:** ഭോപ്പാൽ: **[**മധ്യപ്രദേശിലെ ഗ്വാളിയോറിൽ പെട്രോൾ വിലയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പമ്പ് ജീവനക്കാരനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി. ആക്രമണത്തിൽ 26-കാരനായ ആകാശ് സെംഗാറിന് ഗുരുതരമായി പൊള്ളലേറ്റു. മകനെ രക്ഷിക്കാൻ ഓടിയെത്തിയ പിതാവ് രാംചന്ദ്ര സെംഗാറിനും പൊള്ളലേറ്റതായി പൊലീസ് അറിയിച്ചു.

## Article Content

ഭോപ്പാൽ: **[**മധ്യപ്രദേശിലെ ഗ്വാളിയോറിൽ പെട്രോൾ വിലയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പമ്പ് ജീവനക്കാരനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി. ആക്രമണത്തിൽ 26-കാരനായ ആകാശ് സെംഗാറിന് ഗുരുതരമായി പൊള്ളലേറ്റു. മകനെ രക്ഷിക്കാൻ ഓടിയെത്തിയ പിതാവ് രാംചന്ദ്ര സെംഗാറിനും പൊള്ളലേറ്റതായി പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബുള്ളറ്റ് ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ പെട്രോളിന്റെ വിലയെച്ചൊല്ലി ജീവനക്കാരനായ ആകാശുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തർക്കം രൂക്ഷമായതോടെ പ്രതികളിൽ ഒരാൾ പെട്ടെന്ന് ആകാശിന്റെ ദേഹത്തേക്ക് പെട്രോൾ ഒഴിക്കുകയും ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തുകയുമായിരുന്നു.

ദേഹത്ത് തീപടർന്നതോടെ ആകാശ് സഹായത്തിനായി നിലവിളിച്ചോടി. ഈ സമയം പമ്പിലുണ്ടായിരുന്ന പിതാവ് രാംചന്ദ്ര മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അദ്ദേഹത്തിനും പൊള്ളലേറ്റത്. തുടർന്ന് നാട്ടുകാർ ഓടിയെത്തിയാണ് തീ അണച്ചതും ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതും.

ആകാശിന് ശരീരത്തിൽ 37 ശതമാനത്തോളം ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇയാൾ ഗ്വാളിയോറിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആക്രമണം നടത്തിയ സംഘത്തിലെ ഡോളി (അനുജ് ഗുർജാർ), സചിൻ ഗുർജാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന അരവിന്ദ് ചാവൽ എന്ന പ്രതി ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368385/argument-over-petrol-price-youths-set-pump-employee-on-fire-father-who-came-to-save-him-also-suffered-burns)