---
title: "സിഎംആർഎൽ - എക്സാലോജിക് കേസ്: നിർണ്ണായക എസ്എഫ്ഐഒ രേഖകൾ ഇ.ഡിക്ക് ലഭിച്ചു, വീണ ടിയെ 29ന് വീണ്ടും ചോദ്യം"
english_title: "cmrl exalogic case ed receives sfio documents"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368148/cmrl-exalogic-case-ed-receives-sfio-documents"
published_at: "2026-06-24T18:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2224bb96d54_Masappadi_Case.jpg"
keywords: ["Latest News", "CMRL Exalogic", "SFIO", "Veena T", "Enforcement Directorate"]
---

# സിഎംആർഎൽ - എക്സാലോജിക് കേസ്: നിർണ്ണായക എസ്എഫ്ഐഒ രേഖകൾ ഇ.ഡിക്ക് ലഭിച്ചു, വീണ ടിയെ 29ന് വീണ്ടും ചോദ്യം

> **Lead Summary:** തിരുവനന്തപുരം: സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 രേഖകൾ ഇ.ഡിക്ക് ലഭിച്ചു. നേരത്തെ എസ്എഫ്ഐഒയിൽ നിന്ന് രേഖകൾ ലഭിക്കാൻ താമസം നേരിട്ടിരുന്നു. ഈ രേഖകളുടെ കൂടി അടിസ്ഥാനത്തിലാണ് വീണ ടിയെ വീണ്ടും ചോദ്യം ചെയ്യുക.

## Article Content

തിരുവനന്തപുരം: സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 രേഖകൾ ഇ.ഡിക്ക് ലഭിച്ചു. നേരത്തെ എസ്എഫ്ഐഒയിൽ നിന്ന് രേഖകൾ ലഭിക്കാൻ താമസം നേരിട്ടിരുന്നു. ഈ രേഖകളുടെ കൂടി അടിസ്ഥാനത്തിലാണ് വീണ ടിയെ വീണ്ടും ചോദ്യം ചെയ്യുക.

കേസിൽ തുടർ ചോദ്യം ചെയ്യലിനായി വീണ ടിക്ക് ഇ.ഡി നോട്ടീസ് നൽകിയിരുന്നു. ഈ മാസം 29ന് ഹാജരാകാനാണ് നിർദേശം.

മുൻപ് രണ്ട് തവണ വീണയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ആദ്യം തിരുവനന്തപുരത്തെ വസതിയിൽ വച്ചും രണ്ടാമതായി കൊച്ചിയിലെ ഇ.ഡി ഓഫീസിൽ വച്ചുമായിരുന്നു ചോദ്യം ചെയ്യൽ. കൊച്ചി ഇ.ഡി ഓഫീസിൽ ഹാജരായ വീണയെ എട്ട് മണിക്കൂറോളമാണ് ഇ.ഡി ചോദ്യം ചെയ്തത്.

എസ്എഫ്ഐഒ കണ്ടെത്തലുകളും ഇ.ഡി ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. വീണ ടിയുടെ ബാങ്ക് ലോക്കറും ഇ.ഡി പരിശോധിച്ചിരുന്നു. തിരുവനന്തപുരം എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കർ ആണ് പരിശോധിച്ചത്.

വീണ മാനേജിങ് ഡയറക്ടറായ എക്സാലോജിക് സൊല്യൂഷൻസ് സേവനമൊന്നും നൽകാതെ സിഎംആർഎൽ കമ്പനിയിൽ നിന്ന് 2.78 കോടി വാങ്ങിയെന്നാണ് ഇ.ഡി കേസ്. സിഎംആർഎൽ–എക്സാലോജിക് കേസിൽ കരിമണൽ കമ്പനിയുടെ ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ്. കർത്ത, മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ ഭാര്യ ജയ എസ്. കർത്ത എന്നിവരെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368148/cmrl-exalogic-case-ed-receives-sfio-documents)