---
title: "ബ്ലേഡോ ആയുധമോ ഉപയോഗിച്ച് പൊലീസുകാരെ പരിക്കേൽപ്പിച്ചു; സെക്രട്ടേറിയറ്റ് മാർച്ചിൽ എസ്എഫ്ഐയ്ക്കെതിരെ കേസ്"
english_title: "Policemen injured with blade or weapon Case filed against SFI in Secretariat March"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368257/policemen-injured-with-blade-or-weapon-case-filed-against-sfi-in-secretariat-march"
published_at: "2026-06-25T11:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cc0c29b0db_POLICE_CASE.jpg"
keywords: ["Latest News", "Police Case", "Protest", "SFI Secretariat March", "Policemen Injured"]
---

# ബ്ലേഡോ ആയുധമോ ഉപയോഗിച്ച് പൊലീസുകാരെ പരിക്കേൽപ്പിച്ചു; സെക്രട്ടേറിയറ്റ് മാർച്ചിൽ എസ്എഫ്ഐയ്ക്കെതിരെ കേസ്

> **Lead Summary:** തിരുവനന്തപുരം: എസ്എഫ്ഐയുടെയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ കേസെടുത്ത് പൊലീസ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, സെക്രട്ടറി പി.എസ്. സഞ്ജീവ് ഉൾപ്പെടെ 10 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

## Article Content

തിരുവനന്തപുരം: എസ്എഫ്ഐയുടെയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ കേസെടുത്ത് പൊലീസ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, സെക്രട്ടറി പി.എസ്. സഞ്ജീവ് ഉൾപ്പെടെ 10 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ബ്ലേഡോ മറ്റ് ആയുധമോ ഉപയോഗിച്ച് പൊലീസുകാരെ പരിക്കേൽപ്പിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. കൻ്റോൺമെന്റ് എസ്എച്ച്ഒ ശ്രീകുമാർ ഉൾപ്പെടെ അഞ്ച് പൊലീസുകാരെ ആക്രമിച്ചെന്നും എഫ്ഐആറിലുണ്ട്.

കണ്ടാലറിയാവുന്ന 100 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ലഹളയുണ്ടാക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, ആയുധം ഉപയോഗിച്ച് ആക്രമിക്കൽ തുടങ്ങിയവ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പൊതുമുതൽ നശിപ്പിച്ച കുറ്റവും ചുമത്തിയിട്ടുണ്ട്. 10,000 രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയതായാണ് പൊലീസ് പറയുന്നത്.

അതേസമയം, സെക്രട്ടേറിയറ്റ് മാർച്ചിലെ പൊലീസ് നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐ ഡിജിപിയ്ക്ക് പരാതി നൽകിയിരുന്നു. പ്രതിഷേധക്കാർ ബ്ലേഡ് കൈവശം വച്ചെന്ന ആരോപണം അന്വേഷിക്കണം. പൊലീസിന്റെയും മാധ്യമങ്ങളുടെയും ദൃശ്യങ്ങൾ പരിശോധിക്കണം.

കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ വകുപ്പുതല നിയമനടപടികൾ സ്വീകരിക്കണമെന്നുമാണ് പരാതിയിൽ എസ്എഫ്ഐ ആവശ്യപ്പെടുന്നത്. ബ്ലേഡ് ഉപയോഗിച്ച് പൊലീസ് ആക്രമിച്ചെന്ന് ആരോപിച്ച് ഇന്ന് തിരുവനന്തപുരം ജില്ലയിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് എസ്എഫ്ഐയുടെ നീക്കം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368257/policemen-injured-with-blade-or-weapon-case-filed-against-sfi-in-secretariat-march)