---
title: "'ഒരുമിച്ച് കളി കാണും, ഒരുമിച്ച് ട്രോഫി നൽകും'; ഫിഫ ലോകകപ്പ് ഫൈനൽ വേദിയിൽ ട്രംപ് പങ്കെടുക്കുമെന്ന് പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ"
english_title: "US President Donald Trump will attend the trophy presentation ceremony for the winning team of the 2026 FIFA World Cup final, FIFA President Gianni Infantino has said"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368177/us-president-donald-trump-will-attend-the-trophy-presentation-ceremony-for-the-winning-team-of-the-2026-fifa-world-cup-final-fifa-president-gianni-infantino-has-said"
published_at: "2026-06-24T22:48:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3c11f6cbfbe_fifa.jpg"
keywords: ["Latest News", "US President Donald Trump", "FIFA World Cup 2026", "FIFA President", "Gianni Infantino"]
---

# 'ഒരുമിച്ച് കളി കാണും, ഒരുമിച്ച് ട്രോഫി നൽകും'; ഫിഫ ലോകകപ്പ് ഫൈനൽ വേദിയിൽ ട്രംപ് പങ്കെടുക്കുമെന്ന് പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ

> **Lead Summary:** ** ഫി**ഫ ലോകകപ്പ് 2026 ഫൈനലിൽ വിജയികളായ ടീമിന് ട്രോഫി സമ്മാനിക്കുന്ന ചടങ്ങിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ.

## Article Content

** ഫി**ഫ ലോകകപ്പ് 2026 ഫൈനലിൽ വിജയികളായ ടീമിന് ട്രോഫി സമ്മാനിക്കുന്ന ചടങ്ങിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ.

ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഇരുവരും ചേർന്നായിരിക്കും ട്രോഫി കൈമാറുക. ഫോക്സ് ആൻഡ് ഫ്രണ്ട്സിന് നൽകിയ അഭിമുഖത്തിലാണ് ഇൻഫാന്റിനോ ഇക്കാര്യം വെളിപ്പെടുത്തിയത്.

'ഫൈനൽ മത്സരം ഞങ്ങൾ ഒരുമിച്ച് ആസ്വദിക്കും. വിജയികൾക്ക് ട്രോഫിയും ഒരുമിച്ച് സമ്മാനിക്കും'. അദ്ദേഹം പറഞ്ഞു. ട്രംപുമായി ചേർന്നാണോ ട്രോഫി സമ്മാനിക്കുകയെന്ന ചോദ്യത്തിന്, 'തീർച്ചയായും. ഞങ്ങൾ എപ്പോഴും ഒരുമിച്ചാണ്', എന്നായിരുന്നു ഇൻഫാന്റിനോയുടെ മറുപടി.

ലോകകപ്പ് ഫൈനലിലെ ട്രോഫി വിതരണച്ചടങ്ങിൽ ആതിഥേയ രാജ്യത്തിന്റെ ഭരണാധികാരികൾ പങ്കെടുക്കുന്നത് പുതിയ കാര്യമല്ല. 2018-ൽ റഷ്യയിൽ നടന്ന ലോകകപ്പിന്റെ ഫൈനലിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ചടങ്ങിൽ സന്നിഹിതനായിരുന്നു.

സമാനമായി, 2022-ൽ ഖത്തറിൽ നടന്ന ലോകകപ്പ് ഫൈനലിന് ശേഷം ട്രോഫി വിതരണച്ചടങ്ങിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും പങ്കെടുത്തിരുന്നു. അന്ന് അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിയാണ് ലോകകപ്പ് ഉയർത്തിപ്പിടിച്ചത്.

ട്രംപിന്റെ സാന്നിധ്യം കഴിഞ്ഞ വർഷം മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിന്റെ ഓർമ്മകളും ഉയർത്തിക്കൊണ്ടുവരുന്നുണ്ട്. ചെൽസി കിരീടം നേടിയതിന് പിന്നാലെ ക്യാപ്റ്റൻ റീസ് ജെയിംസിനൊപ്പം ട്രംപ് വേദിയിൽ തുടരുകയും ട്രോഫി ഉയർത്തുന്ന നിമിഷത്തിൽ പങ്കുചേരുകയും ചെയ്തിരുന്നു. ഈ നടപടി ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ ചർച്ചയ്ക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368177/us-president-donald-trump-will-attend-the-trophy-presentation-ceremony-for-the-winning-team-of-the-2026-fifa-world-cup-final-fifa-president-gianni-infantino-has-said)