---
title: "യാത്രക്കാർക്ക് വൻ തിരിച്ചടി; ഇന്ധന പ്രതിസന്ധിയെത്തുടർന്ന് വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടാൻ കമ്പനികൾ"
english_title: "Aviation fuel shortage, Flight ticket price hike, New Delhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368112/aviation-fuel-shortage-flight-ticket-price-hike-new-delhi"
published_at: "2026-06-24T16:34:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3bbb002fa53_Aviation_fuel_shortage,_Flight_ticket_price_hike,_New_Delhi.jpg"
keywords: ["Latest News", "Flight Ticket Price Hike", "Fuel Shortage", "Aviation", "New Delhi"]
---

# യാത്രക്കാർക്ക് വൻ തിരിച്ചടി; ഇന്ധന പ്രതിസന്ധിയെത്തുടർന്ന് വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടാൻ കമ്പനികൾ

> **Lead Summary:** ന്യൂഡൽഹി: വർദ്ധിച്ചുവരുന്ന ആഗോള സംഘർഷങ്ങളും റിഫൈനറികളിലെ (എണ്ണശുദ്ധീകരണ ശാലകൾ) ഉൽപ്പാദന നിയന്ത്രണങ്ങളും കാരണം അന്താരാഷ്ട്ര വിപണിയിൽ വിമാന ഇന്ധന വിതരണത്തിൽ വൻ കുറവ് രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. പ്രമുഖ ആഗോള കൺസൾട്ടൻസി സ്ഥാപനമായ മക്കിൻസി പുറത്തുവിട്ട പുതിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

## Article Content

ന്യൂഡൽഹി: വർദ്ധിച്ചുവരുന്ന ആഗോള സംഘർഷങ്ങളും റിഫൈനറികളിലെ (എണ്ണശുദ്ധീകരണ ശാലകൾ) ഉൽപ്പാദന നിയന്ത്രണങ്ങളും കാരണം അന്താരാഷ്ട്ര വിപണിയിൽ വിമാന ഇന്ധന വിതരണത്തിൽ വൻ കുറവ് രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. പ്രമുഖ ആഗോള കൺസൾട്ടൻസി സ്ഥാപനമായ മക്കിൻസി പുറത്തുവിട്ട പുതിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇന്ധനലഭ്യതയിലുണ്ടായ ഈ കുറവ് വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവ് കുത്തനെ കൂട്ടുമെന്നാണ് വിലയിരുത്തൽ. ഇതേത്തുടർന്ന് വരും ദിവസങ്ങളിൽ വിമാന ടിക്കറ്റ് നിരക്കുകളിൽ 20 മുതൽ 25 ശതമാനം വരെ വർദ്ധനവുണ്ടായേക്കുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ്.

വേനൽക്കാല യാത്രാ സീസൺ അടുത്തിരിക്കെ വിമാന ഇന്ധനത്തിനുള്ള ആവശ്യം വർദ്ധിച്ചിട്ടുണ്ടെങ്കിലും, നിലവിൽ സ്റ്റോക്കുകൾ വളരെ കുറവാണ്. അസംസ്‌കൃത എണ്ണവിലയിലുണ്ടായ വർദ്ധനവിന് പുറമെ, ആഗോളതലത്തിൽ 40 ശതമാനത്തോളം വിമാന ഇന്ധനം കയറ്റുമതി ചെയ്യുന്ന ഗൾഫ് മേഖലയിലെയും ഏഷ്യയിലെയും പ്രധാന രാജ്യങ്ങളിൽ ഉൽപ്പാദനം കുറഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

ഹോർമുസ് കടലിടുക്കിലൂടെയുള്ള ടാങ്കർ ഗതാഗതം വർദ്ധിച്ചാൽ വിലക്കയറ്റത്തിന് താൽക്കാലിക ആശ്വാസമുണ്ടായേക്കാം. എങ്കിലും ഇന്ധന ശേഖരം പൂർവ്വസ്ഥിതിയിലാകാനും വിതരണ ശൃംഖല സാധാരണ നിലയിലാകാനും സമയമെടുക്കുമെന്നതിനാൽ വിമാന ഇന്ധനവില വരും മാസങ്ങളിലും അസ്ഥിരമായി തുടരാനാണ് സാധ്യത.

ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങൾ ഭൗമരാഷ്ട്രീയ സംഘർഷങ്ങളെ തുടർന്ന് ഇന്ധന കയറ്റുമതിയിൽ ഭാഗികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പല ആഗോള റിഫൈനറികളും ഇതിനകം തന്നെ അവയുടെ പരമാവധി ശേഷിയിലാണ് പ്രവർത്തിക്കുന്നത്.

അതിനാൽ ഉൽപ്പാദനം ഇനിയും ഉയർത്താൻ അവയ്ക്ക് പരിമിതികളുണ്ട്. നിലവിൽ ലഭ്യമായ പഴയ സ്റ്റോക്ക് ഉപയോഗിച്ചാണ് വിപണിയിലെ കുറവ് നികത്തുന്നത്.

ഒരു വിമാന ടിക്കറ്റ് നിരക്കിന്റെ ഏതാണ്ട് 30 ശതമാനവും ഇന്ധനച്ചെലവിലേക്കാണ് പോകുന്നത്. ഇന്ധനവില ഇരട്ടിയായാൽ അതിന്റെ ഭാരം യാത്രക്കാരുടെ തലയിലാകും വരിക. ഇത് വിമാന ടിക്കറ്റ് നിരക്കുകളിൽ വലിയ വർദ്ധനവിന് കാരണമാകുമെന്ന് മക്കിൻസി റിപ്പോർട്ട് വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368112/aviation-fuel-shortage-flight-ticket-price-hike-new-delhi)