---
title: "36 ദിവസത്തെ നരകയാതന; കോഴിക്കോട് ചേവായൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് മൊഴി"
english_title: "Statement indicates that the girl abducted from Chevayur, Kozhikode, was subjected to sexual assault."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368303/statement-indicates-that-the-girl-abducted-from-chevayur-kozhikode-was-subjected-to-sexual-assault-new"
published_at: "2026-06-25T13:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cdda422517_kidnapping.jpg"
keywords: ["Kidnapping", "Kozhikode", "Sexual assault", "Police", "Chevayur Kidnapping Case"]
---

# 36 ദിവസത്തെ നരകയാതന; കോഴിക്കോട് ചേവായൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് മൊഴി

> **Lead Summary:** **കോഴിക്കോട്: **കണ്ണൂരിലെ രഹസ്യകേന്ദ്രത്തിൽ തടവിലാക്കിയ കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയെ രക്ഷപ്പെടുത്തിയതിന് പിന്നാലെ കുട്ടിയ ലൈംഗികമായി പീഡിപ്പിച്ചതായി മൊഴി.

## Article Content

**കോഴിക്കോട്: **കണ്ണൂരിലെ രഹസ്യകേന്ദ്രത്തിൽ തടവിലാക്കിയ കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയെ രക്ഷപ്പെടുത്തിയതിന് പിന്നാലെ കുട്ടിയ ലൈംഗികമായി പീഡിപ്പിച്ചതായി മൊഴി.

കോഴിക്കോട് ചേവായൂരിൽ നിന്ന് കഴിഞ്ഞ മാസം കാണാതായ പതിനാറുകാരിയായ പെൺകുട്ടിയെ 36 ദിവസത്തിനുശേഷം കണ്ണൂരിലെ കൊളവല്ലൂർ രഹസ്യ കേന്ദ്രത്തിൽനിന്നു പൊലീസ് കെട്ടിടം വളഞ്ഞു രക്ഷപ്പെടുത്തിയത്.

കഴിഞ്ഞ മാസം 15നു രാത്രി 10.30നു കാറിൽ എത്തിയ രണ്ടു പേർ വീടിനു മുന്നിൽ റോഡിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായാണ് പൊലീസിനു ലഭിച്ച വിവരം. പരാതി ലഭിച്ചതിനെ തുടർന്ന് ചേവായൂർ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു അന്വേഷണം നടത്തുകയായിരുന്നു.

ബന്ധുവിനു ലഭിച്ച ഫോൺ കോൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കുട്ടിയെ സംഘം നെടുമ്പാശ്ശേരിയിൽ എത്തിച്ചതായി വിവരം ലഭിച്ചു. അന്വേഷണത്തിൽ കുട്ടി സംഘത്തിൽനിന്നു രക്ഷപ്പെട്ടു തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. സൈബർ പൊലീസ് സഹകരണത്തോടെ പൊലീസ് തൃശൂർ സ്റ്റാൻഡിൽ എത്തിയെങ്കിലും പിന്നീട് കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

ഒരു സുഹൃത്താണ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് പെൺകുട്ടിയെ രാത്രി ഫോണിൽ ബന്ധപ്പെട്ടതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ കോഴിക്കോട് എത്തി കാറിൽ കയറ്റി തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ലൈംഗികമായി പീഡിപ്പിച്ചെന്നു പെൺകുട്ടി തന്നെ പൊലീസിനു വിവരം നൽകിയിട്ടുണ്ട്. പൊലീസ് രക്ഷപ്പെടുത്തിയ പെൺകുട്ടിയെ കോഴിക്കോട് സിഡബ്ല്യുസിക്കു മുന്നിൽ ഹാജരാക്കി ഹോമിൽ താമസിപ്പിച്ചു.

അതേസമയം പെൺകുട്ടിയെ കണ്ടെത്തുന്ന സമയത്ത് വീട്ടിലെ മറ്റൊരു മുറിക്കുള്ളിൽ ഒരു യുവതി കൂടി ഉണ്ടായിരുന്നതായി നാട്ടുകാർ. കണ്ണൂർജില്ലയിലെ കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഈസ്റ്റ്  ചെറ്റക്കണ്ടിയിലാണ് സംഭവം. കൊളവല്ലൂർ സ്വദേശി പറമ്പത്ത് അജിതൻ എന്ന വ്യക്തി രണ്ട് മാസം മുൻപ് വാടകയ്ക്ക് കൊടുത്ത വീട്ടിലാണ് പെൺകുട്ടിയെ തട്ടികൊണ്ടുവന്ന് താമസിപ്പിച്ചത്.

അർദ്ധരാത്രി സമയത്തും മറ്റും യുവതിയുവാക്കൾ ഉൾപ്പടെ സ്ഥലത്ത് വന്നുപോകുന്നതായി നാട്ടുകാർക്ക് പരാതി ഉണ്ടായിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം കാറിൽ എത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞു വെച്ച് ചോദ്യം ചെയ്തിരുന്നു. പിന്നാലെ പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പ്രതികൾ ഉപേക്ഷിച്ച രാസലഹരി വിൽപ്പനയ്ക്കായി അളക്കുന്ന ത്രാസ്സ് പോലീസ് കണ്ടെടുക്കുന്നത് നാട്ടുകാർ കണ്ടിരുന്നു.

പ്രതികൾ ലഹരി വിൽപ്പന നടത്തുന്നതായും നാട്ടുകാർക്ക് സംശയം ഉണ്ടായിരുന്നു. തുടർന്ന് പോലീസ് പരിശോധന വീട്ടിൽ എത്തിയ സമയത്ത് വീടിന്റെ മുകൾനിലയിലെ രണ്ട് മുറികളിൽ ഒളിച്ച നിലയിലായിരുന്നു പെൺകുട്ടിയെയും യുവതിയെയും  കണ്ടെത്തുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. പൊലീസ് പരിശോധനയ്ക്കിടെ അഞ്ചംഗ സംഘം കടന്നുകളഞ്ഞിരുന്നു. ഏഴുപേർക്കെതിരെ പോക്‌സോ നിയമപ്രകാരം ചേവായൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368303/statement-indicates-that-the-girl-abducted-from-chevayur-kozhikode-was-subjected-to-sexual-assault-new)