---
title: "'പത്മഭൂഷൺ വേണ്ടി ആരുടെയും പിറകെ നടന്നിട്ടില്ല, അവകാശങ്ങൾ കണക്കുപറഞ്ഞു തന്നെ ചോദിച്ചുവാങ്ങും' - വെള്ളാപ്പള്ളി നടേശൻ"
english_title: "I will ask for my rights and get them back, said Vellappally Natesan."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368205/i-will-ask-for-my-rights-and-get-them-back-said-vellappally-natesan"
published_at: "2026-06-25T08:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992cce769547_vellappalli_natesan.jpg"
keywords: ["Vellappally Natesan", "Padma Bhushan", "Caste", "Ezhava-Thiya community"]
---

# 'പത്മഭൂഷൺ വേണ്ടി ആരുടെയും പിറകെ നടന്നിട്ടില്ല, അവകാശങ്ങൾ കണക്കുപറഞ്ഞു തന്നെ ചോദിച്ചുവാങ്ങും' - വെള്ളാപ്പള്ളി നടേശൻ

> **Lead Summary:** **കൊച്ചി: **ജാതിയുടെ പേരിൽ എന്നും നീതി നിഷേധിക്കപ്പെടുന്ന വിഭാഗമാണ് ഈഴവ-തിയ്യ സമുദായമെന്നും, തങ്ങളുടെ അവകാശങ്ങൾ കണക്കുപറഞ്ഞുതന്നെ ചോദിച്ചുവാങ്ങുമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

## Article Content

**കൊച്ചി: **ജാതിയുടെ പേരിൽ എന്നും നീതി നിഷേധിക്കപ്പെടുന്ന വിഭാഗമാണ് ഈഴവ-തിയ്യ സമുദായമെന്നും, തങ്ങളുടെ അവകാശങ്ങൾ കണക്കുപറഞ്ഞുതന്നെ ചോദിച്ചുവാങ്ങുമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

ചിലർക്ക് വാരിക്കോരി കൊടുക്കുന്നത് നീതിയും അവകാശങ്ങൾ ചോദിക്കുന്നത് ജാതീയതയുമാണെന്ന് പറയുന്ന നയത്തെയാണ് താൻ എതിർക്കുന്നത്. അവകാശം ചോദിച്ചതിനാണ് ചിലർ തന്നെ മുസ്‌ലിം വിരോധിയാക്കി ചിത്രീകരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പത്മഭൂഷൺ സ്വീകരിച്ച് മടങ്ങിയെത്തിയ വെള്ളാപ്പള്ളിക്ക് എറണാകുളത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. പിണറായിയെയും തന്നെയും സമുദായത്തിന്റെ പേരിൽ ചിലർ ടാർഗറ്റ് ചെയ്യുകയാണ്.

പത്മഭൂഷൺ വേണ്ടി ആരുടെയും പിറകെ നടന്നിട്ടില്ല. ഒരു പാർട്ടിയോടും വിരോധവും വിധേയത്വവുമില്ല. മൈക്രോ ഫിനാൻസിൻ്റെ പേരിൽ തന്നെ ഭീഷണിപ്പെടുത്തേണ്ട. അധികാര മോഹങ്ങളാൽ യൂണിയനിൽ നിന്ന് പുറത്താക്കപ്പെട്ട ചിലരാണ് തനിക്കെതിരെ വ്യാജപ്രചാരണങ്ങൾ നടത്തുന്നതെന്നും, തനിക്ക് പത്മഭൂഷൺ ലഭിക്കുന്നത് തടയാൻ അവർ കേസുകൾ വരെ നൽകിയെന്നും അദ്ദേഹം ആരോപിച്ചു.

മലപ്പുറത്തെ ഒരു മുസ്‌ലിമിനെയും ആക്ഷേപിച്ചിട്ടില്ലെന്നും ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട അവകാശങ്ങൾ കണക്കുപറഞ്ഞ് വാങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്മഭൂഷൺ പുരസ്കാരം എസ്എൻഡിപി യൂണിയനും പ്രവർത്തകർക്കുമായി സമർപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368205/i-will-ask-for-my-rights-and-get-them-back-said-vellappally-natesan)