---
title: "ബ്ലേഡ് കൊണ്ടുവന്നതാര്? സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; റോഡിൽ കിടന്ന ബ്ലേഡുകളെ ചൊല്ലി ആരോപണ പ്രത്യാരോപണങ്ങളുമായി എസ്എഫ്ഐയും പൊലീസും "
english_title: "Secretariat March clashes; SFI and police exchange accusations over blades lying on the road"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368162/secretariat-march-clashes-sfi-and-police-exchange-accusations-over-blades-lying-on-the-road"
published_at: "2026-06-24T21:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3bfc11bd08e_blade.jpg"
keywords: ["Latest News", "Secretariat March Clashes", "SFI", "Kerala Police", "Blade"]
---

# ബ്ലേഡ് കൊണ്ടുവന്നതാര്? സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; റോഡിൽ കിടന്ന ബ്ലേഡുകളെ ചൊല്ലി ആരോപണ പ്രത്യാരോപണങ്ങളുമായി എസ്എഫ്ഐയും പൊലീസും 

> **Lead Summary:** **തിരുവനന്തപുരം: **സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചതിന് പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളുമായി പൊലീസും എസ്എഫ്‌ഐയും. മാര്‍ച്ചിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചതായാണ് പൊലീസിന്റെ ആരോപണം.

## Article Content

**തിരുവനന്തപുരം: **സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചതിന് പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളുമായി പൊലീസും എസ്എഫ്‌ഐയും. മാര്‍ച്ചിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചതായാണ് പൊലീസിന്റെ ആരോപണം.

എന്നാല്‍ തങ്ങളെയാണ് ബ്ലേഡ് കൊണ്ട് പൊലീസ് ആക്രമിച്ചതെന്നാണ് എസ്എഫ്‌ഐ നേതൃത്വം ആരോപിക്കുന്നത്. ഇതിന് തെളിവായി സംഭവസ്ഥലത്തുനിന്നും ലഭിച്ച ബ്ലേഡുകളുടെ ചിത്രം പുറത്തു വിട്ടിട്ടുണ്ട്. ബ്ലേഡ് കൊണ്ടുവന്നത് ആരാണെന്ന് കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുമെന്നും കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ഇരുപതോളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തില്‍ പെണ്‍കുട്ടികള്‍ക്കും പരിക്ക് പറ്റി. കോവളം ഏരിയ കമ്മിറ്റി മെമ്പര്‍ അശ്വിന്റെ മുതുകിലാണ് പൊലീസ് ബ്ലേഡ് കൊണ്ട് വരച്ചതെന്നും വിതുര ഏരിയ ജോയിന്റ് സെക്രട്ടറിക്കും പരിക്ക് പറ്റിയെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു.

'സമരം നടത്തിയ പ്രവര്‍ത്തകരെ അകാരണമായി മര്‍ദ്ദിച്ചു. ഏത് റൂള്‍ ബുക്കിലാണ് പെണ്‍കുട്ടികളെ തലയ്ക്ക് അടിക്കാനും ചവിട്ടാനും അധികാരം കൊടുത്തത്? വനിതാ പൊലീസുപോലും ഇല്ലാതെ പെണ്‍കുട്ടികളെ മര്‍ദ്ദിച്ചു. ഫീസ് വര്‍ധനവ് പിന്‍വലിക്കണമെന്ന് പറഞ്ഞതാണോ കുറ്റം? അടിച്ചതിനു ശേഷം സന്ധി സംഭാഷണം നടത്താന്‍ വരികയാണ് പൊലീസ്.

മലപ്പുറത്ത് ഞങ്ങളുടെ തലയ്ക്ക് അടിച്ചാണ് നിങ്ങള്‍ സമരങ്ങളെ നേരിട്ടത്. അതാണ് തലസ്ഥാനത്ത് ആവര്‍ത്തിച്ചത്. ഫീസ് വര്‍ദ്ധനവ് പിന്‍വലിച്ചില്ലെങ്കില്‍ കന്റോണ്‍മെന്റ് ഗേറ്റിലേക്ക് സമരവുമായി എത്തും. യാതൊരു കാരണവുമില്ലാതെയാണ് വനിതാ സഖാക്കളെ അടക്കം മര്‍ദ്ദിച്ചത് ആ പൊലീസുകാരെ ഞങ്ങള്‍ കാണാതെ പോകില്ല', സഞ്ജീവ് പറഞ്ഞു.

ഐഎച്ച്ആർഡി ഫീസ് വർധനയ്ക്കെതിരെ എസ്എഫ്ഐ സംഘടിപ്പിച്ച സമരം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചിരുന്നു. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368162/secretariat-march-clashes-sfi-and-police-exchange-accusations-over-blades-lying-on-the-road)