---
title: "മുംബൈയിൽ ഓടുന്ന ട്രെയിനിൽ വാതിൽ അടയ്ക്കുന്നതിനെച്ചൊല്ലി തർക്കം; 21-കാരനെ കുത്തിക്കൊന്നു"
english_title: "A young man was stabbed to death on a moving train in Mumbai after an argument over closing the train door"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368210/a-young-man-was-stabbed-to-death-on-a-moving-train-in-mumbai-after-an-argument-over-closing-the-train-door"
published_at: "2026-06-25T09:18:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3ca6fbde2bb_derytrth.jpg"
keywords: ["latest news", "Mumbai", "train door", "train", "death"]
---

# മുംബൈയിൽ ഓടുന്ന ട്രെയിനിൽ വാതിൽ അടയ്ക്കുന്നതിനെച്ചൊല്ലി തർക്കം; 21-കാരനെ കുത്തിക്കൊന്നു

> **Lead Summary:** മുംബൈ: മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ലോക്കൽ ട്രെയിനിൽ വെച്ച് യുവാവ് കുത്തേറ്റ് മരിച്ചു. ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. മഴ പെയ്തപ്പോൾ ട്രെയിനിന്റെ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. മായങ്ക് ലൊഹാർ എന്ന 21 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്.

## Article Content

മുംബൈ: മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ലോക്കൽ ട്രെയിനിൽ വെച്ച് യുവാവ് കുത്തേറ്റ് മരിച്ചു. ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. മഴ പെയ്തപ്പോൾ ട്രെയിനിന്റെ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. മായങ്ക് ലൊഹാർ എന്ന 21 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്.

ചർച്ച് ഗേറ്റിൽ നിന്നും നൽസെപാറയിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് ലോക്കൽ ട്രെയിനിന്റെ ഫസ്റ്റ് ക്ലാസ് കമ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്. ട്രെയിൻ ഗൊറേഗാവിനും കന്തിവാലിക്കും ഇടയിൽ എത്തിയപ്പോൾ ശക്തമായ മഴ പെയ്തു. ഇതോടെ വാതിൽ അടയ്ക്കുന്നതിനെച്ചൊല്ലി മായങ്കും സഹയാത്രികനായ റോഷൻ സുവർണയും തമ്മിൽ തർക്കമുണ്ടായി.

 തർക്കം മൂർച്ഛിച്ചതോടെ റോഷൻ തന്റെ ബാഗിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് മായങ്കിനെ ആക്രമിച്ച് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മായങ്ക് ട്രെയിനിൽ വെച്ച് തന്നെ മരിച്ചു.

കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതി റോഷൻ സുവർണയെ പിന്നീട് മുംബൈയിലെ കുർലയിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യം നടത്തിയ ശേഷം പ്രതി കത്തിയുമായി നിൽക്കുന്നതിന്റെയും മറ്റ് യാത്രക്കാർ ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കൊല്ലപ്പെട്ട മായങ്കിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368210/a-young-man-was-stabbed-to-death-on-a-moving-train-in-mumbai-after-an-argument-over-closing-the-train-door)