---
title: "മുങ്ങി നടക്കാനുള്ള കഴിവ് സമ്മതിക്കണം! കൈക്കൂലി കേസ്, 16 വർഷം ഒളിവിൽ കഴിഞ്ഞ മുൻ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ"
english_title: "A former village officer who was absconding without serving a sentence in a bribery case has been arrested by the Vigilance."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368227/a-former-village-officer-who-was-absconding-without-serving-a-sentence-in-a-bribery-case-has-been-arrested-by-the-vigilance-"
published_at: "2026-06-25T10:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cb0f567c5f_arrest.jpg"
keywords: ["Former Village Officer", "Bribery Case", "Arrest", "Vigilance"]
---

# മുങ്ങി നടക്കാനുള്ള കഴിവ് സമ്മതിക്കണം! കൈക്കൂലി കേസ്, 16 വർഷം ഒളിവിൽ കഴിഞ്ഞ മുൻ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ

> **Lead Summary:** **പത്തനംതിട്ട: ** കൈക്കൂലി കേസിൽ ശിക്ഷാവിധി വന്നിട്ടും നിയമത്തിൽ നിന്നും ഒളിച്ചോടിയ മുൻ വില്ലേജ് ഓഫീസറെ ഒടുവിൽ വിജിലൻസ് പിടികൂടി. കോന്നി മുൻ വില്ലേജ് ഓഫീസർ രാജു കെ. എബ്രഹാമിനെയാണ് പത്തനംതിട്ട വിജിലൻസ് അറസ്റ്റ് ചെയ്തത്.

## Article Content

**പത്തനംതിട്ട: ** കൈക്കൂലി കേസിൽ ശിക്ഷാവിധി വന്നിട്ടും നിയമത്തിൽ നിന്നും ഒളിച്ചോടിയ മുൻ വില്ലേജ് ഓഫീസറെ ഒടുവിൽ വിജിലൻസ് പിടികൂടി. കോന്നി മുൻ വില്ലേജ് ഓഫീസർ രാജു കെ. എബ്രഹാമിനെയാണ് പത്തനംതിട്ട വിജിലൻസ് അറസ്റ്റ് ചെയ്തത്.

സുപ്രീം കോടതി അപ്പീൽ തള്ളിയിട്ടും കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. ഒളിവിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം പോത്തൻകോട്ടുള്ള ബന്ധുവീട്ടിൽ നിന്നാണ് വിജിലൻസ് പ്രതിയെ പിടികൂടിയത്. 2004-ൽ വസ്തു പോക്കുവരവിനായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ വിജിലൻസ് പിടിയിലാകുന്നത്. കേസിൽ ഹൈക്കോടതി വിധിച്ച 2 വർഷം കഠിന തടവ് അനുഭവിക്കാതെയാണ് പ്രതി ഒളിവിൽ പോയത്.

പരാതിക്കാരന്റെ പേരിലുള്ള വസ്തു പോക്കുവരവ് ചെയ്ത് നല്‍കുന്നതിനാണ് കോന്നി വില്ലേജ് ഓഫീസറായിരുന്ന സമയത്ത് രാജു കൈക്കൂലി വാങ്ങിയത്. ഈ കേസില്‍ രാജു.കെ.എബ്രഹാം കുറ്റക്കാരാണെന്ന് കണ്ടെത്തി 2010 ല്‍ 6 വര്‍ഷം കഠിന തടവിനും 30,000 രൂപ പിഴ ഒടുക്കുന്നതിനും കോട്ടയം വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചിരുന്നു.

ശിക്ഷാ വിധിക്കെതിരെ രാജു.കെ.എബ്രഹാം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയും, ഹൈക്കോടതി ശിക്ഷ 2 വര്‍ഷം കഠിന തടവിനും 20,000 രൂപ പിഴ ഒടുക്കുന്നതിനും ഇളവ് ചെയ്തു നല്‍കിയിരുന്നു.

ഈ വിധിയ്‌ക്കെതിരെ രാജു.കെ.എബ്രഹാം സുപ്രീം കോടതിയില്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ ഫയല്‍ ചെയ്തുവെങ്കിലും കോടതി രാജു.കെ.എബ്രഹാമിന്റെ പെറ്റീഷന്‍ നിരസിച്ചു. എന്നാല്‍ ശിക്ഷ അനുഭവിക്കുന്നതിന് വിജിലന്‍സ് കോടതിയില്‍ ഹാജരാകാതെ രാജു.കെ.എബ്രഹാം ഒളിവില്‍ പോവുകയാണ് ഉണ്ടായത്.

രാജു.കെ.എബ്രഹാമിനെ ഇന്നലെ രാവിലെയാണ് വിജിലന്‍സ് സംഘം പോത്തന്‍കോടുള്ള ബന്ധുവീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ രാജു.കെ.എബ്രഹാമിനെ കോടതി നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368227/a-former-village-officer-who-was-absconding-without-serving-a-sentence-in-a-bribery-case-has-been-arrested-by-the-vigilance-)