---
title: "'തന്നെ കുട്ടിയായി ചിത്രീകരിച്ചവർക്ക് പേരാമ്പ്രയിലെ ജനങ്ങൾ നൽകിയ മറുപടിയാണിത്, അധികാരത്തിന്റെ അഹങ്കാരം വോട്ടർമാർ തിരിച്ചറിഞ്ഞു' "
english_title: "Voters have recognized the arrogance of power Fathima Thahliya"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368128/voters-have-recognized-the-arrogance-of-power-fathima-thahliya"
published_at: "2026-06-24T17:24:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3bc5f8ba4ae_FATHIMA.jpg"
keywords: ["Assembly", "CPM", "Perambra MLA", "Fathima Tahlia", "Perambra elections"]
---

# 'തന്നെ കുട്ടിയായി ചിത്രീകരിച്ചവർക്ക് പേരാമ്പ്രയിലെ ജനങ്ങൾ നൽകിയ മറുപടിയാണിത്, അധികാരത്തിന്റെ അഹങ്കാരം വോട്ടർമാർ തിരിച്ചറിഞ്ഞു' 

> **Lead Summary:** **തിരുവനന്തപുരം: **തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ താൻ നേരിട്ട അവഗണനകളെയും പരിഹാസങ്ങളെയും ഓർമ്മിപ്പിച്ചുകൊണ്ട് നിയമസഭയിൽ ഫാത്തിമ തഹ്‍ലിയയുടെ കന്നി പ്രസംഗം. തന്നെ കുട്ടിയായി ചിത്രീകരിച്ചവർക്ക് പേരാമ്പ്രയിലെ ജനങ്ങൾ നൽകിയ മറുപടിയാണ് തന്റെ വിജയമെന്നും അവർ ചൂണ്ടിക്കാട്ടി.

## Article Content

**തിരുവനന്തപുരം: **തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ താൻ നേരിട്ട അവഗണനകളെയും പരിഹാസങ്ങളെയും ഓർമ്മിപ്പിച്ചുകൊണ്ട് നിയമസഭയിൽ ഫാത്തിമ തഹ്‍ലിയയുടെ കന്നി പ്രസംഗം. തന്നെ കുട്ടിയായി ചിത്രീകരിച്ചവർക്ക് പേരാമ്പ്രയിലെ ജനങ്ങൾ നൽകിയ മറുപടിയാണ് തന്റെ വിജയമെന്നും അവർ ചൂണ്ടിക്കാട്ടി.

അധികാരത്തിന്റെ അഹങ്കാരത്തോടെ പെരുമാറുന്ന ഭരണാധികാരികൾക്കുള്ള കൃത്യമായ താക്കീതാണ് കേരളത്തിലെ വോട്ടർമാർ നൽകിയത്. സെൽഫി എടുക്കാൻ വരുന്ന ചെറുപ്പക്കാരെ തട്ടിയോടിക്കുന്ന മുഖ്യമന്ത്രിയെ പ്രതിപക്ഷത്തിരുത്തി ആ കസേരയിൽ ഒരു പൂക്കി മുഖ്യമന്ത്രിയെ കൊണ്ടുവന്ന ഡിജിറ്റൽ സാക്ഷരതയുടെ മനുഷ്യരാണ് നമ്മുടെ നാട്ടിലുള്ളത്.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഇടതുപക്ഷം തന്നെ ‘കുട്ടി’ എന്ന് വിളിച്ച് പരിഹസിച്ചതും, ഫ്യൂഡൽ മാടമ്പിത്തരത്തോടെയുള്ള അവരുടെ പെരുമാറ്റവും ഫാത്തിമ തഹ്‍ലിയ സഭയിൽ അക്കമിട്ട് നിരത്തി. ‘എതിരാളികളെ കുട്ടിയായി ചിത്രീകരിച്ച് പുച്ഛിക്കുന്നതാണ് സി.പി.എം ശൈലി. എന്നാൽ, അധികാരത്തിന്റെ തണലിൽ ആരെയും തട്ടിമാറ്റാമെന്ന് കരുതുന്നവർക്കുള്ള മറുപടിയാണ് പേരാമ്പ്രയിലെ ജനങ്ങൾ നൽകിയത്.

കേവലം സെൽഫി വിവാദത്തിൽ മാത്രമല്ല, ഭരണത്തിന്റെ ഒരോ ഘട്ടത്തിലും ജനങ്ങളെ അവഗണിക്കുന്ന പിണറായിയുടെ രീതിക്കെതിരെ ശക്തമായ വിമർശനമാണ് അവർ ഉന്നയിച്ചത്. വിവര സാങ്കേതികവിദ്യയുടെ കാലത്ത്, കാര്യങ്ങൾ വേഗത്തിൽ ഗ്രഹിക്കാനും തെറ്റായ ഭരണശൈലികൾക്കെതിരെ ശബ്ദിക്കാനും കേരളത്തിലെ പൊതുസമൂഹത്തിന് കഴിയുമെന്നും, ഇത്തരമൊരു സമൂഹം ഭരണാധികാരികളുടെ ധാർഷ്ട്യത്തെ വോട്ടിലൂടെ തിരുത്തുമെന്നും അവർ ഓർമിപ്പിച്ചു.

കഴിഞ്ഞ പത്തുവർഷത്തെ പിണറായി വിജയൻ ഭരണത്തെ ‘ഭരണപരമായ അനാഥത്വം’ എന്നാണ് തഹ്‍ലിയ വിശേഷിപ്പിച്ചത്. ദുരന്തമുഖങ്ങളിൽനിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയല്ല, മറിച്ച് ജനങ്ങളെ ചേർത്തുപിടിക്കുന്ന ഉമ്മൻചാണ്ടിയെപ്പോലെയുള്ള നേതാക്കളുടെ രാഷ്ട്രീയമാണ് നാടിന് ആവശ്യമെന്നും അവർ വ്യക്തമാക്കി. സൈബർ ഇടങ്ങളിൽ പോലും ഭരണകൂടത്തിന്റെ വീഴ്ചകളെക്കുറിച്ച് ജനങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുകയാണെന്നും, ഭരണമാറ്റത്തിന്റെ അനിവാര്യതയാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368128/voters-have-recognized-the-arrogance-of-power-fathima-thahliya)