---
title: "അർദ്ധരാത്രിയിൽ അമിതവേഗത്തിൽ പാഞ്ഞെത്തിയ കാർ പെട്ടെന്ന് നിന്നു; സ്റ്റിയറിംഗിൽ തളർന്നു കിടന്ന യുവാവിന് രക്ഷകരായി പത്തനംതിട്ട പോലീസ്"
english_title: "Pathanamthitta police rescue young man in Pathanamthitta"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368215/Pathanamthitta-police-rescue-young-man-in-Pathanamthitta"
published_at: "2026-06-25T09:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3ca9b1667b8_sdfghjkl.jpg"
keywords: ["Latest News", "Pathanamthitta", "Pathanamthitta Police"]
---

# അർദ്ധരാത്രിയിൽ അമിതവേഗത്തിൽ പാഞ്ഞെത്തിയ കാർ പെട്ടെന്ന് നിന്നു; സ്റ്റിയറിംഗിൽ തളർന്നു കിടന്ന യുവാവിന് രക്ഷകരായി പത്തനംതിട്ട പോലീസ്

> **Lead Summary:** **പത്തനംതിട്ട: [ **ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ചികിത്സയ്ക്കായി സ്വയം കാറോടിച്ച് ആശുപത്രിയിലേക്ക് തിരിച്ച യുവാവിന് തുണയായത് പട്രോളിംഗിലുണ്ടായിരുന്ന പത്തനംതിട്ട കൺട്രോൾ റൂം പോലീസ് സംഘം. മലയാലപ്പുഴ സ്വദേശി സോനുവിനാണ് പോലീസ് കൃത്യസമയത്ത് രക്ഷകരായത്. പുലർച്ചെ 2.30-ഓടെ കുമ്പഴയിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം, മലയാലപ്പുഴ ഭാഗത്തുനിന്ന് അമിതവേഗത്തിൽ വന്ന കാർ പെട്ടെന്ന് നിർത്തിയതുകണ്ട് അവിടേക്ക് ഓടിയെത്തുകയായിരുന്നു.

## Article Content

**പത്തനംതിട്ട: [ **ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ചികിത്സയ്ക്കായി സ്വയം കാറോടിച്ച് ആശുപത്രിയിലേക്ക് തിരിച്ച യുവാവിന് തുണയായത് പട്രോളിംഗിലുണ്ടായിരുന്ന പത്തനംതിട്ട കൺട്രോൾ റൂം പോലീസ് സംഘം. മലയാലപ്പുഴ സ്വദേശി സോനുവിനാണ് പോലീസ് കൃത്യസമയത്ത് രക്ഷകരായത്. പുലർച്ചെ 2.30-ഓടെ കുമ്പഴയിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം, മലയാലപ്പുഴ ഭാഗത്തുനിന്ന് അമിതവേഗത്തിൽ വന്ന കാർ പെട്ടെന്ന് നിർത്തിയതുകണ്ട് അവിടേക്ക് ഓടിയെത്തുകയായിരുന്നു.

കാറിനുള്ളിൽ സ്റ്റിയറിംഗിൽ തലതാഴ്ത്തി അവശനിലയിൽ കിടക്കുന്ന യുവാവിനെയാണ് പോലീസ് കണ്ടത്. പോലീസ് സംഘത്തിലെ എസ്.സി.പി.ഒ ജോബിൻ ജോൺ ഗ്ലാസ്സിൽ തട്ടി വിളിച്ചപ്പോൾ, തനിക്ക് തീരെ വയ്യെന്നും ഉടൻ ആശുപത്രിയിലെത്തിക്കണമെന്നും യുവാവ് മറുപടി നൽകി.

ഛർദ്ദിയും അസ്വസ്ഥതയും മൂലം ബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്ന സോനുവിനെ പോലീസ് സംഘം ഉടൻതന്നെ കാറിന്റെ പിൻസീറ്റിലേക്ക് മാറ്റി. തുടർന്ന് കൺട്രോൾ റൂം വാഹനത്തിലെ ഡ്രൈവറായ എ.എസ്.ഐ സജി ഇസ്മായിൽ യുവാവിന്റെ കാർ വേഗത്തിൽ ഓടിച്ച് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ജോബിൻ ജോണും സി.പി.ഒ മുഹമ്മദ് ഷഫീഖും തൊട്ടുപിന്നാലെ പോലീസ് വാഹനത്തിൽ അനുഗമിച്ചു.

വെറും മൂന്ന് മിനിറ്റിനുള്ളിൽ തന്നെ യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ പോലീസ് സംഘത്തിന് സാധിച്ചു. യുവാവിന്റെ ജീവൻ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പോലീസ് സംഘം മടങ്ങിയത്. കൃത്യസമയത്ത് ഇടപെട്ട പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ പ്രവർത്തിക്ക് വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368215/Pathanamthitta-police-rescue-young-man-in-Pathanamthitta)