---
title: "ബോണറ്റിൽ 5 വലിയ പാക്കറ്റ് കഞ്ചാവ്! മഞ്ചേരിയിൽ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു പാഞ്ഞ ഇന്നോവ തടഞ്ഞ് 23-കാരനെ നാട്ടുകാർ പൊക്കി"
english_title: "Manjeri youth arrested with 16.5 kg of ganja hidden in car bonnet"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368306/Manjeri-youth-arrested-with-16.5-kg-of-ganja-hidden-in-car-bonnet"
published_at: "2026-06-25T13:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cdfb4e0b09_fthrfyj.jpg"
keywords: ["Latest news", "Car Bonnet", "Kanja", "Manjeri", "Innova"]
---

# ബോണറ്റിൽ 5 വലിയ പാക്കറ്റ് കഞ്ചാവ്! മഞ്ചേരിയിൽ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു പാഞ്ഞ ഇന്നോവ തടഞ്ഞ് 23-കാരനെ നാട്ടുകാർ പൊക്കി

> **Lead Summary:** മഞ്ചേരി: മഞ്ചേരിയിൽ കാറിന്റെ ബോണറ്റിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 16.5 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മേലാറ്റൂർ എടപ്പറ്റ തയ്യിൽ സ്വദേശി നിഹാൽ മുഹമ്മദ് ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി എട്ടരയോടെ മഞ്ചേരി ചമയം ജങ്ഷനിൽ വെച്ച് നാട്ടുകാർ ചേർന്നാണ് ഇയാളെ തടഞ്ഞുനിർത്തി പൊലീസിന് കൈമാറിയത്.

## Article Content

മഞ്ചേരി: മഞ്ചേരിയിൽ കാറിന്റെ ബോണറ്റിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 16.5 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മേലാറ്റൂർ എടപ്പറ്റ തയ്യിൽ സ്വദേശി നിഹാൽ മുഹമ്മദ് ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി എട്ടരയോടെ മഞ്ചേരി ചമയം ജങ്ഷനിൽ വെച്ച് നാട്ടുകാർ ചേർന്നാണ് ഇയാളെ തടഞ്ഞുനിർത്തി പൊലീസിന് കൈമാറിയത്.

പാണ്ടിക്കാട് വെച്ച് എക്സൈസും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെ നിഹാൽ ഓടിച്ചിരുന്ന ഇന്നോവ കാർ നിർത്താതെ അമിതവേഗതയിൽ പാഞ്ഞുപോവുകയായിരുന്നു. ഇതോടെ പൊലീസും എക്സൈസ് സംഘവും വാഹനത്തെ പിന്തുടർന്നു.

ഉദ്യോഗസ്ഥരിൽ നിന്ന് രക്ഷപ്പെടാൻ അമിതവേഗതയിൽ പാഞ്ഞ കാർ റോഡിലുണ്ടായിരുന്ന നിരവധി മറ്റ് വാഹനങ്ങളിൽ ഇടിച്ചു. ഇതോടെ അപകടകരമായ രീതിയിൽ ഓടിയ കാർ ചമയം ജങ്ഷനിൽ വെച്ച് നാട്ടുകാർ തടയുകയായിരുന്നു. വാഹനം തടഞ്ഞതോടെ നിഹാൽ കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിന്തുടർന്ന് പിടികൂടി തടഞ്ഞുവെച്ചു.

തുടർന്ന് പൊലീസെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് ഇന്നോവ കാറിന്റെ ബോണറ്റിനുള്ളിൽ അഞ്ച് വലിയ പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന പതിനാറര കിലോ കഞ്ചാവ് കണ്ടെടുത്തത്. പ്രതിയെയും കഞ്ചാവുകടത്താൻ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ മഞ്ചേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368306/Manjeri-youth-arrested-with-16.5-kg-of-ganja-hidden-in-car-bonnet)