---
title: "കൊട്ടാരക്കര ടിപ്പർ ലോറി അപകടം; മരിച്ചവരുടെ കുടുംബത്തിന് അഞ്ച്  ലക്ഷം രൂപ വീതം  ധനസഹായം പ്രഖ്യാപിച്ച് സർക്കാർ "
english_title: "The state government has announced financial assistance to the families of those who died in a road accident in Kottarakkara "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368137/the-state-government-has-announced-financial-assistance-to-the-families-of-those-who-died-in-a-road-accident-in-kottarakkara"
published_at: "2026-06-24T17:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b399b48d34_KOTTARAKKARA__ACCIDENT.jpg"
keywords: ["Kottarakkara road accident", "Financial assistance", "State government"]
---

# കൊട്ടാരക്കര ടിപ്പർ ലോറി അപകടം; മരിച്ചവരുടെ കുടുംബത്തിന് അഞ്ച്  ലക്ഷം രൂപ വീതം  ധനസഹായം പ്രഖ്യാപിച്ച് സർക്കാർ 

> **Lead Summary:** **തിരുവനന്തപുരം: **കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി പാഞ്ഞുകയറി ഉണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.

## Article Content

**തിരുവനന്തപുരം: **കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി പാഞ്ഞുകയറി ഉണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.

 വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചത്. പരിക്കേറ്റ് കഴിയുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭയുടേതാണ് തീരുമാനം.

കൊട്ടാരക്കരയ്ക്ക് സമീപം മുക്കോളിമുക്കിൽ ഇന്നലെ രാവിലെയായിരുന്നു അപകടം. അമ്പലപ്പുറം ഭാഗത്ത് നിന്നും മണ്ണ് കയറ്റി അമിത വേഗത്തിൽ വന്ന ലോറി കൊട്ടാരക്കര ഭാഗത്തേക്ക് തിരിയുന്നതിനിടെ ബുള്ളറ്റിൽ ഇടിച്ചു.

നിയന്ത്രണം നഷ്ടമായ വാഹനം ബസ് സ്റ്റോപ്പും തൊട്ടടുത്തെ മതിലും തകർത്ത് ആളുകളുടെ മുകളിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന മണ്ണും തകർന്ന ഷെഡിന്റെ കല്ലുകളും ആളുകളുടെ ദേഹത്ത് വീണു. മണ്ണിനടിയിൽപ്പെട്ടവരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ബസ് സ്റ്റോപ്പിൽ ആ സമയം വിദ്യാർത്ഥികൾ ഉൾപ്പെടെ 15 പേരുണ്ടായിരുന്നു. പലരും ഓടിമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368137/the-state-government-has-announced-financial-assistance-to-the-families-of-those-who-died-in-a-road-accident-in-kottarakkara)