---
title: "‘അമ്മേ, അടുത്ത ജന്മത്തിൽ ഞാൻ വീണ്ടും നിങ്ങളുടെ മകനായി ജനിക്കും’; മഹാരാഷ്ട്രയിൽ നീറ്റ് പുനഃപരീക്ഷക്ക് പിന്നാലെ 18കാരൻ ജീവനൊടുക്കി"
english_title: "NEET Re-exam, Student died by suicide, Maharashtra"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368328/neet-re-exam-student-died-by-suicide-maharashtra"
published_at: "2026-06-25T14:11:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3ceb9faaa0c_NEET_Re-exam,_Student_died_by_suicide,_Maharashtra.jpg"
keywords: ["Latest News", "NEET Exam", "Student Suicide", "Maharashtra"]
---

# ‘അമ്മേ, അടുത്ത ജന്മത്തിൽ ഞാൻ വീണ്ടും നിങ്ങളുടെ മകനായി ജനിക്കും’; മഹാരാഷ്ട്രയിൽ നീറ്റ് പുനഃപരീക്ഷക്ക് പിന്നാലെ 18കാരൻ ജീവനൊടുക്കി

> **Lead Summary:** മുംബൈ: നീറ്റ്-യു.ജി പുനഃപരീക്ഷക്ക് പിന്നാലെ 18 വയസ്സുകാരനായ വിദ്യാർഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ഹിംഗോളി സ്വദേശിയായ സുശീൽ ധാഗെയാണ് മരിച്ചത്. മരണത്തിന് തൊട്ടുമുമ്പ് മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത വീഡിയോയിൽ, വിദ്യാർഥി മാതാപിതാക്കളോട് കൈകൂപ്പി ക്ഷമ ചോദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

## Article Content

മുംബൈ: നീറ്റ്-യു.ജി പുനഃപരീക്ഷക്ക് പിന്നാലെ 18 വയസ്സുകാരനായ വിദ്യാർഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ഹിംഗോളി സ്വദേശിയായ സുശീൽ ധാഗെയാണ് മരിച്ചത്. മരണത്തിന് തൊട്ടുമുമ്പ് മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത വീഡിയോയിൽ, വിദ്യാർഥി മാതാപിതാക്കളോട് കൈകൂപ്പി ക്ഷമ ചോദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

മേയ് മൂന്നിന് നടന്ന നീറ്റ് യു.ജി പരീക്ഷ, ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയതിനാൽ ജൂൺ 21ന് പുനഃപരീക്ഷ നടത്തിയിരുന്നു. സുശീൽ ധാഗെ പുനഃപരീക്ഷ എഴുതിയെങ്കിലും അതിൽ പരാജയപ്പെടുമെന്ന ഭീതിയിലാണ് ആത്മഹത്യ ചെയ്തതെന്ന് ​പൊലീസ് പറഞ്ഞു. പരീക്ഷ ബുദ്ധിമുട്ടായിരുന്നതിനാൽ വിദ്യാർഥി മാനസിക സമ്മർദ്ദത്തിലായിരുന്നു. തുടർന്ന് അമ്മക്ക് വിഡിയോ സന്ദേശം അയച്ചതിന് പിന്നാലെ വിദ്യാർഥി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു -പൊലീസ് പറഞ്ഞു.

‘അമ്മേ, ഇന്ന് ഞാ​ൻ എന്റെ ജീവനെടുക്കാൻ പോകുന്നു. അമ്മ ദയവായി വിഷമിക്കരുത്. എന്റെ അടുത്ത ജന്മത്തിൽ ഞാൻ വീണ്ടും നിങ്ങളുടെ ഗർഭപാത്രത്തിൽ ജനിക്കും. അന്ന് ഞാൻ നിങ്ങൾക്ക് വേദന ഉണ്ടാക്കില്ല’ -വിദ്യാർഥി വിഡിയോയിൽ പറയുന്നു. കൂടാതെ സഹോദരനെ നന്നായി നോക്കണമെന്നും തന്നോട് ക്ഷമിക്കണമെന്നും വിദ്യാർഥി വിഡിയോയിൽ ആവർത്തിച്ചു. തുടർന്ന് സന്ദേശം അമ്മക്ക് അയച്ചശേഷം സുശീൽ ധാഗെ കിണറ്റിൽ ചാടുകയായിരുന്നു.

മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി വിദ്യാർഥികളാണ് പരീക്ഷാസമ്മർദ്ദം മൂലം ആത്മഹത്യ ചെയ്തത്. വിവിധ വിദ്യാർഥി സംഘടനകളും രാഷ്ട്രീയ പാർട്ടികളും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. പരീക്ഷാ അട്ടിമറിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ ഡൽഹിയിൽ പ്രതിഷേധം തുടരുകയാണ്.

അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണ്. മുഖ്യപ്രതികളിലൊരാളായ പുണെ ആസ്ഥാനമായ ഒരു കെമിസ്ട്രി അധ്യാപകനെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368328/neet-re-exam-student-died-by-suicide-maharashtra)